ഒരുങ്ങി ആവേശത്തിരയിലേക്ക്

മെക്‌സിക്കോ സിറ്റി : ഫുട്ബോൾ ലോകകപ്പിലേക്കുള്ള അവസാന ഒരുക്കം പൂർത്തിയായി. എല്ലാം പഠിച്ച് കഴിഞ്ഞിട്ടും ഒന്നുകൂടി ഉറപ്പ് വരുത്താനുള്ള മാതൃകാ പരീക്ഷകളാണ് ടീമുകൾക്ക്. രണ്ട് സന്നാഹ മത്സരങ്ങളും ജയിച്ച് ബ്രസീൽ ആത്മവിശ്വാസത്തോടെ പ്രധാന കളത്തിലേക്ക് ഇറങ്ങാനൊരുങ്ങുന്നു. നിലവിലെ ജേതാക്കളായ അർജന്റീന, പോർച്ചുഗൽ, ഇംഗ്ലണ്ട്, ബൽജിയം, ജർമനി ടീമുകളും ജയത്തോടെ കരുത്തുകാട്ടി.
പതിനെട്ടുകാരൻ എൻഡ്രിക്കിന്റെ ഗോളാണ് ഇൗജിപ്‌തിനെതിരായ 2–1ന്റെ ജയത്തിൽ ബ്രസീലിനെ കൂടുതൽ സന്തോഷിപ്പിച്ചത്. അതേസമയം, പ്രതിരോധക്കാരൻ വെസ്-ലി പരിക്കേറ്റ് മടങ്ങിയത് കാർലോ ആൻസെലോട്ടിയുടെ സംഘത്തിന് തിരിച്ചടിയായി. സൂപ്പർ താരം നെയ്മർ ഇറങ്ങിയില്ല.
ലയണൽ മെസിയില്ലാതെ ഇറങ്ങിയ അർജന്റീന ഹോണ്ടുറാസിനെ രണ്ട് ഗോളിന് കീഴടക്കി. സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി പന്ത് തട്ടി. ചിലിക്കെതിരെ 2–1ന്റെ ജയമാണ് പോർച്ചുഗലിന്. ജർമനി ആതിഥേയരായ അമേരിക്കയെ 2–1ന് മറികടന്നു. ഇംഗ്ലണ്ട് ന്യൂസിലൻഡിനെ ഒരു ഗോളിനും ബൽജിയം ടുണീഷ്യയെ അഞ്ച് ഗോളിനും കീഴടക്കി.
പരിക്കുമാറി പരിശീലനം നടത്തിയെങ്കിലും മെസിയുടെ കാര്യത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി അനാവശ്യ തിടുക്കം കാട്ടിയില്ല. യുവനിരയാണ് ഹോണ്ടുറാസിനെതിരെ ഇറങ്ങിയത്. ലൗതാരോ മാർട്ടിനെസും ജിയുലിയാനോ സിമിയോണിയും ഗോളടിച്ചു. നാളെ ഐസ്‌ലൻഡുമായാണ് അവസാന സന്നാഹ മത്സരം.
ഇൗജിപ്‌തിനെതിരെ ബ്രൂണോ ഗ്വിമറെസാണ് ബ്രസീലിന്റെ ആദ്യഗോൾ നേടിയത്. പിന്നാലെ മൊസ്‌തഫാ സിക്കോ ഇൗജിപ്‌തിനെ ഒപ്പമെത്തിച്ചു. മാർക്വിന്യോസിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. പകരക്കാരനായെത്തിയാണ് എൻഡ്രിക് ജയമൊരുക്കിയത്. റഫീന്യ അവസരമൊരുക്കി.
പോർച്ചുഗൽ–ചിലി മത്സരം കൈയാങ്കളിയിലാണ് അവസാനിച്ചത്. ഇടവേളയ്‌ക്ക് തൊട്ടുമുന്പ് മുന്നേറ്റക്കാരൻ റാഫേൽ ലിയാവോയ്‌ക്കും ചിലിയുടെ ഇവാൻ റോമനും ചുവപ്പുകാർഡ് കിട്ടി. ലിയാവോയ്‌ക്ക് നൈജീരിയയുമായുള്ള സന്നാഹ മത്സരം കളിക്കാനാകില്ല. മൂന്ന് കളിയിൽ വിലക്കാണെങ്കിൽ ലോകകപ്പിലെ ആദ്യ രണ്ട് മത്സരം നഷ്ടമാകും. റൊണാൾഡോ 45 മിനിറ്റ് കളിച്ചു. പകരക്കാരനായെത്തിയ ഗൊൺസാലോ ഗുയദെസും ബ്രൂണോ ഫെർണാണ്ടസും ഗോളടിച്ചു. പത്തിന് നൈജീരിയയുമായാണ് അവസാന സന്നാഹപ്പോര്. അമേരിക്കയ്‌ക്കെതിരെ ജർമനിക്കായി കയ് ഹവേർട്‌സും ലിറോയ് സാനെയും ലക്ഷ്യം കണ്ടു. ഹാരി കെയ്‌നിന്റെ ഗോളിലാണ് ഇംഗ്ലണ്ട് ന്യൂസിലൻഡിനെ മറികടന്നത്. കേപ് വെർദെ, കുറസാവോ, തുർക്കി ടീമുകളും ജയിച്ചു.









0 comments