ആനക്കുട്ടിക്ക് എയർലിഫ്‌റ്റ്; ഗുജറാത്തിൽ വിദഗ്‌ധ ചികിത്സ

പെരുമ്പാവൂർ: ഗുരുതരരോഗം ബാധിച്ച് ദയാവധം കാത്തുകിടന്ന ‘മായ’ എന്ന ആനക്കുട്ടിക്ക്, ചികിത്സക്കായി ഗുജറാത്ത് ജാംനഗർ വൻതാരയിലേക്ക് എയർലിഫ്‌റ്റ്. കോടനാട് കപ്രിക്കാട്ടെ ആന പുനരധിവാസ കേന്ദ്രമായ അഭയാരണ്യത്തിലെ ഒന്നരവയസ് മാത്രമുള്ള കുട്ടിയാനയെയാണ് ചാർട്ട് ചെയ്ത വിമാനത്തിൽ വൻതാരയിലേക്ക് കൊണ്ടുപോയത്.
തോളെല്ലിനേറ്റ ഗുരുതരപരിക്ക് പരിശോധിച്ചപ്പോൾ എല്ലിന് പൊട്ടൽ കണ്ടെത്തിയിരുന്നു. വിദഗ്‌ധ പരിശോധനയിൽ ‘ഓസ്‌ടിയോപ്പീനിയ’ ജനിതക രോഗവും സ്ഥിരീകരിച്ചു. എല്ലുകൾ ഒടിയുന്ന രോഗമായതിനാൽ ചികിത്സ ദുഷ്കരമായിരുന്നു. ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി വിധിച്ച ദയാവധം കാത്തുകിടക്കുമ്പോഴാണ് അവസാന ശ്രമമെന്ന നിലയയിൽ വൻതാരയിലേക്ക് വാതിൽ തുറന്നത്.
ചികിത്സക്കായി കേരളത്തിലും പുറത്തുമുള്ള വിദഗ്ധ ഡോക്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു. ആറുമാസത്തെ വിദഗ്ധ ചികിത്സയിലൂടെ മായയെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സാധ്യത തെളിഞ്ഞു. വനംവകുപ്പ് അധികൃതർ വൻതാരയുമായി ബന്ധപ്പെട്ടാണ് ചികിത്സ ഉറപ്പാക്കിയത്.
വെള്ളി രാവിലെ ഒൻപതോടെ അഭയാരണ്യത്തിൽ നിന്ന് ആനിമൽ ആംബുലൻസിൽ മായയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. 125 കിലോയുള്ള കുട്ടിയാനയെ കസ്റ്റംസ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയാണ് വിമാനത്തിൽ കൊണ്ടുപോയത്. മായ അഭയാരണ്യത്തിലെത്തിയതുമുതൽ പരിപാലിച്ചിരുന്ന പാപ്പാനും ഡോക്ടറും ഒപ്പമുണ്ട്.
റിലയൻസിന്റെ കീഴിലുള്ള വൻതാര ചികിത്സ വാഗ്ദാനം ചെയ്‌തപ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മായയെ കൈമാറാൻ തീരുമാനിച്ചത്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയാണെന്ന് വിദഗ്ധ പരിശോധനയിലൂടെ ഉറപ്പിച്ചു. ഹോർമോൺ തെറാപ്പിയും ഹൈഡ്രോതെറാപ്പിയും പോലുള്ള ആധുനിക ചികിത്സകളാണ് ഒരുക്കിയിട്ടുള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.
ആറുമാസത്തെ ചികിത്സകൊണ്ട് അസുഖം ഭേദമാക്കി തിരികെ അഭയാരണ്യത്തിൽ എത്തിക്കാനാണ് വനപാലകർ ആഗ്രഹിക്കുന്നത്. കഴിഞ്ഞവർഷം ദുഃഖ വെള്ളി ദിനത്തിലാണ് അമ്മയാന ഉപേക്ഷിച്ച് കാട്ടാനക്കൂട്ടത്തിൽനിന്നും ഒറ്റപ്പെട്ടനിലയിൽ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുട്ടിയാനയെ വനപാലകർക്ക് ലഭിക്കുന്നത്. അന്നുമുതൽ അഭയാരണ്യത്തിൽ എത്തിച്ച് ചികിത്സയും ഭക്ഷണവും നൽകി പരിപാലിക്കുകയായിരുന്നു. അഭയാരണ്യത്തിൽ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തിലാണ് പരിപാലിച്ചിരുന്നത്.








0 comments