ad
Deshabhimani

print edition തീർന്നു അമേരിക്ക; ബൽജിയത്തോട് കനത്ത തോൽവി

belgium football players

ബൽജിയം താരങ്ങളുടെ ആഘോഷം

വെബ് ഡെസ്ക്

Published on Jul 08, 2026, 03:38 AM | 1 min read

സിയാറ്റിൽ: അമേരിക്കയുടെ ലോകകപ്പ്‌ മോഹത്തെ ബൽജിയം കശക്കിയെറിഞ്ഞു. 4–1 ജയത്തോടെ ബൽജിയം ലോകകപ്പ്‌ ഫുട്‌ബോളിന്റെ ക്വാർട്ടറിലേക്ക്‌ മുന്നേറി. 1990നുശേഷമുള്ള കനത്ത തോൽവിയാണ്‌ അമേരിക്കയ്‌ക്ക്‌. പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഇടപെടലിൽ ഫൊളാരിൻ ബലോഗന്റെ ചുവപ്പുകാർഡ്‌ റദ്ദായിട്ടും കളത്തിൽ അമേരിക്കയ്‌ക്ക്‌ ഗുണമൊന്നുമുണ്ടായില്ല. പൊട്ടിപ്പൊളിഞ്ഞ പ്രതിരോധത്തെ ബൽജിയം പല തവണ ശിക്ഷിച്ചു.


ഇക്കുറി കിരീടമെന്ന ലക്ഷ്യവുമായാണ്‌ അമേരിക്ക പന്ത്‌ തട്ടിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ പ്രകടനം അവർക്ക്‌ ആത്മവിശ്വാസം നൽകുകയും ചെയ്‌തു. പക്ഷേ, സിയാറ്റിലിൽ സ്വന്തം ആരാധകർക്ക്‌ മുന്നിൽ അമേരിക്കൻനിര തകർന്നടിഞ്ഞു. കളിക്കുമുന്പെ ബലോഗന്റെ ചുവപ്പുകാർഡ്‌ റദ്ദാക്കിയതിനെ തുടർന്നുണ്ടായ വിവാദം പ്രീ ക്വാർട്ടർ പോരിന്റെ ശോഭ കെടുത്തി. ലോകം മുഴുവൻ അമേരിക്കയ്‌ക്കെതിരെ നിൽക്കുന്നുവെന്ന പ്രതീതി മത്സരത്തിനുണ്ടായി. ‘ലോകം ഞങ്ങൾക്കൊപ്പമായിരുന്നു’വെന്നാണ്‌ ബൽജിയം പ്രതിരോധക്കാരൻ തിമോത്തി കസ്‌റ്റാന്യെ പ്രതികരിച്ചത്‌. കളിയിൽ ബലോഗന്‌ തിളങ്ങാനുമായില്ല. ലോകകപ്പിൽ മൂന്ന്‌ ഗോളാണ്‌ മുന്നേറ്റക്കാരൻ നേടിയത്‌.


കളി തുടങ്ങി പത്ത്‌ മിനിറ്റിൽ ബൽജിയം മുന്നിലെത്തി. ചാൾസ്‌ ഡി കെറ്റാലെറയുടെ ഇരട്ടഗോളിൽ അമേരിക്ക പതറിപ്പോയി. രണ്ട്‌ ഗോളും പ്രതിരോധപ്പിഴവിൽനിന്നായിരുന്നു. ആദ്യഗോളിന്‌ മാലിക്‌ ടിൽമാന്റെ ഫ്രീകിക്കിലൂടെ അമേരിക്കയുടെ മറുപടി വന്നെങ്കിലും കെറ്റാലെറയുടെ രണ്ടാംഗോളിൽ പ്രതീക്ഷ അവസാനിച്ചു.


അമേരിക്കൻ ഗോൾകീപ്പർ മാറ്റ്‌ ഫ്രീസിന്റെ അബദ്ധത്തിൽനിന്നായിരുന്നു മൂന്നാംഗോൾ. പന്ത്‌ തടയാനായി ബോക്‌സ്‌ വിട്ടിറങ്ങിയ ഫ്രീസിന്‌ അബദ്ധം പറ്റി. പന്ത്‌ നിയന്ത്രിക്കുന്നതിനിടെ കെറ്റാലെറയുടെ കാലിലാണ്‌ കിട്ടിയത്‌. മുന്നിലുള്ള ഹാൻസ്‌ വനാക്കെന്‌ കൈമാറി. ബൽജിയം മധ്യനിരക്കാരൻ അടിതൊടുക്കുന്പോൾ അമേരിക്കൻ ഗോൾമുഖം ഒഴിഞ്ഞുകിടന്നു. പകരക്കാരനായെത്തിയ റൊമേലു ലുക്കാക്കു പട്ടിക പൂർത്തിയാക്കി.


തോൽവി അമേരിക്കൻ പരിശീലകൻ മ‍ൗറീസിയോ പൊച്ചെട്ടീനോയുടെ ഭാവി ആശങ്കയിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home