വീണ്ടും സ്‌പാനിഷ് മുത്തം

നിധിൻ രാജു
Published on Jul 20, 2026, 08:55 AM | 3 min read
"ഫുട്ബോൾ എന്നത് ഒരുകൂട്ടം ആളുകൾ പന്തിന് പുറകെ ഓടുന്ന കളിയല്ല, അത് മൈതാനത്ത് വിരിയുന്ന ജീവസ്സുറ്റ കലയാണ്.’ ആ കലയിൽ ഏറ്റവും മികച്ച കലാകാരന്മാർ പിക്കാസോയുടെ നാട്ടുകാരാണെന്ന് ഒരിയ്ക്കൽക്കൂടി ലോകം കാണുന്നു. കലാശപ്പോരിൽ അർജന്റീനയെ വീഴ്‌ത്തി ലോകകിരീടത്തിൽ വീണ്ടും സ്‌പാനിഷ് മുത്തം.
ആത്മാവിനെ മുറിവേൽപ്പിച്ച ആഭ്യന്തരയുദ്ധങ്ങളുടെ ഭൂതകാലചരിത്രങ്ങൾ അവർക്കുണ്ട്. ബാഴ്സലോണയും മാഡ്രിഡും രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകങ്ങളായി പതിറ്റാണ്ടുകളോളം പരസ്പരം ഏറ്റുമുട്ടി. അതിനിടയിലും, സ്‌പെയിൻ ലോകത്തോട് സംവദിച്ച ഏറ്റവും മനോഹരമായ ഭാഷയാണ് ഫുട്ബോൾ. അവർ കളിക്കുമ്പോൾ മൈതാനം ജനതതികളുടെ സ്വപ്‌നങ്ങളും നിശ്വാസങ്ങളും ഏറ്റുവാങ്ങുന്ന വലിയൊരു ക്യാൻവാസാകുന്നു. പന്ത് തങ്ങളുടെ കാൽക്കീഴിൽവച്ചുകൊണ്ട് അവർ സമയത്തെയും പ്രതിയോഗികളെയും ഒരേപോലെ ധ്യാനനിമഗ്നരാക്കി. ഒരു സൂഫി സംഗീതം പോലെ കളി പരന്നൊഴുകി. അവർ പന്തിനെ സ്നേഹിച്ചു, പന്ത് അവരെയും. കളിയുടെ താളം നിർണയിക്കുന്ന പ്രതിഭാശാലികളായ കളിക്കാരുടെ കൂട്ടായ്‌മയാണ് അവരെ അജയ്യരാക്കുന്ന ഘടകം. സമാനതകളില്ലാത്ത അച്ചടക്കമാണ് ആ കളിയുടെ അത്യന്തികമായ സവിശേഷത.
ക്യാപ്‌റ്റൻ റോഡ്രിയെ ഡിഫൻസീവ് മിഡ്‌ഫീൽഡർ റോളിൽ നിർത്തി, 4–1–2–3 ഫോർമേഷനിലാണ് ലൂയിസ് ഡെ ലാ ഫുയന്റെ തന്റെ ടീമിനെ ഇറക്കുന്നത്. മറുചേരിയിൽ 4–4–2 എന്ന മോഡേൺ ഫുട്‌ബോളിലെ ഏറ്റവും അച്ചടക്കമുള്ള അടിസ്ഥാന ഫോർമേഷനിലാണ് ലയണൽ സ്‌കലോണിയുടെ അർജന്റീന കളി ആരംഭിക്കുന്നത്.
കളിയുടെ ആദ്യഘട്ടംമുതൽ സ്‌പെയിൻ തങ്ങളുടെ ഫ്രീ–ഫ്ലോ ഫുട്ബോൾ തന്നെയാണ് പ്രദർശനത്തിന് വയ്ക്കുന്നത്. അർജന്റീന ചിത്രത്തിലേയില്ല. ന്യൂജേഴ്സിയിലെ ചൂടിൽ അവർ അക്ഷരാർഥത്തിൽ വെള്ളം കുടിച്ചു.
