ഇംഗ്ലണ്ട് ജഴ്‌സിയിൽ ബെല്ലിങ്ഹാം സഹോദരങ്ങൾ ഒരുമിച്ച്; ജൂഡിനൊപ്പം ജോബും

ജൂഡ് (ഇടത് ) ജോബ് (വലത്)| Photo: GettyImages
ലണ്ടൻ : ഒരേ സ്വപ്നം, ഒരേ ജഴ്‌സി, ഇനി ഒരേ ടീമിലും! ഇംഗ്ലണ്ട് ഫുട്ബോൾ ടീമിൽ സഹോദരങ്ങളായ ജൂഡ് ബെല്ലിങ്ഹാമും ജോബ് ബെല്ലിങ്ഹാമും ഒരുമിച്ചെത്തുന്നു. 23കാരനായ ജൂഡിനൊപ്പം ഇളയ സഹോദരൻ ജോബിനെയും ഇംഗ്ലണ്ടിന്റെ സീനിയർ ടീമിലേക്ക് തെരഞ്ഞെടുത്തു.
നവംബറിലെ രാജ്യാന്തര മത്സരങ്ങൾക്കുള്ള ടീമിലാണ് 21കാരനായ ജോബിന് ആദ്യമായി ഇടം ലഭിച്ചത്. ഇരുവരും കളത്തിലിറങ്ങിയാൽ 19 വർഷത്തിനുശേഷം ഇംഗ്ലണ്ട് സീനിയർ ടീമിൽ ഒരുമിച്ച് കളിക്കുന്ന സഹോദരങ്ങളാകും.
ഇംഗ്ലണ്ട് ടീമിലെ സൂപ്പർതാരമാണ് ജൂഡ് ബെല്ലിങ്ഹാം. റയൽ മാഡ്രിഡിനായി കളിക്കുന്ന താരം ലോകത്തിലെ മികച്ച മധ്യനിര കളിക്കാരിലൊരാളാണ്. സഹോദരനെപ്പോലെ ബർമിങ്ഹാം സിറ്റിയുടെ അക്കാദമിയിലൂടെയാണ് ജോബിന്റെയും വളർച്ച. പിന്നീട് സണ്ടർലാ ൻഡിലെത്തിയ താരം ടീമിന്റെ പ്രീമിയർ ലീഗ് പ്രവേശനത്തിൽ നിർണായക പങ്കുവഹിച്ചു.
19-ാം വയസ്സിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിലെത്തിയ ജോബ് 31 ദശലക്ഷം പൗണ്ട് വരെ മൂല്യമുള്ള കരാറിലാണ് ക്ലബ്ബുമായി ചേർന്നത്. നിലവിൽ ഇംഗ്ലണ്ട് അണ്ടർ 21 ടീമിന്റെ ക്യാപ്റ്റനാണ്. ഈ സീസണിൽ ഡോർട്മുണ്ടിനായി 14 മത്സരങ്ങളിൽ കളിച്ചു.
ജൂഡിനെപ്പോലെ ശ്രദ്ധേയമായ കരിയറിലേക്കുള്ള യാത്രയിലാണ് ജോബും. എന്നാൽ സഹോദരനുമായുള്ള താരതമ്യങ്ങൾക്കിടയിലും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാനാണ് താരം ശ്രമിക്കുന്നത്. ജഴ്‌സിയിൽ കുടുംബപ്പേരായ ബെല്ലിങ്ഹാമിന് പകരം ജോബ് എന്നാണ് താരം ഉപയോഗിക്കുന്നത്. സ്വന്തം വഴിയിലൂടെ മുന്നേറുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ജോബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലും ജോബിന്റെ വരവിനെ വലിയ നേട്ടമായാണ് വിശേഷിപ്പിച്ചത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമാണെന്നും സഹോദരന്റെ സാന്നിധ്യം ടീമിനൊപ്പം ഇണങ്ങാൻ ജോബിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂഡിനെ അപേക്ഷിച്ച് പ്രതിരോധ ചുമതലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മധ്യനിര താരമാണ് ജോബ്. ശാരീരികക്ഷമതയും പന്ത് കൈവശംവെച്ച് കളിക്കാനുള്ള മികവും താരത്തിന്റെ പ്രത്യേകതകളാണ്.
നവംബർ 12ന് വെംബ്ലിയിൽ ക്രൊയേഷ്യയെയും നവംബർ 15ന് മാഡ്രിഡിൽ സ്പെയിനിനെയുമാണ് ഇംഗ്ലണ്ട് നേരിടുന്നത്. ഈ മത്സരങ്ങളിൽ ഇരുസഹോദരങ്ങൾക്കും ഒരുമിച്ച് കളത്തിലിറങ്ങാനായാൽ 2007നുശേഷം ഇംഗ്ലണ്ട് ജഴ്‌സിയിൽ ഒരുമിച്ച് കളിക്കുന്ന ആദ്യ സഹോദരങ്ങളാകും.
ഗാരി നെവിലും ഫിൽ നെവിലുമാണ് ഇതിനുമുമ്പ് ഇംഗ്ലണ്ടിനായി ഒരുമിച്ച് കളിച്ച അവസാന സഹോദരങ്ങൾ. 1996ൽ ചൈനയ്‌ക്കെതിരെയായിരുന്നു ഇരുവരുടെയും ആദ്യ സംയുക്ത മത്സരം. ബോബി ചാൾട്ടണും ജാക്ക് ചാൾട്ടണും 1966ലെ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിലും ഒരുമിച്ചുണ്ടായിരുന്നു.








0 comments