ad
Deshabhimani

print edition ഇത് അതിവേഗക്കളം

Fifa.jpg

ലോകകപ്പിൽ ‘വാർ’ പരിശോധനയുടെ അറിയിപ്പ് സ്ക്രീനിൽ തെളിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jul 20, 2026, 12:11 AM | 2 min read

സംഘാടനത്തിലും ഘടനയിലും കളിനിയമങ്ങളിലും സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്ന ലോകകപ്പാണിത്‌. കളിക്കാരുടെ സുരക്ഷയും ക്ഷേമവും മെച്ചപ്പെടുത്തുക, സമയം പാഴാക്കുന്നത് തടയുക, മത്സരങ്ങളുടെ നീതിയും ഗുണനിലവാരവും ഉയർത്തുക എന്നിവയായിരുന്നു മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.


2022- ലോകകപ്പിൽ 90 മിനിറ്റിൽ ശരാശരി 51 മിനിറ്റ് മാത്രമാണ് കളി നടന്നത്‌. എന്നാൽ 2026- ലോകകപ്പിൽ ഇത് ഏകദേശം 63 മിനിറ്റായി ഉയർന്നു. പുതിയ നിയമങ്ങൾ കളി കൂടുതൽ സജീവവും തുടർച്ചയുള്ളതുമാക്കിയതിന്റെ തെളിവാണിത്. ചില മാറ്റങ്ങൾ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടപ്പോൾ ചിലത് ചർച്ചകൾക്കും അഭിപ്രായഭിന്നതകൾക്കും വഴിവെച്ചു.

48 ടീമുകൾ, 
104 മത്സരങ്ങൾ


ആദ്യമായി 48 ടീമുകൾ പങ്കെടുത്ത ലോകകപ്പ് ഫുട്ബോളിന്റെ ആഗോള വ്യാപ്തി വർധിപ്പിച്ചു. കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് വേദിയിലെത്താൻ അവസരം ലഭിച്ചതോടെ പുതിയ ശക്തികൾ ഉയർന്നുവന്നു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പ്രമുഖ ടീമുകൾ പുറത്താകുന്ന സാഹചര്യം കുറയുകയും മത്സരങ്ങളുടെ നിലവാരം കൂടുതൽ സമതുലിതമാവുകയും ചെയ്‌തു.

ഹൈഡ്രേഷൻ 
ബ്രേക്ക്


കടുത്ത ചൂടിൽ കളിക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ഓരോ പകുതിയിലും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹൈഡ്രേഷൻ ബ്രേക്ക് ഏർപ്പെടുത്തി. ഇത് ‘ഹീറ്റ് സ്ട്രോക്ക്’ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്‌ക്കുകയും കളിക്കാർക്ക് ഊർജം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്‌തു. അതേസമയം, പരിശീലകർക്ക് തന്ത്രങ്ങൾ പുനഃസംഘടിപ്പിക്കാനും ടീമിന്റെ പൊസിഷനിങ് തിരുത്താനും സാധിച്ചു. ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീന ഈ ഇടവേള മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. അവസാനത്തെ 12 മിനിറ്റിൽ മൂന്ന്‌ ഗോളടിച്ച്‌ വിജയത്തിലേക്ക് മുന്നേറിയത് ഉദാഹരണമാണ്.

എട്ട്‌ സെക്കൻഡ് നിയമം


ഗോൾകീപ്പർ പന്ത് എട്ട് സെക്കൻഡിൽ കൂടുതൽ കൈവശം വച്ചാൽ എതിർടീമിന് കോർണർ കിക്ക് അനുവദിക്കുന്ന പുതിയ നിയമം സമയം പാഴാക്കുന്ന പ്രവണത ഗണ്യമായി കുറച്ചു. ഇതിലൂടെ കളിയുടെ വേഗവും ആക്രമണോത്സുകതയും വർധിച്ചു.

ത്രോ-ഇൻ അഞ്ച് സെക്കൻഡിനുള്ളിൽ എടുക്കണമെന്ന നിർദേശം കളിയുടെ ഒഴുക്ക് നിലനിർത്തുകയും അനാവശ്യ കാലതാമസം ഒഴിവാക്കുകയും ചെയ്‌തു.

