ഇൗ വരവ് ‘വെർദെ’യല്ല

photo credit: @FIFAcom X
മയാമി : ഒറ്റ നാൾ വിസ്‌മയമല്ല കേപ് വെർദെ. തുടർച്ചയായ രണ്ടാം മത്സരത്തിലും മുൻചാമ്പ്യൻമാരെ പിടിച്ചുകെട്ടി അരങ്ങേറ്റക്കാരുടെ പ്രഖ്യാപനം; ഇൗ വരവ് വെറുതെയല്ല!. സ്‌പെയ്‌നിനെ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ പട ഇത്തവണ കുരുക്കിയത് രണ്ടുവട്ടം കിരീടമുയർത്തിയ ഉറുഗ്വായ്‌യെ (2–2). കെവിൻ പിന, ഹെയ്‌ലോ വരേല എന്നിവരാണ് നിറയൊഴിച്ചത്. മാക്‌സിമില്ലിയാനോ അരാഹുവോയും അഗസ്റ്റിൻ കനോബിയോയും ഉറുഗ്വായ്‌യുടെ മറുപടി നൽകി. ഗ്രൂപ്പ് എച്ചിൽ രണ്ട് പോയിന്റുമായി മൂന്നാംസ്ഥാനത്താണ് നവാഗതർ.
അടുത്ത കളിയിൽ സൗദി അറേബ്യയ്‌ക്കെതിരെ തോൽക്കാതിരുന്നാൽ നോക്കൗട്ട് സാധ്യതയുണ്ട്. മയാമി സ്‌റ്റേഡിയത്തിൽ റാങ്കിങ്ങിൽ 44 പടി മുകളിലുള്ള ഉറുഗ്വായ്‌ക്കെതിരെ പേടിയില്ലാതെ പന്ത് തട്ടി കേപ് വെർദെ. സ്‌പെയ്‌നിനെതിരായ കളിശെലിയിൽ മാറ്റംവരുത്തി. അമിത പ്രതിരോധമെന്ന പിടിവാശിയുണ്ടായില്ല. തരംകിട്ടുമ്പോഴൊക്കെ തിരിച്ചടിക്കാൻ കോച്ച് ബുബിസ്റ്റ നിർദേശം നൽകി. 21–ാം മിനിറ്റിൽ ആഫ്രിക്കൻ രാജ്യം കൊതിച്ച ചരിത്ര നിമിഷമെത്തി. ലോകകപ്പിലെ ആദ്യ ഗോൾ. 26 മീറ്റർ ദൂരത്തുനിന്ന് പിന തൊടുത്ത ഫ്രീകിക്ക് എതിർ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാഴ്‌ചക്കാരനായി വലയിലേക്ക് പതിച്ചു.
തിരിച്ചടിയിൽ ഉറുഗ്വായ് വേഗം ഉണർന്നു. ഇടവേളയ്‌ക്ക് പിരിയുംമുമ്പ് മൂന്ന് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് ലീഡ് പിടിച്ചു. മാക്‌സിമില്ലിയാനോയുടെ ഹെഡ്ഡറായിരുന്നു ആദ്യം. പിന്നാലെ മാക്‌സിമില്ലിയാനോ ഒരുക്കിയ ക്രോസിൽ കാലുവച്ച് കാനോബിയോയും. സ്‌പെയ്‌നിനെതിരെ തകർത്തുകളിച്ച കേപ് ഗോളി വൊസീന്യയ്‌ക്ക് മികവ് ആവർത്തിക്കാനായില്ല. പകരക്കാരനായെത്തി രണ്ടര മിനിറ്റുകൊണ്ടാണ് വരേല സമനില ഗോൾ കണ്ടെത്തിയത്. ഉറുഗ്വായ്‌യുടെ പരിചയസമ്പന്നനായ ഗോൾകീപ്പർ ഫെർണാന്റോ മുസ്‌ലേരയുടെ അബദ്ധമാണ് ഗോളിൽ കലാശിച്ചത്. പ്രതിരോധക്കാരുണ്ടായിട്ടും പോസ്റ്റ് വിട്ട് ഉറുഗ്വായ് കാവൽക്കാരൻ ബോക്‌സിന് പുറത്തെത്തി. കിട്ടിയ സുവർണാവസരം വരേല പാഴാക്കിയില്ല. ഗോളിയെ മറികടന്ന് മിന്നൽ ഷോട്ട് പായിച്ചു. കേപ് വെർദെ 2 ഉറുഗ്വായ് 2.
"പാവങ്ങളാണ്' കേപ് വെർദെ
മയാമി : പ്രകടനം കൊണ്ട് മാത്രമല്ല, കളത്തിൽ അച്ചടക്കവും നിയന്ത്രണവും പാലിച്ചും കേപ് വെർദെ ശ്രദ്ധിക്കപ്പെടുകയാണ്. രണ്ട് കളിയിയിൽ അഞ്ച് ഫൗൾ മാത്രമാണവർ ചെയ്‌തത്. 1966 ലോകകപ്പിനുശേഷം ആദ്യമായാണ് ഇത്തരമൊരു റെക്കോഡ്. അതും ആദ്യ റൗണ്ടിൽ.









0 comments