അർജന്റീനയുടെ കടുത്ത പ്രതിരോധത്തെയും കൗണ്ടർ അറ്റാക്കുകളെയും തങ്ങളുടെ പരമ്പരാഗത പാസിങ്–പ്രസിങ് ഗെയിമിലൂടെയാണ് സ്പെയിൻ ടാക്കിൾ ചെയ്യുന്നത്. മധ്യനിരയിൽ കളി നിയന്ത്രിച്ച റോഡ്രിയും ഒൽമോയും റൂയിസും പന്തിൻമേലുള്ള തങ്ങളുടെ ആധിപത്യം കൈവിട്ടതേയില്ല. കളിതുടങ്ങി അധികം താമസിക്കാതെതന്നെ സ്‌പെയിന്റെ ഒഫൻസീവ് ആസൂത്രണങ്ങളും അർജന്റീനിയൻ പ്രതിരോധവും തമ്മിലുള്ള കോൺഫ്ലിക്‌ടായി മത്സരം പരിവർത്തനപ്പെടുന്നുണ്ട്. റിസ്‌ക്കുകൾക്ക് മുതിരാത്ത അർജന്റീനയ്ക്ക് പിന്നീട് അതിൽനിന്ന് മോചനം ലഭിച്ചതേയില്ല.
മെസിയിലേക്കുള്ള ചാലുകളും മെസിയിൽനിന്നുള്ള ചാലുകളും കൃത്യമായി കെട്ടിയടച്ചിരുന്നു. ‘എക്കാലത്തെയും മികച്ചവൻ’ വെറുതേ പന്തില്ലാതെ അലയുന്ന കാഴ്‌ച പ്രതീക്ഷകൾക്കുവിരുദ്ധമായിരുന്നു. റോഡ്രിയും കുക്കുറെല്ലയും കൃത്യമായി ഡോമിനേറ്റ് ചെയ്യുന്നുണ്ട്. വലതുവിങ്ങിൽ ടാഗ്ലിയാഫിക്കോയ്ക്ക് പിടികൊടുക്കാത്ത പ്രകടനവുമായി യമാൽ തിളങ്ങുന്നുണ്ട്. അപകടകരമായ ക്രോസുകളിലൂടെ സ്പെയിൻ മികച്ച രീതിയിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നു.
അറ്റാക്കിലും ഡിഫൻസിലും പൊസിഷണൽ അവബോധമുള്ള സ്‌പെയിൻ പേപ്പർ ഫോർമേഷനപ്പുറം ക്യാൻവാസിൽ ചിത്രംവരയ്ക്കും പോലെ ഒഫൻസീവ്–ഡിഫെൻസീവ് ഷേപ്പുകളെ റീഡിഫൈൻ ചെയ്‌തുകൊണ്ടേയിരുന്നു. രണ്ട് പാർശ്വങ്ങളിലും കളിക്കാരെ ഓവർലോഡ് ചെയ്ത്, ട്രയാങ്കിളും ഡയമണ്ടും ഉണ്ടാക്കികൊണ്ടാണ് അർജന്റീനിയൻ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നത്. പൊസിഷൻ സ്വിച്ച് ചെയ്ത് കളിക്കുന്ന ഓൽമോ–ഓയർസെബാൽ കോമ്പിനേഷനും ഇതിന് മുതൽക്കൂട്ടായി. 2022നുശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഒരു ഷോട്ടുപോലും ഉതിർക്കാൻ കഴിയാത്ത ടീമായി അർജന്റീന മാറി. ആദ്യപകുതിയിൽ അർജന്റീനയുടെ ഹാഫിൽ മാത്രം സ്പെയിൻ 170 പാസുകളാണ് കൈമാറിയത്. എന്നാൽ അർജന്റീന ആദ്യപകുതിൽ മൈതാനത്താകെ കളിച്ചത് 196 പാസുകൾ മാത്രം.
