നിവ വായിച്ചു, പിന്നെ വരച്ചു... ഹാരിപോട്ടർ ചിത്രപരമ്പരയാക്കി കൊച്ചുമിടുക്കി

ഹാരി പോർട്ടർ പുസ്തക പരമ്പരയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്കൊപ്പം നിവ. ഫോട്ടോ: ദിലീപ് കുമാർ
പി പി സതീഷ് കുമാർ
Published on Jun 19, 2026, 05:20 PM | 1 min read
കണ്ണൂർ : വായിച്ചിട്ടും വായിച്ചിട്ടും തീരാത്ത അതിശയ പുസ്‌തകമാണ് നിവയ്‌ക്ക് ഹാരിപോട്ടർ പരമ്പര. ജെകെ റൗളിങിന്റെ പേനത്തുമ്പിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിയ ഫാന്റസി ലോകത്തെ കഥാപാത്രങ്ങളാണ് കട്ട ഹാരിപോട്ടർ ഫാനായ നിവയ്‌ക്ക് ചുറ്റിലും.
ലോകവ്യാപകമായി 600 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഹാരിപോട്ടർ പുസ്‌തകങ്ങളോടുള്ള ആരാധനയാൽ അതിലെ കഥാപാത്രങ്ങൾക്ക് ചിത്രവായന ഒരുക്കുകയാണ് നിവ. പത്തുതവണയിലധികം വായിച്ചുകഴിഞ്ഞ പരമ്പരയിലെ നൂറിലധികം കഥാപാത്രങ്ങളെ വരച്ചുകഴിഞ്ഞു. ഹാരിപോട്ടർ സിനിമകൾ കണ്ടാണ് കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾ പകർത്തിയത്.
ബന്ധുവായ നിഥിൻ മനോജ് വാങ്ങി സമ്മാനിച്ച പുസ്‌തകങ്ങളിൽ നിന്നാണ് വായനാത്തുടക്കം. അന്ന് നാലാം ക്ലാസിലായിരുന്ന കുഞ്ഞുവായനക്കാരിക്ക് കടുപ്പമുള്ള ഭാഷയും ഭ്രമാത്മക ലോകവും അത്രയ്‌ക്കൊന്നും ഇഷ്ടമായില്ല. പാതിവഴിയിൽ നിർത്തിയ വായന മുഴുമിപ്പിച്ചത് അവധിക്കാലത്താണ്. കഴിഞ്ഞ നവംബറിലാണ് കഥാപാത്രങ്ങളെ വരയ്‌ക്കാൻ തുടങ്ങിയത്.
നർത്തകി കൂടിയായ നിവ സഹോദയ കലോത്സവത്തിൽ ജില്ലാ ചാമ്പ്യനായിരുന്നു.
ഹാരിപോട്ടർ മാത്രമല്ല, വിംപി കിഡ്‌സ് സീരീസിലെ ഇരുപത് പുസ്‌തകങ്ങളും ജെറോണിമോ സ്‌റ്റിൽട്ടൻ സീരിസിലെ 85 പുസ്‌തകങ്ങളും പലവട്ടം വായിച്ചിട്ടുണ്ട്. വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി സംഘടിപ്പിച്ച സ്‌മാർട്ട് സമ്മർ ചലഞ്ചിൽ മികച്ച രണ്ടാമത്തെ വായനക്കാരിയായിരുന്നു.
‘ഹാരിപോട്ടറിലെ ഫാന്റസിയോടാണ് എനിക്കിഷ്ടം. സങ്കൽപ്പത്തിനപ്പുറത്തെ ത്രില്ലർ ലോകമാണത്. എഴുന്നൂറ് കഥാപാത്രങ്ങളിൽ പറ്റാവുന്നത്രയും വരക്കണമെന്നാണ് ആഗ്രഹം’–കണ്ണൂർ എസ്‌എൻ വിദ്യാമന്ദിർ ആറാം ക്ലാസ് വിദ്യാർഥിനിയായ നിവ പറയുന്നു.
ജെ കെ റൗളിങിനെ നേരിൽ കാണണമെന്ന ആഗ്രഹം മനസിൽ കൊണ്ടുനടക്കുന്നുണ്ട് ഇൗ വായനക്കാരി. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജ് പ്രൊഫസറായ കല്യാശേരി കണ്ണപുരത്തെ പി മഹേഷ് കുമാറിന്റെയും ചാല ചിൻടെക് ലൈബ്രേറിയനായ എം പി രശ്‌മിയുടെയും മകളാണ്. സഹോദരൻ: നന്ദകിഷോർ.









0 comments