ad
Deshabhimani

print edition ​ഗോളാകാശത്ത് ഒറ്റനക്ഷത്രം

messi

photo credit: Argentina Football Team facebook

വെബ് ഡെസ്ക്

Published on Jun 23, 2026, 01:41 AM | 2 min read

ഡാലസ്‌ : അത്ഭുതങ്ങളുടെ കലവറ, അതിനകത്തെ മായാജാലക്കാരൻ. ലോകം ജാലവിദ്യകൾ കാണുന്നു, ആസ്വദിക്കുന്നു, ആഘോഷിക്കുന്നു. ലയണൽ മെസി ആകാശം നോക്കി ചിരിക്കുന്നു. ലോകകപ്പ്‌ ഫുട്‌ബോളിൽ ഓസ്‌ട്രിയക്കെതിരെ കണ്ടത്‌ മെസിയുടെ ഏറ്റവും മനോഹര കവിത. പെനൽറ്റി കിക്ക്‌ പാഴാക്കിയശേഷം രണ്ട്‌ സുന്ദരഗോളുകൾ.


ഒന്പതാം മിനിറ്റിൽ മെസി ലോക റെക്കോഡിന്‌ അരികെയെത്തിയതാണ്‌. ല‍ൗതാരോ മാർട്ടിനെസിനെ ഓസ്‌ട്രിയയുടെ സ്‌റ്റീഫൻ പോഷും സാവെർ ഷ്‌ളാഗെറും ചേർന്ന്‌ -‍ഫ‍ൗൾ ചെയ്‌തതിന്‌ പെനൽറ്റി. റഫറി ആദ്യം വിളിച്ചില്ല. വാർ പരിശോധനയിൽ ഫ‍ൗൾ വ്യക്തമായി. മെസി നടന്നടുത്തു. സമ്മർദമില്ല. പക്ഷേ, ദുർബലമായ ഇടംകാലടി പുറത്തേക്ക്‌ പോയപ്പോൾ സ്‌റ്റേഡിയം നിശബ്‌ദമായി. അവിശ്വസനീയമായൊരു പിഴവിൽ മെസി തരിച്ചുനിന്നു. ആളിക്കത്തുമെന്ന്‌ തോന്നിച്ച അർജന്റീനൻ ആക്രമണം ആറിത്തണുത്തു. ഓസ്‌ട്രിയ അതിസമ്മർദ്ദം സൃഷ്‌ടിച്ചു. അർജന്റീനയ്‌ക്ക്‌ കാലിൽ പന്ത്‌ വയ്‌ക്കാനുള്ള സമയം നൽകിയില്ല. ഇതിനിടെ ബോക്‌സിനകത്ത്‌ രണ്ട്‌ നീക്കങ്ങൾ കൂടി നടന്നു. മെസി തൊടുത്ത പന്ത്‌ ഗോൾകീപ്പർ അലെക്‌സാണ്ടർ ഷ്‌ളാഗെറുടെ കാലിൽ തട്ടിത്തെറിച്ചു. മറ്റൊന്ന്‌ ഗോൾകീപ്പറെ മറികടന്നെങ്കിലും 25 വാര ദൂരത്തുനിന്നുള്ള അടി ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ നിക്കോളാസ്‌ സെയ്‌വാൾഡ്‌ തടയുകയായിരുന്നു. കാത്തിരിപ്പ്‌ നീണ്ടു.


