print edition ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ; കരുത്തോടെ മൊറോക്കോ കാമറൂൺ

റബാത്ത്
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ വന്പൻ പോരിന് കളമൊരുങ്ങി. ആതിഥേയരായ മൊറോക്കോ ക്വാർട്ടറിൽ അഞ്ച് തവണ ജേതാക്കളായ കാമറൂണിനെ നേരിടും. ഒന്പതിനാണ് മത്സരം.
അത്ഭുത കുതിപ്പ് നടത്തിയ ടാൻസാനിയയെ പ്രീ ക്വാർട്ടറിൽ ഒറ്റ ഗോളിൽ മടക്കിയാണ് മൊറോക്കോ കടന്നത്. കാമറൂൺ ദക്ഷിണാഫ്രിക്കയെ 2–1ന് കീഴടക്കി. റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസിന്റെ മികവിലാണ് മൊറോക്കോ മുന്നേറിയത്. തുടർച്ചയായ നാലാമത്തെ കളിയിലും ഇരുപത്താറുകാരൻ ലക്ഷ്യം കണ്ടു. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ മൊറോക്കോക്കാരനാണ്. ഗോൾ വേട്ടക്കാരിലും ഒന്നാമതെത്തി. യോഗ്യതാ റൗണ്ടിൽ ഏഴ് ഗോളാണ് നേടിയത്.
112–ാം റാങ്കുകാരായ ടാൻസിയ ആദ്യമായാണ് പ്രീ ക്വാർട്ടറിൽ കടന്നത്. റാങ്കിങ് പട്ടികയിൽ 101 സ്ഥാനം മുന്നിലുള്ള മൊറോക്കോയ്‌ക്കെതിരെ പൊരുതിനിൽക്കാൻ ടാൻസാനിയക്ക് കഴിഞ്ഞു. പ്രാഥമിക റൗണ്ടിൽ ഒരു തോൽവിയും രണ്ട് സമനിലയുമായിരുന്നു. 1980ൽ നേഷൻസ് കപ്പിൽ അരങ്ങേറിയ ടീമിന് കഴിഞ്ഞ 13 കളിയിലും ജയം നേടാനായിട്ടില്ല.
പരിക്കുമാറി തിരിച്ചെത്തിയ ക്യാപ്‌റ്റൻ അഷ്‌റഫ് ഹക്കീമിയാണ് മൊറോക്കോയ്‌ക്ക് ഉൗർജം പകർന്നത്. അവസാന മത്സരത്തിൽ പകരക്കാരനായെത്തിയ ഹക്കീമി ടാൻസാനിയക്കെതിരെ തുടക്കം മുതൽ കളിച്ചു. ഡയസിന്റെ ഗോളിന് അവസരമൊരുക്കുകയും ചെയ്‌തു. തുടക്കത്തിൽ തൊടുത്ത ഫ്രീകിക്ക് പോസ്‌റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. 1976നുശേഷം ആദ്യ കിരീടമാണ് മൊറോക്കോ ലക്ഷ്യമിടുന്നത്.
ദക്ഷിണാഫ്ര-ിക്കയ്‌ക്കെതിരെ കാമറൂൺ കടുത്ത പോരാട്ടത്തിലാണ് ജയം പിടിച്ചത്. ജൂനിയർ ചമഡിയുവും ക്രിസ്‌റ്റ്യൻ കൊഫാനയും കാമറൂണിനായി ഗോളടിച്ചു. കളിയുടെ അവസാന നിമിഷം എവിഡെൻസ് മക്‌ഗോപ ദക്ഷിണാഫ്ര-ിക്കയ്‌ക്കായി ഒരെണ്ണം തിരിച്ചടിച്ചു.
കനത്ത മഴയ്‌ക്കിടെയായിരുന്നു കളി. തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ രണ്ട് ശ്രമങ്ങൾ കാമറൂൺ ഗോൾ കീപ്പർ ഡേവിസ് എപാസ്സി തടഞ്ഞു. മറുവശത്ത് കൊഫാനയും ബ്രയാൻ എംബ്യൂമോയും ഉൾപ്പെട്ട കാമറൂൺ മുന്നേറ്റം നിരന്തരം ആക്രമണം നടത്തി. ഇന്ന് നടക്കുന്ന അവസാന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ അൾജീരിയ കോംഗോയെയും നിലവിലെ ചാന്പ്യൻമാരായ ഐവറി കോസ്‌റ്റ് ബുർക്കിന ഫാസോയെയും നേരിടും.










0 comments