ad
Deshabhimani

ന്യൂയോർക്കിൽ ട്രംപിന്റെ സന്ദർശനത്തിന് മുൻപ് റെയിൽവേ സ്റ്റേഷനിൽ കത്തിക്കുത്ത്; അഞ്ച് പേർക്ക് പരിക്ക്

US

സംഭവത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയപ്പോൾ |Photo:Getty Images

വെബ് ഡെസ്ക്

Published on Jun 08, 2026, 10:23 AM | 1 min read

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയ ന്യൂയോർക്ക് നഗരത്തിൽ കത്തിക്കുത്ത്. പ്രമുഖ റെയിൽവേ സ്റ്റേഷനായ പെൻ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പെട്ടെന്നുണ്ടായ പ്രകോപനത്താൽ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ ഫൈനൽസ് മത്സരം കാണാൻ ഇന്ന് ഡോണാൾഡ്‌ ട്രംപ് ന്യൂയോർക്ക് സന്ദർശിക്കാനിരിക്കെയാണ് നഗരത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന ന്യൂയോർക്ക് നിക്സും സാൻ അന്റോണിയോ സ്പർസും തമ്മിലുള്ള മൂന്നാം മത്സരമാണ് ട്രംപും ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയും നേരിട്ടെത്തി കാണുന്നത്. ഈ സ്റ്റേഡിയത്തിന് തൊട്ടുതാഴെയാണ് പെൻ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.


പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ച് സ്റ്റേഡിയത്തിന് ചുറ്റും ബാഗുകൾ നിരോധിക്കുകയും പുറത്തുവെച്ച് നടത്താനിരുന്ന വാച്ച് പാർട്ടി റദ്ദാക്കുകയും ഉൾപ്പെടെയുള്ള കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ കത്തിക്കുത്ത് ഉണ്ടായത്. സംഭവത്തെത്തുടർന്ന് നഗരത്തിൽ സുരക്ഷാ സജ്ജീകരണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home