ഫിഫ ലോകകപ്പ് 2026; ചരിത്രമെഴുതി അമേരിക്കൻ വനിതാ റഫറിമാർ

Photo Credit:American Soccer
അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ആവേശം നിറഞ്ഞ മത്സരം ഒന്നിനെതിരെ ഒരു ഗോളിന് സമനിലയിൽ അവസാനിച്ചു. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടന്ന, മൂന്ന് മഞ്ഞക്കാർഡുകൾ പിറന്ന ഈ കടുത്ത പോരാട്ടം നിയന്ത്രിച്ചത് ഈ ലോകകപ്പിലെ ഏക പൂർണ്ണ വനിതാ റഫറിയിങ് ത്രയമാണ്.
അമേരിക്കൻ വനിതാ റഫറിമാരായ ടോറി പെൻസോ, ബ്രൂക്ക് മായോ, കാതറിൻ നെസ്ബിറ്റ് എന്നിവരാണ് വ്യാഴാഴ്ച ചരിത്ര നേട്ടം സ്വന്തമാക്കിയത്. പുരുഷന്മാരുടെ ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരം നിയന്ത്രിക്കുന്ന രണ്ടാമത്തെ മാത്രം പൂർണ്ണ വനിതാ ഓൺ-ഫീൽഡ് ടീമാണിത്.
2022-ലെ ഖത്തർ ലോകകപ്പിലായിരുന്നു ഇതിനുമുമ്പ് ഇത്തരമൊരു ചരിത്ര സംഭവം ആദ്യമായി ഉണ്ടായത്. 2026 ലോകകപ്പിനായി ഫിഫ തിരഞ്ഞെടുത്ത ആകെ 170 മാച്ച് ഒഫീഷ്യലുകളിൽ കേവലം ആറ് വനിതകൾക്ക് മാത്രമാണ് (രണ്ട് റഫറിമാർ, മൂന്ന് അസിസ്റ്റന്റ് റഫറിമാർ, ഒരു വിഎ.ആർ ഒഫീഷ്യൽ) ഇടം ലഭിച്ചിട്ടുള്ളത്.
ആരാണ് ഈ ചരിത്ര വനിതകൾ?
ടോറി പെൻസോ
ഫ്ലോറിഡയിൽ ജനിച്ച ഈ അമേരിക്കൻ റഫറി, പുരുഷ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ്. 2023-ലെ ഫിഫ വനിതാ ലോകകപ്പിൽ സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ മത്സരം നിയന്ത്രിച്ചത് പെൻസോയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു എംഎൽഎസ് മത്സരം നിയന്ത്രിക്കുന്ന വനിതയെന്ന റെക്കോർഡും പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ അമേരിക്കൻ വനിതയെന്ന നേട്ടവും പെൻസോയ്ക്കാണ്.
ബ്രൂക്ക് മായോ
കൗമാരപ്രായത്തിൽ തന്നെ കരിയർ ആരംഭിച്ച് അമേരിക്കൻ സോക്കറിലൂടെ ഉയർന്നുവന്ന അസിസ്റ്റന്റ് റഫറിയാണ് ബ്രൂക്ക് മായോ. 2023 വനിതാ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച സംഘത്തിലുണ്ടായിരുന്ന മായോയെ, 2026-ൽ 'യു.എസ് സോക്കർ ഫീമെയിൽ റഫറി ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുത്തിരുന്നു. അറ്റ്‌ലാന്റയിലെ ഈ മത്സരത്തോടെ, പുരുഷ ലോകകപ്പിൽ കളം നിയന്ത്രിക്കുന്ന ആദ്യത്തെ പരസ്യമായി പ്രഖ്യാപിച്ച എൽജിബിടിക്യു+ ഒഫീഷ്യലായി മായോ മാറി.
കാതറിൻ നെസ്ബിറ്റ്
റഫറിയിംഗിലേക്ക് എത്തുന്നതിന് മുൻപ് അമേരിക്കയിൽ കെമിസ്റ്റായും മൈക്രോബയോളജിസ്റ്റായും ജോലി ചെയ്തിരുന്ന നെസ്ബിറ്റിന്റെ വഴി ഏറെ വ്യത്യസ്തമാണ്. 2022 ഖത്തർ ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതാ അസിസ്റ്റന്റ് റഫറിമാരിൽ ഒരാളായിരുന്ന ഇവർ, പിന്നീട് 2023 വനിതാ ലോകകപ്പ് ഫൈനലിലും പെൻസോയ്ക്കും മായോയ്ക്കുമൊപ്പം കളം നിയന്ത്രിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ കയ്യടിയും വിമർശനവും
വനിതാ റഫറിമാരുടെ ഈ ചരിത്രപരമായ ചുവടുവെപ്പിനെ സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും വലിയ രീതിയിൽ സ്വാഗതം ചെയ്തു. ടോറി പെൻസോയുടെ പ്രകടനം തനിക്ക് 10-ൽ 10 മാർക്കും നൽകാൻ തക്ക മികച്ചതാണെന്നും ഈ ലോകകപ്പിലെ വരും മത്സരങ്ങളിലും ഈ ത്രയത്തെ കാണാൻ സാധിക്കുമെന്ന് ഉറപ്പാണെന്നും പല എക്സ് ഉപയോക്താക്കളും കുറിച്ചു.
എന്നാൽ മത്സരത്തിന്റെ 82-ാം മിനിറ്റിൽ ഇവർ എടുത്ത ഒരു തീരുമാനം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ചെക്ക് റിപ്പബ്ലിക് 1-0 ന് മുന്നിട്ടുനിൽക്കുമ്പോൾ, ദക്ഷിണാഫ്രിക്കൻ ഫോർവേഡ് തപെലോ മാസെകോ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് ഷോട്ട് ചെക്ക് മിഡ്ഫീൽഡർ പവൽ സുൽക്കിന്റെ കൈയിലാണ് കൊണ്ടത്.
പെൻസോ ഉടനടി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി പെനാൽറ്റി സ്പോട്ട് ചൂണ്ടിക്കാണിച്ചു. ഈ പെനാൽറ്റി വിധി തികച്ചും 'ക്രൂരമായിപ്പോയി' എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തുന്നത്. റഫറിയുടെ കടുത്ത പിഴവാണ് ഇതെന്നും ഇത്തരം പരീക്ഷണങ്ങൾ ഈ ലോകകപ്പോടെ അവസാനിപ്പിക്കണമെന്നും ചില ആരാധകർ സോഷ്യൽ മീഡിയയിലൂടെ രോഷം പ്രകടിപ്പിച്ചു.










0 comments