'സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലി'; കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മഹാനടൻ കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലിയാണ് കമൽ ഹാസനെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ആശംസിച്ചു.
വെള്ളിത്തിരയിലെ തിളക്കത്തിൽ ഒതുങ്ങാതെ മതനിരപേക്ഷതയിലും മാനവികതയിലും പുരോഗമന ചിന്തകളിലും ഉറച്ചുനിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന് കരുത്തു പകരുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് ഓർമ്മിപ്പിച്ചു. അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിങ്ങനെ ചലച്ചിത്ര കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അദ്ദേഹം കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും പ്രത്യേക സ്നേഹവും ആത്മബന്ധവും പുലർത്തുകയും ചെയ്യുന്ന ആളാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
"പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പുലരട്ടെ. സിനിമയ്ക്കും നാടിനും മികവുറ്റ സംഭാവനകൾ നൽകാൻ തുടർന്നും സാധിക്കട്ടെ," എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും അതിരുകൾ ഭേദിച്ച് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ തൻ്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭാശാലിയാണ് കമൽ ഹാസൻ. അഭിനയത്തിൽ തുടങ്ങി, പിന്നീട് തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിങ്ങനെ ചലച്ചിത്ര കലയുടെ വിവിധ തലങ്ങളിൽ അദ്ദേഹം തൻ്റെ മികവ് തെളിയിച്ചു.
വെള്ളിത്തിരയിലെ തിളക്കത്തിൽ ഒതുങ്ങാൻ കൂട്ടാക്കാത്ത രാഷ്ട്രീയ വ്യക്തിത്വം കൂടിയാണ് കമൽ ഹാസൻ. മതനിരപേക്ഷതയിലും മാനവികതയിലും പുരോഗമന ചിന്തകളിലും ഉറച്ചുനിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന് കരുത്തു പകരുന്ന അദ്ദേഹം, കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും ഈ നാടിനോട് പ്രത്യേക സ്നേഹവും ആത്മബന്ധവും പുലർത്തുകയും ചെയ്യുന്നു.
പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പുലരട്ടെ. സിനിമയ്ക്കും നാടിനും മികവുറ്റ സംഭാവനകൾ നൽകാൻ തുടർന്നും സാധിക്കട്ടെ.








0 comments