പൊസഷൻ നഷ്ടപ്പെടുന്ന ഉടൻ അത് റികവർ ചെയ്യാൻ കാട്ടുന്ന ജാഗ്രതയാണ് സ്‌പെയിനെ അപകടകാരികളാക്കുന്നത്. പന്ത് നഷ്ടപ്പെട്ടാലുടൻ ഓവർലോഡ് ചെയ്ത് കൗണ്ടർ പ്രസ്സിലൂടെ അവർ പന്ത് തിരികെ പിടിച്ചുകൊണ്ടേയിരുന്നു. സ്‌പെയിൻ നിരയിൽ അപ്രസക്തനായ ഒരു കളിക്കാരനുമില്ല. പതിനൊന്ന് പേർ ചേരുന്ന ക്രിയേറ്റീവ് യൂണിറ്റാണ് അവരുടെ ഓപറേറ്റിങ് സിസ്റ്റം. യമാലിന്റെ വിങ്ങുകളിലൂടെയുള്ള കൊള്ളിയാൻ ചലനങ്ങൾ ടാഗ്ലിയാഫിഗോയെയും ലിസാൻഡ്ര മാർട്ടിനെസിനെയും വല്ലാതെ വലച്ചു. ഹോൾഡിങ് മിഡ്‌ഫീൽഡർ ക്യാപ്‌റ്റൻ റോഡ്രി തന്നെയാണ് ആസൂത്രണങ്ങളുടെ പ്രഭവകേന്ദ്രമായി വർത്തിച്ചത്. ഫുൾ ബാക്കുകളുടെ ഓവർ ലാപ്പുകൾ ഒഴിച്ചിടുന്ന സ്‌പേസുകൾ ഉപയോഗിക്കപ്പെടുത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞതുമില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽതന്നെ അർജന്റീന അവരുടെ റഫ് ഗെയിം തന്ത്രം പുറത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. അൽപ്പം കടുത്ത ഫിസിക്കൽ ഗെയിമിലൂടെ മാത്രമേ സ്പെയിനെ തളയ്‌ക്കാൻ സാധിക്കൂവെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. അമ്പൊത്തൊന്നാം മിനിറ്റിൽ റോഡ്രിയെ പരേദെസ് സെന്റർ സർക്കിളിൽ വീഴ്‌ത്തുന്നതോടെ അവർ ആഗ്രഹിച്ചതുപോലെ രംഗം വഷളാകുന്നുണ്ട്. എതിർതാരങ്ങളുമായി ഉരസുമ്പോൾ മാത്രം ഉടലെടുക്കുന്ന വല്ലാത്തൊരു ഉൗർജം അർജന്റീനയ്‌ക്ക് അഡ്വാന്റേജ് നൽകാറുണ്ട്. അത് കഴിഞ്ഞ മൂന്ന് നോക്കൗട്ട് ഗെയിമിലും വെളിവായതാണ്. ടാക്കിളുകളിലൂടെയും ഫൗളുകളിലൂടെയും കളിയുടെ താളം തെറ്റിക്കുകയായിരുന്നു തന്ത്രം. എന്നാൽ തികഞ്ഞ അച്ചടക്കമാണ് സ്‌പെയ്‌ൻ താരങ്ങൾ മത്സരത്തിലുടനീളം പുലർത്തുന്നത്. അർജന്റീന അഞ്ചുതവണ മഞ്ഞക്കാർഡിലും ഒരുതവണ ചുവപ്പ് കാർഡിലും പേരെഴുതിച്ചപ്പോൾ സ്‌പെയ്‌നിനെതിരെ അച്ചടക്കശിക്ഷ പൂജ്യമാണ്.
എൻസോ ഫെർണാണ്ടസ് തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡിൽ പേരെഴുതിച്ചേർത്ത് പുറത്തുപോയത് മത്സരത്തിൽ നിർണായകമായി. ഒരാൾ കുറഞ്ഞതോടെ മന്ത് ഇരുകാലിലുമായ അവസ്ഥയിലായി ഡിഫെൻഡിങ് ചാമ്പ്യൻസ്.
