ad
Deshabhimani

ആഘോഷക്കളത്തിൽ പന്തുരുകും ചൂട്

world cup canada

കാനഡയിലെ വാൻകൂവറിൽ ഒരുക്കിയ ട്രിയോൻഡ പന്തിന്റെ മാതൃക

avatar
സി ജി പ്രദീപ്‌

Published on Jun 08, 2026, 08:30 AM | 2 min read

യുദ്ധത്തിന്റെ കരിനിഴലും മെക്‌സിക്കോയിലെ കലാപങ്ങളും കാനഡയുടെ കിതപ്പും കാല്‍പന്തിന്റെ ലോകമാമാങ്കത്തിന് കളങ്കമേല്‍പ്പിക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് അമേരിക്കയിലെ മാത്രമല്ല, ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍. ഏറെ പഴയ ചരിത്രംതൊട്ടേ മൂന്ന് ആതിഥേയരാജ്യങ്ങളുടെയും ഔദ്യോഗിക കളിയോ ജനപ്രിയകളിയോ ഫുട്ബോള്‍ അല്ല. റഗ്ബിയും ഐസ്ഹോക്കിയും ബാസ്‌കറ്റ്ബോളുമൊക്കെയാണ് തദ്ദേശീയര്‍ക്ക് പ്രിയം. പക്ഷേ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റം ഈ മൂന്ന് രാജ്യങ്ങളിലും ഫുട്ബോളിനെ ഇപ്പോള്‍ ഏറ്റവും ജനകീയ കളിയായി മാറ്റിയിട്ടുണ്ട്.


ആകെയുള്ള 16 സ്‌റ്റേഡിയങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഫുട്ബോള്‍കൂടി ലക്ഷ്യമിട്ട് നിര്‍മിച്ചിട്ടുള്ളത്. അവ മെക്സിക്കോയിലെയും കാനഡയിലെയും സ്‌റ്റേഡിയങ്ങളാണ്. ഇവപോലും റഗ്ബി മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. എല്ലാ സ്‌റ്റേഡിയങ്ങളും ഫിഫ നിയമപ്രകാരം പരിഷ്‌കരിച്ച് സജ്ജമാക്കിയിട്ടുണ്ട്‌. കലാശപ്പോരാട്ടത്തിന് വേദിയാകുന്ന അമേരിക്കയിലെ ന്യൂയോര്‍ക്ക് മെറ്റ്‌ലൈഫ് സ്‌റ്റേഡിയം രണ്ടായിരത്തോളം സ്ഥിരം സീറ്റുകള്‍ ഒഴിവാക്കിയാണ് നവീകരിച്ചത്.


തദ്ദേശീയരായ അമേരിക്കക്കാര്‍ക്ക് ഫുട്ബോള്‍ ലോകകകപ്പ് അത്ര വലിയ ആവേശമൊന്നും ഉണ്ടാക്കിയിട്ടില്ല. ബാസ്‌കറ്റ്ബോള്‍, റഗ്ബി, ഐസ് ഹോക്കി ലീഗുകള്‍ ആഘോഷമാക്കുന്ന അമേരിക്കക്കാര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ കാര്യത്തില്‍ അത്ര ആവേശഭരിതരല്ല. എബോള രോഗം, ഗതാഗതക്കുരുക്ക്, സുരക്ഷാപ്രശ്നങ്ങള്‍ ഒക്കെയാണ് അവരുടെ മുഖ്യ പ്രശ്നങ്ങള്‍. എന്നാല്‍, ഇവിടത്തെ കുടിയേറ്റസമൂഹം വലിയ ആഹ്ലാദത്തിലാണ്. പക്ഷെ, ടിക്കറ്റിന് പൊള്ളുന്ന വിലയാണ്.


വടക്കേ അമേരിക്ക ഇപ്പോള്‍ കൊടുംചൂടിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പ് നടക്കുന്ന ദിവസങ്ങളില്‍ ഇത് ഇനിയും ഉയരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെക്‌സിക്കോയിലെ ഹൈ ആള്‍റ്റിട്യൂഡ് മൈതാനങ്ങളില്‍ താരങ്ങള്‍ ഉരുകിപ്പോകും. കാനഡയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.


ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മെക്‌സിക്കോയില്‍ താമസസ‍ൗകര്യം വലിയ പ്രതിസന്ധിയല്ല. സുരക്ഷാപ്രശ്നങ്ങളാണ് തലവേദന. കഴിഞ്ഞ വര്‍ഷം ഒടുവില്‍ അധോലോകസംഘങ്ങള്‍ അഴിച്ചുവിട്ട കലാപം ലോകകപ്പ്‌ മത്സരങ്ങള്‍ സാധ്യമാകുമോ എന്ന സംശയംപോലും ഉണ്ടാക്കിയിരുന്നു. ഇന്ത്യയിലെ സമാനമായ കാലാവസ്ഥയും ഹൈ ആള്‍റ്റിട്ട്യൂഡ് പ്രദേശമെന്നതും താരങ്ങളെയും കാണികളെയും സംബന്ധിച്ച് തലവേദനയാകും.

കാനഡയില്‍ ശരിക്കും രണ്ട് സീസണുകളാണ് ഉള്ളതെന്ന് പറയാം. ഒന്ന് മഞ്ഞുകാലവും മറ്റൊന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കാലവും. ഏപ്രില്‍ മുതല്‍ സെപ്‌തംബര്‍വരെയുള്ള കാലത്താണ് റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണമോ നവീകരണമോ നടക്കുന്നത്. റോഡുകളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇപ്പോള്‍തന്നെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് ടൊറന്റോ നഗരം.


(കാനഡയിലെ 
ടൊറന്റോയിൽനിന്ന്‌ സി ജി പ്രദീപ്‌ )




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home