യുവ അഭിഭാഷകർക്ക് സാമ്പത്തിക സഹായം; ഫണ്ട് രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യുവ അഭിഭാഷകർ പ്രാക്ടീസ് ഉപേക്ഷിച്ചു പോകുന്നത് നിയമമേഖലയിൽ ‘പ്രതിഭ ചോർച്ചയ്ക്ക്’ കാരണമാകുന്നുവെന്ന് സുപ്രീംകോടതി.
കരിയറിന്റെ തുടക്കത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജൂനിയർ വക്കീലന്മാരെ സഹായിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ‘യങ് ലോയേഴ്സ് പ്രൊഫഷണൽ അസിസ്റ്റൻസ് ഫണ്ട്’ രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ തലമുറയിലെ അഭിഭാഷകർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്കും പ്രാക്ടീസിന്റെ ആദ്യ വർഷങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് കോടതി പറഞ്ഞു.
കുടുംബം പുലർത്തേണ്ടി വരുന്നതിനാലാണ് പല മിടുക്കരായ യുവ അഭിഭാഷകരും കരിയർ ഉപേക്ഷിച്ച് കൂടുതൽ സാമ്പത്തിക ഭദ്രതയുള്ള മറ്റ് ജോലികളിലേക്ക് മാറാൻ നിർബന്ധിതരാകുന്നത്.
പുതുതായി കടന്നുവരുന്ന ആദ്യ തലമുറയിലെ ഒരു യുവ അഭിഭാഷകന് സ്വന്തമായി ഒരു ഓഫീസോ, ലൈബ്രറിയോ, സ്ഥിരമായി വരുന്ന ക്ലയന്റുകളെയോ അല്ലെങ്കിൽ ഉറപ്പുള്ള ഒരു വരുമാനമോ പെട്ടെന്ന് ലഭിക്കില്ല. ഈ കാലയളവിൽ മുതിർന്ന അഭിഭാഷകർ നൽകുന്ന ചെറിയ സ്റ്റൈപ്പൻഡിനെയോ പ്രാദേശിക ബാർ അസോസിയേഷനുകളെയോ ആണ് ഇവർ ആശ്രയിക്കുന്നത്.
അടിസ്ഥാന ജീവിതച്ചെലവുകൾക്ക് പോലും ഇത് പലപ്പോഴും തികയാറില്ലെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തുടനീളമുള്ള കോടതികളിൽ വനിതാ അഭിഭാഷകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ബാർ റൂമുകളും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആറ് വനിതാ അഭിഭാഷകർ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ.
യുവ അഭിഭാഷകർ അഭിമുഖീകരിക്കുന്ന തടസ്സങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഹൈക്കോടതികളുടെയോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൂർണ്ണ നിയന്ത്രണത്തിൽ ഈ ഫണ്ട് രൂപീകരിക്കാനാണ് നിർദ്ദേശം.









0 comments