നിശ്ചിതസമയത്തിന്റെ അവസാന നിമിഷം യമാലിന്റെയൊരു ഫ്രീകിക്ക് വളഞ്ഞുവലയിലേക്ക് വരുന്നുണ്ട്. എന്നാൽ എമി മാർട്ടിനസിന്റെ രക്ഷപ്പെടുത്തലിലൂടെ അർജന്റീന കളി അധികസമയത്തേക്ക് നീട്ടിയെടുക്കുന്നു. അധികസമയത്തിന്റെ തുടക്കത്തിൽ പെഡ്രി നൽകുന്നൊരു മികച്ച ക്രോസ് നിക്കോ വില്യംസ് ദുർബലമായൊരു ഹെഡ്ഡറിലൂടെ പാഴാക്കുന്നുണ്ട്. തൊട്ടുപിന്നാലെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ സ്‌പെയ്‌ൻ വലയിൽ പന്തെത്തിച്ചെങ്കിലും അർജന്റീനയ്ക്ക് അനുകൂലമായി വാർ ഇടപെടുന്നു.
106-ാം മിനിറ്റിൽ ലോകകപ്പിനെ യൂറോപ്പിലേക്ക് വഴിതെളിച്ച നിമിഷമെത്തി. പേഡ്രോ പൊറോയുടെ ബോക്സിലേക്ക് വരുന്ന ഒരു ഡീപ് ക്രോസ്സ് നിക്കോ വില്യംസ് തലകൊണ്ട് അപകടമേഖലയിലേക്ക് തിരിച്ചിടുന്നു. പന്തിലേക്കെത്തുന്ന ഫെറാൻ ടോറസ് ഇടംകാൽകൊണ്ട് വലയുടെ ടോപ്പിലേക്ക് പന്തിനെ പറഞ്ഞയക്കുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഒരു ചാമ്പ്യൻ ടീം വഴങ്ങുന്ന ഏറ്റവും കുറഞ്ഞ ഗോളുകൾ എന്ന റെക്കോർഡും സ്വന്തമാക്കിയാണ് സ്‌പെയിനിന്റെ തേരോട്ടം സമാപ്‌തിയിലെത്തുന്നത്. ടൂർണമെന്റിലുടനീളം ഒരേയൊരു തവണ മാത്രമാണ് അവരുടെ വലയിൽ പന്തുകയറിയത്.
അതേസമയം, ഗോളിലേക്ക് ഒറ്റ ഷോട്ടുപോലും തൊടുക്കാനാകാതെ നാണക്കേടിന്റെ റെക്കോർഡുമായാണ് അർജന്റീന മത്സരം അവസാനിപ്പിക്കുന്നത്. അവർ തൊടുത്ത മൂന്ന് ശ്രമങ്ങളും പുറത്തായിരുന്നു. സ്‌പെയിനിന്റെ ഭാഗത്തുനിന്ന് 20 ഗോൾ ശ്രമങ്ങളാണ് ആകെ ഉണ്ടായത്. അതിൽ പതിനൊന്നും ലക്ഷ്യത്തിലേക്കുതന്നെയായിരുന്നു. 38 ശതമാനം സമയം മാത്രമാണ് അർജന്റീനയുടെ വരുതിൽ പന്തുണ്ടായിരുന്നത്. മത്സരത്തിലാകെ സ്‌പെയിൻ 803 പാസുകൾ വിനിമയം ചെയ്‌തപ്പോൾ, അർജന്റീന പരസ്‌പരം പങ്കുവച്ചതാകട്ടെ കേവലം 445 പാസുകൾ മാത്രമാണ്. എല്ലാത്തിനും സാക്ഷികളായി ഗ്യാലറിയിൽ, ആ സിസ്റ്റത്തിന്റെ അപോസ്‌തലൻമാരുണ്ടായിരുന്നു. സാവി, ഇനിയേസ്റ്റ, പുയോൾ, റാമോസ്, കാസിയസ്...
കലാശക്കളി അവസാനിക്കുമ്പോഴും, ആ പന്ത് സ്പെയിനിന്റെ കാൽക്കീഴിൽ നിശ്ചലമായി കിടക്കുന്നു, അടുത്തപാസിനായി ഉരുളാൻ കൊതിച്ചുകൊണ്ട്, അമരത്വത്തിന്റെ മനോഹര മുത്തം നെറ്റിയിലേറ്റുവാങ്ങിക്കൊണ്ട്! ലോകഫുട്ബോളിന്റെ നീലാകാശത്തിൽ വീണ്ടുമൊരു ചുവന്ന പ്രഭാതം.!!










0 comments