ad
Deshabhimani

print edition ഡച്ച്‌ 
പിടഞ്ഞു, മൊറോക്കോ കുതിച്ചു

netherlands
വെബ് ഡെസ്ക്

Published on Jul 01, 2026, 12:00 AM | 2 min read

മോണ്ടെറി : ഒറ്റപ്പതിപ്പിലെ വിസ്‌മയമല്ല മൊറോക്കോ. ഡച്ചിന്‌ അത്‌ മനസിലായി. ലോകകപ്പ്‌ ഫുട്‌ബോൾ നോക്ക‍ൗട്ടിൽ യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സിനെ ഷൂട്ട‍ൗട്ടിൽ തുരത്തി മൊറോക്കോ പ്രീ ക്വാർട്ടറിലേക്ക്‌ ഒരിക്കൽക്കൂടി മുന്നേറി. ഡച്ച്‌ സ്വാഭാവിക കളി മറന്നു. പന്തൊഴുക്ക്‌ നിലച്ചു. ഷൂട്ട‍ൗട്ടിൽ വീണ്ടും ദുരന്തമായി. നിശ്‌ചിതസമയത്തും അധികസമയത്തും 1–1 ആയിരുന്നു. ഷൂട്ട‍ൗട്ടിൽ 3–2നായിരുന്നു മൊറോക്കോയുടെ ജയം.


ഗ്രൂപ്പ്‌ ഘട്ടത്തിൽ ഗോളടിച്ചുക‍ൂട്ടിയ നെതർലൻഡ്‌സ്‌ മൊറോക്കോയുടെ അതിവേഗ നീക്കങ്ങൾ ഭയന്നു. പിൻവലിഞ്ഞുകളിക്കുന്ന ഡച്ചുകാരെ മൊറോക്കോ കണക്കിനുശിക്ഷിച്ചു. ഗോൾകീപ്പർ ബാർട്‌ വെർബ്രുഗന്റെ വീരോചിത പ്രകടനമില്ലായിരുന്നെങ്കിൽ റൊണാൾഡ്‌ കൂമാനും സംഘവും നിശ്‌ചിതസമയത്തിൽ അസ്‌തമിച്ചേനെ.


കളിയുടെ അവസാന ഘട്ടത്തിൽ കോഡി ഗാക്‌പോയുടെ ഗോളിൽ നെതർലൻഡ്‌സ്‌ കളി പിടിച്ചുവെന്ന്‌ കരുതിയതാണ്‌. എന്നാൽ പൊരുതാൻ മടിയില്ലാത്ത ആഫ്രിക്കൻ സംഘം പരിക്കുസമയത്ത്‌ ഗർജിച്ചു. ഇസ ദിയോപിന്റെ ഹെഡ്ഡർ വെർബ്രുഗന്റെ പ്രതിരോധം അവസാനിപ്പിച്ചു. ഷൂട്ട‍ൗട്ടിൽ ഡച്ച്‌ സമ്മർദത്തിൽ ഉരുകി. മൊറോക്കോയും പതറി. പക്ഷേ, ഇസ്‌മായിൽ സയ്‌ബാരിയിലൂടെ അവർ അതിജീവിച്ചു. തന്ത്രങ്ങളിലെ പിഴവും അനാവശ്യ കരുതലുമാണ്‌ ഡച്ചിന്‌ വിനയായത്‌. 32 മത്സരങ്ങൾക്കുശേഷം ആദ്യമായി കൂമാൻ പ്രതിരോധത്തിൽ അഞ്ചുപേരെ വിന്യസിച്ചു. അത്‌ പാളി. കായികപരമായ ഏറ്റുമുട്ടലുകളും കളിയിലുണ്ടായി.


നെയ്‌ൽ അൽ അയ്‌നൂയിയും അഷ്‌റഫ-്‌ ഹക്കീമിയും വെർബ്രുഗനെ പരീക്ഷിച്ചു. ഇടവേളയ്‌ക്കുശേഷം ഹക്കീമിയുടെ ശ്രമം ക്രോസ്‌ ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. കളിഗതിക്കെതിരായാണ്‌ ഡച്ച്‌ മുന്നിലെത്തിയത്‌. പ്രത്യാക്രമണത്തിനൊടുവിൽ ഗാക്പോ മൊറോക്കോ ഗോൾകീപ്പർ യാസിനെ ബൊനോയെ മറികടന്നു. ക്രിസെൻസിയോ സമ്മെർവില്ലയെ ബോനോ തടയുന്നതിനിടെ പന്ത്‌ ഗാക്‌പോയ്‌ക്ക്‌ കിട്ടി. ആ ഗോളിൽ ഉറപ്പിച്ച ഡച്ചിനെ മൊറോക്കോ ഞെട്ടിച്ചു. ചെംസ്‌ദിനെ താൽദിയുടെ ക്രോസിൽ ദിയോപ്‌ തലവയ്‌ക്കുന്പോൾ ഡച്ച്‌ പ്രതിരോധക്കാരൻ വിർജിൽ വാൻ ഡിക്ക്‌ സ്ഥാനം തെറ്റിനിൽക്കുകയായിരുന്നു. അധികസമയത്ത്‌ സോഫിയാനെ റഹീമിയുടെ ക്ലോസ്‌ റേഞ്ചിലുള്ള ഷോട്ടിന്‌മുന്നിൽ വെർബ്രുഗൻ കാൽനീട്ടിവച്ചപ്പോൾ മൊറോക്കോ തലയിൽ കൈവച്ചു.


ഷൂട്ട‍ൗട്ടിൽ ടിയുൻ കൂപ്പ്‌മെയ്‌നേഴ്‌സും വ‍ൗട്‌ വെഗോസ്‌റ്റും മാത്രം ഡച്ചിനായി ലക്ഷ്യം കണ്ടു. ജസ്‌റ്റിൻ ക്ലൈവർട്ട്‌, ക്വിന്റെൻ ടിംബെർ എന്നിവരുടെ കിക്കുകൾ പാഴായി. സമ്മെർവില്ലയുടെ കിക്ക്‌ ബോനോ തട്ടിയകറ്റിയതോടെ ഡച്ച്‌ തകർന്നു. സൂഫിയാനെ റഹീമി, ടാൽബി, സാബിരി എന്നിവരാണ്‌ മൊറോക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home