print edition കാലിക്കറ്റിന് അർജന്റീനയുടെ വിജയക്കൂട്ട്


അജിൻ ജി രാജ്
Published on Nov 19, 2026, 06:23 AM | 2 min read
കോഴിക്കോട്: ലയണൽ മെസിയുടെ നാട്ടിൽനിന്നെത്തി കോഴിക്കോടിന്റെ പ്രിയപ്പെട്ട ആശാനായി മാറിയിരിക്കുകയാണ് എവെർ ഡെമാൽഡെ. സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ കാലിക്കറ്റ് എഫ്‌സിയുടെ ചുമതലയിൽ തുടർച്ചയായ രണ്ടാം വർഷമാണ്. കഴിഞ്ഞ തവണ സെമിയിൽ കാലിടറിയെങ്കിലും ഇത്തവണ ഒട്ടും തളർച്ചയില്ല. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്നവർക്ക് നൽകുന്ന ഷീൽഡ് രണ്ട് മത്സരം ശേഷിക്കെ സ്വന്തമാക്കി. എട്ട് മത്സരത്തിൽ ഏഴും ജയിച്ച് 20 പോയിന്റാണ്.
സർവാധിപത്യവുമായി മുന്നേറുന്ന കാലിക്കറ്റിന്റെ വിജയക്കൂട്ട് ഒരുക്കുന്നത് അർജന്റീനക്കാരൻ ഡെമാൽഡെയാണ്. വിദേശ–ആഭ്യന്തര താരങ്ങളെ കൃത്യമായി ഉപയോഗിച്ച് വ്യക്തമായ കളിശൈലിയുമായി മുപ്പത്തൊമ്പതുകാരൻ ടീമിനെ അജയ്യരാക്കി മാറ്റി. കൗമാര താരങ്ങൾക്ക് അവസരം മാറിനൽകി പരിചയസമ്പന്നരാക്കുന്നതിലും യുവപരിശീലകന് പ്രത്യേക മിടുക്കാണ്. എസ്‌എൽകെ പ്രഥമ ഷീൽഡ് ചാമ്പ്യൻമാരായതിന് പിന്നാലെ ഡെമാൽഡെ മനസ്സുതുറക്കുന്നു.
കാലിക്കറ്റ് കുടുംബം
കാലിക്കറ്റെന്നാൽ എനിക്ക് കുടുംബത്തെ പോലെയാണ്. അതിനാലാണ് തുടർച്ചയായ രണ്ടാം വർഷവും ഇവിടെ എത്തിയത്. ഷീൽഡ് ചാമ്പ്യൻമാരായത് കൂട്ടായ്‌മയുടെ വിജയമാണ്. ഇൗ നേട്ടങ്ങളെല്ലാം ഒരാളുടേതല്ല. ഞങ്ങൾ ടീമായി ഒന്നിച്ച് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചതിന്റെ ഫലമാണ്. അതിൽ സന്തോഷമുണ്ട്.
അത് കഠിനം
മികച്ച വിദേശ–ആഭ്യന്തര താരങ്ങൾ ടീമിലുണ്ട്. ആരെ ഇറക്കണമെന്നത് വിഷമം പിടിച്ച കാര്യമാണ്. 11 പേർക്കേ കളിക്കാനാകു എന്നതാണ് സത്യം. മിക്കപ്പോഴും നന്നായി കളിക്കുന്നവരെയും പുറത്തിരുത്തണം. അവരെല്ലാം പ്രഫഷണലുകളായതിനാൽ കാര്യം മനസ്സിലാകും. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ഇത്തവണ ലീഗിന്റെ നിലവാരം കൂടിയിട്ടുണ്ട്. എല്ലാ ടീമും ഒന്നിനൊന്ന് മെച്ചമാണ്. അതിനാൽ എളുപ്പമല്ല ജയിക്കാൻ.
ലീഗ് ഒരു വർഷമാകട്ടെ
കേരളത്തിലെയും ഇന്ത്യയിലെയും ഫുട്‌ബോൾ വികസിക്കാൻ ആദ്യം ചെയ്യേണ്ടത് ലീഗുകളുടെ കാലാവധി നീട്ടുക എന്നതാണ്. എസ്‌എൽകെ ഒരു വർഷത്തോളം നീളുന്ന ലീഗായി മാറ്റിയാൽ അതിന്റെ സ്വാധീനം വളരെ വലുതാകും. ഇവിടെ നല്ല ഭാവിയുള്ള കൗമാര താരങ്ങളുണ്ട്. അവർ ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്‌താൽ ലോകനിലവാരത്തിലെത്താം. ഇന്ന് ലോകഫുട്‌ബോളിലെ സൂപ്പർതാരങ്ങളെല്ലാം അത്തരത്തിൽ വിയർപ്പൊഴുക്കിയവരാണ്.
ഇനിയും പിറക്കും മെസി
ലയണൽ മെസി വിരമിച്ചത് അർജന്റീനയ്‌ക്ക് വലിയ ആഘാതമുണ്ടാക്കും. ലോകത്തിലെ മികച്ച താരത്തിന് പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ അർജന്റീന പോലൊരു രാജ്യത്ത് മെസിയെ പോലുള്ള കളിക്കാർ ഇനിയും പിറക്കും.








0 comments