Deshabhimani

'വിദ്യാർഥികൾ എന്തിന് മാപ്പ് പറയണം, വിസിയുടേത് സ്വേച്ഛാധിപത്യം'; കാലടിയില്‍ ഐക്യദാര്‍ഢ്യവുമായി പ്രകാശ് രാജ്

kaladi
വെബ് ഡെസ്ക്

Published on Nov 07, 2026, 11:35 AM | 1 min read

കാലടി: കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി. ശനിയാഴ്ച രാവിലെ 11 മണിക്കാണ് അദ്ദേഹം വിദ്യാർഥികളെ സന്ദർശിക്കാനെത്തിയത്. വൈസ് ചാൻസലർ സിസ തോമസിന്റെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെയുള്ള വിദ്യാർഥികളുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.


ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം തുടങ്ങിവരും സമരപ്പന്തലിലുണ്ട്. സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷയെഴുതാനുള്ള അവസരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് വിദ്യാർഥികൾ സർവകലാശാലാ കവാടത്തിൽ നിരാഹാരസമരം തുടരുന്നതിനിടെയാണ് പ്രകാശ് രാജിന്റെ സന്ദർശനം.


കാവിവൽക്കരണത്തിനെക്കാളുപരി സ്വേച്ഛാധിപത്യമാണ് സിസ തോമസ് നടത്തുന്നതെന്ന് പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർഥികൾ എന്തിന് മാപ്പ് പറയണമെന്ന് പ്രകാശ് രാജ് ചോദിച്ചു. ചോദ്യങ്ങൾ ചോദിച്ചും സമരങ്ങൾ ചെയ്തും തന്നെയാണ് രാജ്യത്തെ ജനാധിപത്യം നിലനിൽക്കുന്നതെന്നും യുവാക്കളുടെ ചോദ്യങ്ങൾക്ക് അധികാരികൾ മറുപടി നൽകുകയാണ് വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.


വിദ്യാർഥി സമരത്തെ പിന്തുണയ്ക്കാത്ത വിദ്യാഭ്യാസ മന്ത്രിയെയും അ​ദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്തുകൊണ്ടാണ് വിദ്യാർഥികൾക്കൊപ്പം നിൽക്കാതെ സർവകലാശാല വിസിക്കൊപ്പം നിൽക്കുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു.


സസ്പെൻഷനിലായ പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അർച്ചന എന്നിവരാണ് നിരാഹാരസമരം നടത്തുന്നത്. നവംബർ രണ്ടിന് ചേർന്ന സിൻഡിക്കറ്റ് യോഗം 12 വിദ്യാർഥികളെ മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസംകൂടി നീട്ടാമെന്നുമാണ് തീരുമാനിച്ചത്. എന്നാൽ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവാണ് നിരാഹാരസമരം ഉദ്ഘാടനം ചെയ്തത്. വിദ്യാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് എസ്എഫ്ഐയുടെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home