ad
Deshabhimani

print edition കടങ്കഥയല്ല, ഇതാണ് ബ്രസീൽ

Brazil.jpg
വെബ് ഡെസ്ക്

Published on Jun 30, 2026, 02:01 AM | 1 min read

ഹൂസ്‌റ്റൺ: ഒന്നു പിടഞ്ഞു. പിന്നെ ഉയിർത്തൊരു മഹാപർവതമായി. എഴുപതിനായിരം കാണികൾ നിറഞ്ഞ ഹൂസ്‌റ്റണിലെ സ്‌റ്റേഡിയം ഇരമ്പിയാർത്തു.. ബ്രസീൽ.. ബ്രസീൽ.. കണ്ണും കാതും കരളും നിറച്ചൊരു ത്രില്ലറിൽ ലോക ചാമ്പ്യന്മാരെപ്പോലെ ബ്രസീൽ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ കുതിച്ചെത്തി.


ഒന്നിനെതിരെ രണ്ട്‌ ഗോളിന്‌ പൊരുതിത്തോറ്റ ജാപ്പനീസ്‌ സംഘം ആരാധകരുടെ നെഞ്ചിലെ വേദനയായിപ്പടർന്നു. പക്ഷേ, ‘സാമുറായ്‌ കൂട്ടം’ മടങ്ങുന്നത്‌ തല ഉയർത്തിയാണ്‌. പ്രീ ക്വാർട്ടറിൽ നോർവെയോ ഐവറികോസ്റ്റോ ആയിരിക്കും ബ്രസീലിന്റെ എതിരാളി.


ജപ്പാൻ കളം ഭരിച്ച ആദ്യ പകുതിയുടെ 29–ാം മിനിറ്റിൽ ഗോളടിച്ച്‌ കയ്‌ഷു സാനോ ലോകത്തെ ഞെട്ടിച്ചു. ഇടവേളയ്‌ക്കുശേഷം സുവർണകാലത്തെ ഓർമിപ്പിച്ച്‌ പന്തു തട്ടിയ ബ്രസീൽ കാസെമിറോയുടെ തലകൊണ്ട്‌ സമനില പിടിച്ചു. പരിക്ക്‌സമയത്ത്‌ പകരക്കാരൻ ഗബ്രിയേൽ മാർട്ടിനെല്ലി വിജയഗോൾ കുറിച്ചതോടെ മഞ്ഞക്കടലിളകി.


റ‍ൗണ്ട്‌ ഓഫ്‌ 32ൽ ദക്ഷിണാഫ്രിക്കയെ ഒരു ഗോളിന്‌ തോൽപ്പിച്ച് കാനഡ പ്രീ ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി. വിജയഗോൾ സ്റ്റീഫൻ എസ്‌റ്റാക്വിയോ നേടി. കാനഡ ആദ്യമായാണ്‌ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കുന്നത്‌. ഇതിനുമുന്പ്‌ രണ്ട്‌ തവണ യോഗ്യത നേടിയപ്പോഴും ഒരു ജയം പോലും കുറിക്കാനായിരുന്നില്ല.


ചൊവ്വാഴ്‌ച നോക്ക‍ൗട്ടിൽ യൂറോപ്യൻ കരുത്തരായ നോർവെ ആഫ്രിക്കൻ സംഘം ഐവറികോസ്റ്റിനെ നേരിടും. രാത്രി 10.30നാണ്‌ കളി. ബുധനാഴ്‌ച പുലർച്ചെ 2.30ന്‌ മുൻ ചാന്പ്യൻമാരായ ഫ്രാൻസ്‌ സ്വീഡനുമായി കളിക്കും. രാവിലെ 6.30ന് ഇക്വഡോർ മെക്-സിക്കോയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home