'ജന്തർ മന്തർ കൊച്ചിയിൽ'; അഭിജിത് ദീപ്കെയും പ്രകാശ് രാജും പങ്കെടുക്കും

കൊച്ചി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ. സിജെപി സ്ഥാപകനേതാവ് അഭിജിത് ദീപ്കെയും നടനും സാമൂഹികപ്രവർത്തകനുമായ പ്രകാശ് രാജും പങ്കെടുക്കും.
ജന്തർ മന്തറിൽ പ്രതിഷേധിക്കാനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് രഹ്യമാകെ ജന്തർ മന്തരായി മാറും എന്നാഹ്വാനം ചെയ്താണ് 'ജന്തർ മന്തർ കൊച്ചിയിൽ' എന്നപേരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സിജെപി സൗത്ത് സോൺ ലീഡ് വിജയ് മല്ലംഗി, നാഷണൽ സെക്രട്ടറി ആഫ്രീൻ നവാസ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും. ജന്തർ മന്തർ സമരത്തിനെത്തിയ സിജെപി നേതാക്കളെ കൊച്ചിയിൽ അറസ്റ്റ് ചെയ്തതിനുശേഷമുള്ള ആദ്യ പ്രതിഷേധപരിപാടിയാണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത്. വൈകിട്ട് നാലിന് രാജേന്ദ്ര മൈതാനത്താണ് പ്രതിഷേധം.
‘ഇന്ത്യ’ കൂട്ടായ്മ നവംബർ 1ന് ഡൽഹിയിൽ നടത്തിയ ജനകീയ പ്രതിഷേധത്തിനും സിജെപി പിന്തുണ അർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ വോട്ടർമാർ ഇനിയും നീക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സിജെപി ചൂണ്ടിക്കാട്ടിയിരുന്നു. എസ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിനിരന്നത്.








0 comments