print edition 13 മിനിറ്റ്, തീഗോളം; അർജന്റീന ക്വാർട്ടറിൽ

അർജന്റീനിയൻ താരങ്ങളുടെ ആഘോഷം | PHOTO: X/AFASeleccionEN
അറ്റ്‌ലാന്റ: മരണവും ജീവിതവും ഇടമാറിയ സമയം. അറ്റ്‌ലാന്റയിൽ കളി സമയം 79 മിനിറ്റ്. സ്‌കോർ ബോർഡിൽ അർജന്റീന 0. ഇൗജിപ്‌ത് 2. നീലയും വെള്ളയും നിറഞ്ഞ സ്‌റ്റേഡിയം നിശബ്‌ദം. ലയണൽ മെസിയുടെ ഇടംകാലിൽ പന്ത് തൊട്ടു. കാലൊരു കൊടുങ്കാറ്റായി. കണ്ണുകൾ ഇൗജിപ്‌ഷ്യൻ ഗോൾവലയ്‌ക്കുമുന്നിലേക്ക്. പന്തുയർന്നു. ക്രിസ്‌റ്റ്യൻ റൊമേറോയുടെ തലയിൽ തട്ടി വലയ്‌ക്കുള്ളിലേക്ക്. അറ്റ്‌ലാന്റ പൊട്ടിത്തെറിച്ചു. ഇൗജിപ്‌ത് വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചന കണ്ടു.
നാല് മിനിറ്റിൽ വീണ്ടുമൊരു ഇരന്പം. ഇൗജിപ്‌ഷ്യൻ ബോക്‌സിൽ ഗൊൺസാലോ മൊണ്ടിയേലിന്റെ കാലിൽ പന്ത്. ബോക്‌സിന് പുറത്ത് മെസി. മോണ്ടിയേൽ മെസിയുടെ കാലിലേക്ക് പന്തൊഴുകി. ആ ഇടംകാൽ ഒരിക്കൽക്കൂടി ചലിച്ചു. ഗോൾകീപ്പർ മൊസ്‌തഫ ഷൊബെയ്‌റിന്റെ കൈയിൽ ചെറുതായി തട്ടിയെങ്കിലും പന്ത് വലയിൽ കുരുങ്ങി.
83 മിനിറ്റ്. സ്‌കോർ 2–2. തോൽവിയുടെ ചുഴിയിൽനിന്ന് അർജന്റീന ഉയിർത്തു. ഇൗജിപ്‌തിന്റേത് പകൽക്കിനാവായി മാറാൻ തുടങ്ങുകയായിരുന്നു.
ഏത് നിമിഷവും വിജയഗോളിലേക്കുള്ള വഴി അർജന്റീന അതിനകം കണ്ടുവച്ചിരുന്നു. വലതുഭാഗത്ത് മെസി പുതുജീവൻ നേടി. കോച്ച് ലയണൽ സ്‌കലോണി വേഗമുള്ള കാലുകളെ ഇറക്കി. നിക്കോ ഗൊൺസാലസും ലൗതാരോ മാർട്ടിനെസും കോച്ചിന്റെ വിശ്വാസം കാത്തു. അതിവേഗം അർജന്റീന മുന്നേറി. ചാന്പ്യൻ ടീമിന്റെ മിന്നുംകളി. അതുവരെ ഇൗജിപ്‌ത് പ്രതിരോധകോട്ടയിൽ പതുങ്ങിനിന്ന മെസി പരൽമീനായി ബോക്‌സിൽ ഒഴുകി.
പരിക്കുസമയം തെളിഞ്ഞു. ഏഴ് മിനിറ്റ്. അർജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടി ഇൗജിപ്‌തിന്റെ മുന്നേറ്റം. സൂത്രധാരൻ മുഹമ്മദ് സലാ. അപകടകരമായ വരവിൽ അർജന്റീന പ്രതിരോധം പതറി. പക്ഷേ, ബോക്‌സിൽവച്ച് അവർ തടഞ്ഞു. പന്ത് കൈക്കലാക്കി. പ്രത്യാക്രമണം അതിവേഗത്തിൽ. ലൗതാരോയുടെ ക്രോസ് ബോക്‌സിലേക്ക് ഉയർന്നു. ഓടിയെത്തിയ എൺസോ ഫെർണാണ്ടസ് ഒറ്റക്കുത്ത്. ഷൊബെയ്‌ർ നിഷ്‌പ്രഭനായി.
79 മിനിറ്റിൽ രണ്ട് ഗോളിന് പിന്നിൽ. ശേഷം 13 മിനിറ്റിടെ മൂന്ന് ഗോൾ തിരിച്ചടിച്ച് ജയം. ക്വാർട്ടറിലേക്കുള്ള പ്രവേശം അർജന്റീന നാടകീയമായി പൂർത്തിയാക്കി. ലോകകപ്പിലെ ഏറ്റവും അവിശ്വസനീയമായ തിരിച്ചുവരവ്.
തുടക്കത്തിൽ യാസെർ ഇബ്രാഹിമിന്റെ ഹെഡറിൽ ഇൗജിപ്‌ത് ഞെട്ടിച്ചു. പിന്നാലെ മെസിയുടെ പെനൽറ്റി തടഞ്ഞ് ഷൊബെയ്‌റും. ഇൗജിപ്‌ത് ഗോൾകീപ്പർ അവിടെ നിർത്തിയില്ല. അലെക്‌സിസ് മക് അല്ലിസ്‌റ്ററിന്റെ ഹെഡറും ജൂലിയൻ അൽവാരസിന്റെ കരുത്തുറ്റ അടിയും ഷൊബെയ്ർ നിർവീര്യമാക്കി. ആദ്യം കരഞ്ഞ അർജന്റീന ഒടുക്കം ചാന്പ്യൻ കളിയുമായി അതിശയകരമായി തിരിച്ചുവന്നു.










0 comments