സബ്‌സ്‌റ്റിറ്റ്യൂഷൻ നിയമം


കളത്തിൽനിന്ന്‌ പിൻവലിക്കുന്ന കളിക്കാർ മനഃപൂർവം സമയം പാഴാക്കുന്നത് തടയാൻ പത്ത് സെക്കൻഡിനുള്ളിൽ കളിക്കളം വിടണമെന്ന നിയമം നടപ്പാക്കി. താമസമുണ്ടായാൽ ഒരു മിനിറ്റോളം ടീം പത്ത് പേരുമായി കളിക്കേണ്ട സാഹചര്യം വരാം. ഇതോടെ സബ്‌സ്‌റ്റിറ്റ്യൂഷനുകൾ വേഗത്തിലായി.


എകസ്‌ട്രാ ടൈമിൽ ഒരു അധിക സബ്‌സ്‌റ്റിറ്റ്യൂഷന്‌ അനുമതി നൽകി. ഈ നിയമം ഉപയോഗപ്പെടുത്തിയ സ്വിറ്റ്സർലൻഡിന്‌ ശാരീരികക്ഷമത നിലനിർത്താനായി. തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റ കളിക്കാരെ സുരക്ഷിതമായി മാറ്റുന്നതിനായി ഏഴാമത്തെ സബ്‌സ്‌റ്റിറ്റ്യൂഷൻ നിയമത്തിൽ ഉൾപ്പെടുത്തി.

‘വാർ’ പരിശോധന


വീഡിയോ അസിസ്‌റ്റന്റ്‌ റഫറി (VAR) സംവിധാനത്തിന്റെ ഉപയോഗം കൂടുതൽ വിപുലമാക്കിയതോടെ നിർണായക തീരുമാനങ്ങളിലെ കൃത്യത വർധിക്കുകയും പിഴവുകൾ കുറയുകയും ചെയ്‌തു. ഇതിലൂടെ ചെറിയ ഫുട്ബോൾ രാജ്യങ്ങൾക്കും നീതിപൂർവമായ മത്സരാന്തരീക്ഷം ലഭിച്ചതിനാൽ അവർക്ക്‌ മികച്ച പ്രകടത്തിന്‌ സാധിച്ചു.


സെനെഗലിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിങ്ഹാമിന് തെറ്റായി രണ്ടാം മഞ്ഞക്കാർഡ് നൽകിയെങ്കിലും ‘വാർ’ പരിശോധനയിൽ പിഴവ് കണ്ടെത്തി. തുടർന്ന് കാർഡ് റദ്ദാക്കി യഥാർത്ഥത്തിൽ ഫൗൾ ചെയ്‌ത സെനെഗൽ താരത്തിന്‌ മഞ്ഞക്കാർഡ് നൽകി. ഇതോടെ ബെല്ലിങ്ഹാമിന്‌ പുറത്താകാതെ നോക്കൗട്ട് മത്സരങ്ങളിൽ കളിക്കാൻ അവസരം ലഭിച്ചു.

അച്ചടക്കലംഘനം 
കുറഞ്ഞു


​റഫറിമാരോട് അനാദരവ് കാണിക്കുന്നതും പ്രതിഷേധിക്കുന്നതും കർശനമായി നിയന്ത്രിച്ചതോടെ കളിക്കളത്തിലെ അച്ചടക്കം മെച്ചപ്പെട്ടു. എതിർ ടീമിലെ കളിക്കാരുമായി തർക്കിക്കുന്ന സാഹചര്യങ്ങളിൽ വായ മൂടി സംസാരിക്കുന്നതും വിലക്കപ്പെട്ടു. തുർക്കിക്കെതിരായ മത്സരത്തിൽ പരാഗ്വായ്‌ താരത്തിന് ഈ നിയമലംഘനത്തിന്റെ പേരിൽ ചുവപ്പ് കാർഡ് ലഭിച്ചത് ശ്രദ്ധേയമായ സംഭവമായിരുന്നു. ഇത്തരം നടപടികൾ കാരണം ഈ ലോകകപ്പിൽ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home