ad
Deshabhimani

സുഡാനെ വീഴ്‌ത്തി സെനെഗൽ , ടുണീഷ്യയെ ഷൂട്ട‍ൗട്ടിൽ മറികടന്ന്‌ മാലി

print edition ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ; സെനെഗൽ x മാലി ക്വാർട്ടർ

African Nations Cup

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ ടുണീഷ്യയെ ഷൂട്ട‍ൗട്ടിൽ തോൽപ്പിച്ച് ക്വാർട്ടറിൽ കടന്ന മാലി ടീമിന്റെ ആഹ്ലാദം

വെബ് ഡെസ്ക്

Published on Jan 05, 2026, 12:22 AM | 2 min read

റബാത്ത്‌

ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോളിൽ സെനെഗൽ x മാലി ക്വാർട്ടർ. പ്രീ ക്വാർട്ടറിൽ സെനെഗൽ സുഡാനെ 3–1ന്‌ തോൽപ്പിച്ചു. മാലി കരുത്തരായ ടുണീഷ്യയെ ഷൂട്ട‍ൗട്ടിൽ 3–2ന്‌ മറികടന്നു. നിശ്‌ചിത സമയത്ത്‌ 1–1നാണ്‌ കളി അവസാനിച്ചത്‌.


സുഡാനെതിരെ സെനെഗലിന്‌ ഞെട്ടിപ്പിക്കുന്ന തുടക്കമായിരുന്നു. കളി തുടങ്ങി ആറാം മിനിറ്റിൽ സുഡാൻ സെനെഗൽ വലയിൽ പന്തെത്തിച്ചു. ആമിർ അബ്‌ദല്ലായുടെ മിന്നുന്ന ഷോട്ട്‌ ഗോൾ കീപ്പർ എഡ്വേർഡ്‌ മെൻഡിയെ മറികടന്നു. എന്നാൽ ഇടവേളയ്‌ക്ക്‌ മുന്പ്‌ പെപെ ഗയെയുടെ ഇരട്ടഗോളിൽ മുൻ ചാന്പ്യൻമാർ തിരിച്ചുവന്നു. കളിയുടെ അവസാന ഘട്ടത്തിൽ ഇബ്രാഹിം എംബായെ ജയം പൂർത്തിയാക്കി. കളംനിറഞ്ഞു കളിച്ച സാദിയോ മാനെയാണ്‌ സെനെഗലിന്റെ വിജയശിൽപ്പി. ആദ്യ രണ്ട്‌ ഗോളിനും മാനെയാണ്‌ അവസരമൊരുക്കിയത്‌.


ആദ്യ ഘട്ടത്തിൽ സുഡാൻ വിറപ്പിച്ചു. ഗോൾ നേടിയശേഷവും അവർ എതിർ ഗോൾമുഖം കാര്യമായി പരീക്ഷിച്ചു. രണ്ട്‌ തവണ മെൻഡിയാണ്‌ തടഞ്ഞത്‌. തുടക്കത്തിലെ പതർച്ചയിൽനിന്ന്‌ പതുക്കെ സെനെഗൽ കരകയറുകയായിരുന്നു. സസ്‌പെൻഷനിലുള്ള ക്യാപ്‌റ്റൻ കാലിദു കുലിബാലിയുടെ അഭാവമാണ്‌ തുടക്കത്തിൽ തിരിച്ചടിയായത്‌.

അരമണിക്കൂറിനുള്ളിൽ മുൻ ചാന്പ്യൻമാർ ഒപ്പമെത്തി. മാനെ ഒരുക്കിയപ്പോൾ ഗയെ ലക്ഷ്യം കണ്ടു. ആദ്യപകുതിയുടെ പരിക്കുസമയത്ത്‌ ഇ‍ൗ സഖ്യം ഒരിക്കൽക്കൂടി സുഡാൻ ഗോൾമുഖം തകർത്തു.


രണ്ടാംപകുതിയിൽ പകരക്കാരനായെത്തിയ എംബായെ വേഗത്തിൽ കളം പിടിച്ചു. കഴിഞ്ഞ നവംബറിൽ ദേശീയ കുപ്പായത്തിൽ അരങ്ങേറിയ പതിനേഴുകാരൻ തകർപ്പൻ ഗോളിലൂടെയാണ്‌ സെനെഗലിന്‌ ജയമൊരുക്കിയത്‌. ആഭ്യന്തര കലാപത്തിൽ ഉഴറുന്ന സുഡാൻ യോഗ്യതാ ഘട്ടത്തിൽ കരുത്തരായ ഘാനയെ പുറത്താക്കിയാണ്‌ നേഷൻസ്‌ കപ്പ്‌ കളിക്കാനെത്തിയത്‌.


ടുണീഷ്യക്കെതിരെ നാടകീയ ജയമായിരുന്നു മാലിക്ക്‌. ഇരുപത്താറാം മിനിറ്റിൽ പത്ത്‌ പേരായി ചുരുങ്ങിയ മാലി 88-–ാം മിനിറ്റിൽ ഗോൾ വഴങ്ങി. പിന്നെ കണ്ടത്‌ തകർപ്പൻ തിരിച്ചുവരവ്‌. പരിക്കുസമയത്തിന്റെ ആറാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ ഒപ്പമെത്തുകയായിരുന്നു. ഷൂട്ട‍ൗട്ടിൽ ഗോൾ കീപ്പർ ഡിഗുയ് ഡയാറ വീരനായി.


ഇരുപത്താറാം മിനിറ്റിൽ എതിർതാരത്തെ ഗുരുതരമായി ഫ‍ൗൾ ചെയ്‌തതിന്‌ വോയോ കുലുബാലി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്താകുകയായിരുന്നു. പത്ത്‌ പേരായി ചുരുങ്ങിയ മാലി കടുത്ത പ്രതിരോധക്കളി പുറത്തെടുത്തു. നിശ്‌ചിത സമയം അവസാനിക്കാൻ രണ്ട്‌ മിനിറ്റ്‌ ശേഷിക്കെ ഫിറാസ്‌ ച‍ൗവത്തിന്റെ ഹെഡർ ടുണീഷ്യക്ക്‌ ലീഡ്‌ നൽകുകയായിരുന്നു. ജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു മാലിയുടെ മറുപടി. ടുണീഷ്യൻ പ്രതിരോധക്കാരൻ യാസിനെ മെറിയ പന്ത്‌ കൈകൊണ്ട്‌ തൊട്ടതിന്‌ പെനൽറ്റി. കിക്ക്‌ എടുത്ത ലാസിനെ സിനായോക്ക്‌ പിഴച്ചില്ല. കളി ഷൂട്ട‍ൗട്ടിലേക്ക്‌.


ഷൂട്ട‍ൗട്ടിൽ ടുണീഷ്യയുടെ അലി അബ്‌ദിയുടെ കിക്ക്‌ ബാറിന്‌ മുകളിലൂടെ പറന്നു. നാലാമത്തെയും അഞ്ചാമത്തെയും കിക്കുകൾ ഡയറ തടയുകയും ചെയ്‌തു. ഒന്പതിനാണ്‌ സെനെഗൽ x മാലി ക്വാർട്ടർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home