ചുട്ടുപൊള്ളി മുംബൈ; ചൂടിലും പവർക്കെട്ടിലും വലഞ്ഞ് ജനങ്ങൾ, ഉറക്കം കടൽത്തീരത്ത്

കടല്‍ത്തീരത്ത് ജനങ്ങള്‍ കിടന്നുറങ്ങുന്നു (Photo: PTI)
മുംബൈ: മൺസൂൺ വൈകുന്നതിനെ തുടർന്ന് കനത്ത ചൂടിൽ വലഞ്ഞ് മുംബൈ. ചൂടിനൊപ്പം പവർകെട്ട് കൂടി വന്നതോടെ ഉറക്കത്തിന് കടൽത്തീരത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. നൂറുകണക്കിന് ആളുകളാണ് രാത്രിയിൽ ബീച്ചുകളിൽ ഉറക്കത്തിനായി എത്തുന്നത്. വായുസഞ്ചാരം കുറഞ്ഞതും ടിൻ ഷീറ്റുകൾ മേഞ്ഞതുമായ ഇടുങ്ങിയ വീടുകൾ പകൽ സമയത്തെ ചൂട് വലിച്ചെടുത്ത് രാത്രിയിൽ തീ ചൂളകളായി മാറുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
മുംബൈയിലെ തിരക്കേറിയ തീരദേശമായ വെർസോവയിലെ നിവാസികളാണ് പ്രധാനമായും വീടിന് പുറത്ത് കടൽതീരത്ത് ഉറങ്ങാൻ എത്തുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മൺസൂൺ എത്തിയെങ്കിലും മുംബൈയിൽ അനുഭവപ്പെടുന്ന അസാധാരണമായ ഉഷ്ണതരംഗവും ആർദ്രതയും വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. മൺസൂൺ മേഘങ്ങളുടെ സാവധാനത്തിലുള്ള നീക്കം കാരണം അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ ചൂട് കൂടുതലാണ്. അസഹനീയമായ ചൂട് നഗരത്തിലെ വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർധനയ്ക്കും കാരണമായി.
മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് 2026 ജൂൺ 8-ന് രേഖപ്പെടുത്തിയത്. 4,608 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതാണ് പവർകെട്ടിലേയ്ക്ക് നയിച്ചതെന്നാണ് നൽകുന്ന വിശദീകരണം. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നഗരത്തിൽ മഴയുടെ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മുംബൈയിലും കൊങ്കൺ മേഖലയിലും അടുത്ത 48 മണിക്കൂറിനുള്ളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മൺസൂൺ കാറ്റ് കരുത്താർജ്ജിക്കുന്നതോടെ ജൂൺ 21, 22 തീയതികളിൽ മഴയുടെ തീവ്രത ക്രമേണ വർധിക്കാനാണ് സാധ്യത.










0 comments