Deshabhimani

13 വർഷത്തെ ടെസ്റ്റ് കരിയറിന് വിരാമം; പന്തുകൊണ്ട് വിസ്മയം തീർത്ത മുഹമ്മദ് ഷമി

Shami

മുഹമ്മദ് ഷമി| Photo: ICC

വെബ് ഡെസ്ക്

Published on Nov 07, 2026, 11:46 AM | 2 min read

ന്യൂഡൽഹി : മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് 36കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2013ൽ ആരംഭിച്ച 13 വർഷത്തെ ടെസ്റ്റ് കരിയറിനാണ് ഇതോടെ അവസാനമായത്. 64 മത്സരങ്ങളിൽ ഇന്ത്യക്കായി പന്തെറിഞ്ഞ ഷമി 229 വിക്കറ്റുകൾ സ്വന്തമാക്കി. 27.71 ആണ് ബൗളിങ് ശരാശരി. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഒരു ഇന്നിങ്‌സിൽ 56 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഒരു മത്സരത്തിൽ 118 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റ് നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ടെസ്റ്റ് ജഴ്‌സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ഒരേയൊരു സ്വപ്നം മാത്രമായിരുന്നു മനസിലെന്ന് ഷമി എക്‌സിൽ കുറിച്ചു. അതിനുശേഷമുള്ള ഓരോ വിക്കറ്റും പോരാട്ടവും പരിക്കും തിരിച്ചുവരവും ഓരോ പാഠങ്ങളാണ് സമ്മാനിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കേവലം ഒരു ഫോർമാറ്റ് മാത്രമായിരുന്നില്ല, ജീവിതത്തിന്റെ ഏറെ സവിശേഷമായ ഭാഗമായിരുന്നുവെന്നും താരം വ്യക്തമാക്കി.


നിറഞ്ഞ മനസോടെയും മനോഹരമായ ഒട്ടേറെ ഓർമകളോടെയുമാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാനുള്ള തീരുമാനമെടുത്തത്. ഈ യാത്രയിൽ ഒപ്പം നിന്ന സഹതാരങ്ങൾക്കും പരിശീലകർക്കും കുടുംബാംഗങ്ങൾക്കും പ്രയാസകരമായ സമയങ്ങളിലുൾപ്പെടെ കൈവിടാതെ പിന്തുണച്ച ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഷമി നന്ദി അറിയിച്ചു.


2013 നവംബർ ആറിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി വരവറിയിച്ച ഷമി പിന്നീട് ഇന്ത്യൻ പേസ് നിരയിലെ വിശ്വസ്ത സാന്നിധ്യമായി. വേഗതയ്ക്കൊപ്പം സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും കണ്ടെത്താനുള്ള മികവ് ഷമിയെ മികച്ച പേസർമാരുടെ നിരയിലെത്തിച്ചു.


2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബർഗിൽ രണ്ടാം ഇന്നിങ്‌സിൽ 28 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനം കരിയറിലെ മികച്ച നേട്ടങ്ങളിലൊന്നാണ്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഓവലിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ നേടി.


2023 ഏകദിന ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകളുമായി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതെത്തിയിരുന്നു. ലോകകപ്പിനുശേഷം പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി 2025 ജനുവരിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിലും നിർണായക പങ്കുവഹിച്ചു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിൽനിന്ന് ഒമ്പത് വിക്കറ്റുകൾ നേടി.


ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളി തുടരുന്ന താരം 2025–26 രഞ്ജി ട്രോഫി സീസണിൽ ഏഴ് മത്സരങ്ങളിൽനിന്ന് 37 വിക്കറ്റുകളും 2026–27 സീസണിൽ നാല് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സമീപകാലത്തെ മികച്ച പ്രകടനങ്ങൾക്കിടയിലും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിരമിക്കൽ പ്രഖ്യാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home