ad
Deshabhimani

ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഇംഗ്ലണ്ട് ടീമിന്റെ ബേസ് ക്യാമ്പിന് സമീപം വെടിവെപ്പ്

GUN

ഇംഗ്ലണ്ട് ടീമിന്റെ ബേസ് ക്യാമ്പിന് സമീപം ഉണ്ടായ വെടിവെപ്പിൽ നിന്ന് |Photo:Getty Images

വെബ് ഡെസ്ക്

Published on Jun 08, 2026, 09:38 AM | 2 min read

കാൻസസ് സിറ്റി : ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശം വടക്കേ അമേരിക്കയിൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഎസിലെ കാൻസസ് സിറ്റിയിൽ ഇംഗ്ലണ്ട് ടീമിന്റെ ബേസ് ക്യാമ്പിന് സമീപം വെടിവെപ്പ്. ശനിയാഴ്ച ഉണ്ടായ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 48 ടീമുകളുടെ ലോകകപ്പിൽ 104 മത്സരങ്ങളിലായി 1,248 കളിക്കാരാണ് മാറ്റുരയ്ക്കുന്നത്.


പരിക്കേറ്റ ഒമ്പത് പേരുടെയും നില ഗുരുതരമല്ലെന്ന് കാൻസസ് സിറ്റി പോലീസ് സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാമ്പായി നിശ്ചയിച്ചിരിക്കുന്ന സ്വോപ്പ് സോക്കർ വില്ലേജിന് നാല് മൈൽ മാത്രം അകലെയാണ് വെടിവെപ്പുണ്ടായത്. ഇംഗ്ലണ്ട് ടീം നിലവിൽ കാൻസസ് സിറ്റിയിൽ എത്തിയിട്ടില്ല. ബുധനാഴ്ച ഫ്ലോറിഡയിലെ ഒർലാൻഡോയിൽ കോസ്റ്റാറിക്കയ്‌ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് ശേഷം മാത്രമാകും ടീം ക്യാമ്പിലേക്ക് എത്തുക. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ വക്താവ് വിസമ്മതിച്ചു.


ലോകകപ്പ് വേളയിൽ അമേരിക്കയിലെ ഇത്തരം അക്രമസംഭവങ്ങൾ സുരക്ഷാ കാര്യങ്ങളിൽ വീണ്ടും വലിയ ആശങ്കകൾ ഉയർത്തുന്നതാണ്. ഗൺ വയലൻസ് ആർക്കൈവ് കണക്കുകൾ പ്രകാരം 2025ൽ മാത്രം യുഎസിൽ നാനൂറിലധികം കൂട്ടവെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


1966ലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, ഗ്രൂപ്പ് എൽ-ൽ ക്രോയേഷ്യ, ഘാന, പാനമ എന്നിവർക്കൊപ്പമാണ് മത്സരിക്കുന്നത്. ജൂൺ 17ന് ഡാളസ് സ്റ്റേഡിയത്തിൽ ക്രോയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം. ജൂൺ 23ന് ബോസ്റ്റണിൽ ഘാനയെയും ജൂൺ 27ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ പാനമയെയും നേരിടും.


ഹാരി കെയിൻ, ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാൻ റൈസ്, ജോർദാൻ പിക്ക്ഫോർഡ്, ബുക്കായോ സാക്ക തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന 26 അംഗ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോബി മൈനു, മോർഗൻ റോജേഴ്സ്, ടിനോ ലിവ്‌റാമെന്റോ എന്നീ യുവ പ്രതിഭകളും ടീമിലുണ്ട്. ക്യാപ്റ്റൻ ഹാരി കെയിനൊപ്പം മാർക്കസ് റാഷ്‌ഫോർഡ്, ഒല്ലി വാറ്റ്കിൻസ്, ഇവാൻ ടോണി, ആന്റണി ഗോർഡൻ എന്നിവരാണ് ആക്രമണനിര നയിക്കുന്നത്. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ പശ്ചിമ ജർമ്മനിയെ തോൽപ്പിച്ച് നേടിയ ഏക ലോകകപ്പ് കിരീടത്തിന് ശേഷം തങ്ങളുടെ രണ്ടാം കിരീടമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home