"വിമത എംപിമാര്‍ക്കിടയിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം," 25 കോടി അധികം നൽകി ഒതുക്കിയെന്ന് സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന യുബിടിയിലെ വിമത എംപിമാർക്കിടയിൽ കേന്ദ്രമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കമെന്ന് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്. മന്ത്രിസ്ഥാനം ലഭിക്കാത്ത എംപിമാർക്ക് പാർട്ടിമാറ്റത്തിനുള്ള പ്രതിഫലമായി 25 കോടി രൂപ അധികം നൽകാൻ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുബിടി വിഭാഗത്തിലെ ആറ് ലോക്സഭാ എംപിമാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് റാവത്തിന്റെ ഗുരുതര ആരോപണം. സഞ്ജയ് ദിനാ പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വാക്ചൗരെ, നാഗേഷ് പാട്ടീൽ-അഷ്ടികർ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നീ എംപിമാരാണ് എൻഡിഎ പക്ഷത്തേക്ക് മറുകണ്ടം ചാടിയത്. ന്യൂഡൽഹിയിൽ ചേർന്ന ശിവസേന (യുബിടി) പാർലമെന്ററി പാർട്ടി യോഗത്തിൽ വിപ് ലംഘിച്ച് ഈ എം പിമാര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വവുമായുള്ള ഇവരുടെ ഭിന്നത പൂര്‍ണ്ണമായത്.
വിമത ഗ്രൂപ്പിൽ ആരാണ് കേന്ദ്രമന്ത്രിയാകുക എന്നതിനെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കുന്നുണ്ട്. ആറ് പേരിൽ ഒരാൾക്ക് മാത്രമേ മന്ത്രിസ്ഥാനം നൽകാൻ സാധിക്കൂ എന്ന നിബന്ധനയുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്ത മറ്റ് എംപിമാർക്ക് പാർട്ടി മാറുന്നതിനായി 25 കോടി രൂപ വീതം അധികമായി നൽകാനാണ് ഇപ്പോൾ ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് എന്നിങ്ങനെയാണ് സഞ്ജയ് റാവത്ത് ആരോപിച്ചത്.
ബുധനാഴ്ച സോഷ്യൽ മീഡിയ വഴി നടത്തിയ ഒരു പ്രസ്താവനയിൽ, ഓരോ എംപിമാര്‍ക്കും 50 കോടി രൂപവരെയാണ് വിലയിട്ടിരിക്കുന്നത് എന്നും ഇതിന്റെ മുൻകൂര്‍ തുകയായി 15 കോടി കൈമാറി കഴിഞ്ഞെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
ഇതിനിടെ കൂറുമാറ്റ സംഘത്തിൽ ഉൾപ്പെട്ട, മുംബൈ നോർത്ത് ഈസ്റ്റ് എംപിയായ സഞ്ജയ് ദിനാ പാട്ടീലിന്റെ നീക്കത്തിനെതിരെ ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും രംഗത്തെത്തി. പാർട്ടിയിൽ നിന്നും മാറിനിൽക്കാൻ സഞ്ജയ് പാട്ടീലിന് മറ്റ് യാതൊരു കാരണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടിയോട് അവരെക്കാൾ കൂറുപുലർത്തിയിരുന്ന നേതാക്കളെ അവഗണിച്ചുകൊണ്ട് സഞ്ജയ് പാട്ടീലിന്റെ മകൾ രാജൂൽ പാട്ടീലിന് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകിയിരുന്നു. ഈ വർഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ അവർ വിജയിക്കുകയും ചെയ്തു. പാർട്ടി ഇത്രയധികം പരിഗണന നൽകിയ സഞ്ജയ് പാട്ടീൽ യോഗത്തിൽ പങ്കെടുക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും റാവത്ത് കൂട്ടിച്ചേർത്തു.
വിമത എംപിമാർക്ക് മഹാരാഷ്ട്ര സർക്കാർ 'വൈ-പ്ലസ്' വിഭാഗം സുരക്ഷ അനുവദിച്ചിരിക്കയാണ്. ഇതിനെയും സഞ്ജയ് റാവത്ത് പരിഹസിച്ചു. "പോലീസ് വകുപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നത് ഇത്തരം ഒറ്റുകാരെ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ്. ഇത് പൊതുപണത്തിന്റെ ദുരുപയോഗമാണ്." എന്നായിരുന്നു വാക്കുകൾ.
ഷിന്ദേവിഭാഗം ശിവസേനയിൽ ലയിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് വിമത എംപിമാര്‍ ചേര്‍ന്ന് ബുധനാഴ്ച ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിപ് ലംഘിച്ച് ഡൽഹിയിലെ പാര്‍ലമെന്ററി പാര്‍ടി യോഗത്തിൽ നിന്നും മാറി നിന്നത്. വിമത നീക്കം ശക്തമായതോടെ ഉദ്ദവ് താക്കറെയുടെ വിശ്വസ്തരായ സഞ്ജയ് റാവത്ത്, അനിൽ ദേശായി എന്നിവർ സ്പീക്കറെ കണ്ട് നിയമപരമായ മുൻകരുതലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക ലയനമില്ലാതെ കേവലം എംപിമാരുടെ എണ്ണം കാണിച്ച് നടത്തുന്ന കൂറുമാറ്റം അംഗീകരിക്കരുതെന്നാണ് ഇവരുടെ വാദം.
പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും പ്രയോഗിച്ച അതേ മറുകണ്ടം ചാടിക്കൽ തന്ത്രമാണ് ഇപ്പോൾ ശിവസേന (യുബിടി) പാർട്ടിയെ പിളർത്താനായി ബിജെപി ഉപയോഗിച്ചിരിക്കുന്നത്. ഡൽഹിയിൽ ആം ആദ്മി പാര്‍ടിയിൽ വലിയ പിളര്‍പ്പ് ഉണ്ടാക്കി. ഉത്തര്‍ പ്രദേശിൽ സമാജ് വാദി പാര്‍ടിയിലെ ജനപ്രതിനിധികൾക്ക് ഇടയിലും സമാന തന്ത്രങ്ങൾ പരീക്ഷിക്കുന്നു. പണവും മന്ത്രിസ്ഥാനം ഉൾപ്പെടെ വാഗ്ദാനങ്ങളും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും അല്ലാതെയുമുള്ള ഭീഷണികളും എല്ലാം ഇതിനായി ഉപയോഗിക്കുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ക്യാമ്പിലെ നിരവധി കോർപ്പറേറ്റർമാർ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനയുമായി ബന്ധപ്പെടുന്നുണ്ടെന്ന വാർത്തകളും ഇതിനിടെ പ്രചരിച്ചു.










0 comments