ഒടുവിൽ ആ നിമിഷം പിറന്നു. 38–ാം മിനിറ്റ്‌. അർജന്റീനൻ വലതുപാർശ്വത്തിൽനിന്നൊരു പുഴയൊഴുകി. റോഡ്രിഗോ ഡി പോളിന്റെ തുടക്കം. മെസി ഏറ്റെടുത്തു. ഇടതുവശത്തേക്ക്‌ വളഞ്ഞു. ഒപ്പമെത്തിയ തിയാഗോ അൽമാഡയ്‌ക്ക്‌ പന്തിട്ട്‌ മെസി മുന്നോട്ടുനീങ്ങി. അൽമാഡ ഇടതുവശം ചേർന്നു. ഇടതുമൂലയിലുള്ള ഫക്കുണ്ടോ മെദീനയിലേക്ക്. ബോക്‌സിൽ അൽമാഡയും മെസിയും ഒരേ നിരയിൽ. മെദീന ബോക്‌സിന്‌ പുറത്തേക്ക്‌ പന്ത്‌ ചെത്തിയിട്ടു. അൽമാഡ ഒഴിഞ്ഞു. ഓസ്‌ട്രിയൻ പ്രതിരോധത്തിന്‌ കണ്ണുതെറ്റി. ആ വിടവിലൂടെ മെസിയുടെ ഇടംകാലിൽനിന്ന്‌ വെടിയുണ്ട പാഞ്ഞു. ചരിത്രം പിറന്നു. ഗോളിന്റെ ആകാശത്ത്‌ ഒറ്റ നക്ഷത്രം വിരിഞ്ഞു.


അൾജീരിയക്കെതിരെ ഹാട്രിക്‌ കുറിച്ച മുപ്പത്തൊന്പതുകാരൻ വീണ്ടും വിസ്‌മയിപ്പിച്ചു. ജർമനിയുടെ മിറോസ്ലാവ്‌ ക്ലോസെയെ മറികടന്ന്‌ 18 ഗോളുമായി ലോകകപ്പിലെ മികച്ച ഗോൾവേട്ടക്കാരൻ. തുടർച്ചയായ ആറാം ലോകകപ്പ്‌ മത്സരത്തിലും ലക്ഷ്യംകണ്ടു. ജസ്‌റ്റ്‌ ഫൊണ്ടെയ്‌നും ജെഴ്‌സീന്യോയ്‌ക്കും ശേഷം ഇ‍ൗ നേട്ടം കൈവരിക്കുന്ന ആദ്യതാരം. കഴിഞ്ഞ ലോകകപ്പ്‌ പ്രീ ക്വാർട്ടർ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു തുടക്കം. തുടർന്ന്‌ നെതർലൻഡ്‌സ്‌, ക്രൊയേഷ്യ, ഫ്രാൻസ്‌ ടീമുകൾക്കെതിരെയും ഗോൾ നേടി.


പരിക്കുസമയത്തിന്റെ നാലാം മിനിറ്റിൽ ഓസ്‌ട്രിയൻ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ വീണ്ടും മെസിയുടെ കാലുകൾ അതിവേഗം ചലിച്ചു. ഗോൾകീപ്പറെയും പ്രതിരോധ താരങ്ങളെയും അക്ഷരാർഥത്തിൽ വട്ടംകറക്കിയുള്ള ഗോൾ. മുന്നിൽനിൽക്കുന്ന ഒരാളുടെപോലും കാലിൽ തൊടാതെ ആ പന്ത്‌ വലയിൽ ചുംബിക്കുന്പോൾ ലോകകപ്പ്‌ ഇതുവരെ കാണാത്ത കാഴ്‌ചയായി അതുമാറി.


മൂന്നാം 
പെനൽറ്റി നഷ്‌ടം

തുടർച്ചയായി മൂന്നാം ലോകകപ്പിലും പെനൽറ്റി പാഴാക്കി ലയണൽ മെസി. 2018ൽ ഐസ്‌ലൻഡിനെതിരെയും 2022ൽ പോളണ്ടിനെതിരെയുമാണ്‌ മുമ്പ്‌ പെനൽറ്റി പാഴാക്കിയത്‌. ഓസ്‌ട്രിയയ്‌ക്കെതിരായ മത്സരത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ പെനൽറ്റിയെടുത്ത താരമെന്ന റെക്കോഡും മെസി സ്വന്തമാക്കി–ഏഴ്‌. ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ്‌ രണ്ടാമത്‌–ആറ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home