ad
Deshabhimani

റിസര്‍വ് ബാങ്ക് ഇടപെടലുകളും ഫലം കണ്ടില്ല, രൂപയൂടെ മൂല്യം വീണ്ടും താഴേക്ക്

rupee
വെബ് ഡെസ്ക്

Published on Jun 08, 2026, 10:08 AM | 2 min read

മുംബൈ: പാചകവാതക-ഇന്ധ വിലവര്‍ധനവുകൾക്ക് പിന്നാലെ രൂപയുടെ മൂല്യത്തിൽ അടിക്കടിയുണ്ടാകുന്ന അസ്ഥിരത വിപണിയെയും സാധാരണക്കാരെയും ആശങ്കയിൽ ആഴ്ത്തുന്നു. വിലക്കയറ്റ നിരക്ക് ഇനിയും വര്‍ധിക്കാവുന്ന സാഹചര്യവും ഭീതിയാവുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിസർവ്വ് ബാങ്ക് പണനയ പ്രഖ്യാപനത്തോടൊപ്പം വിദേശ മൂലധന നിക്ഷേപം കൂട്ടാനും ലിക്വിഡിറ്റി ഉറപ്പാക്കാനും ശക്തമായ ഇടപെടലുകൾ നടത്തിയപ്പോൾ രൂപ വൻ തിരിച്ചുവരവ് നടത്തിയിരുന്നതാണ്. എന്നാൽ ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദങ്ങൾ എല്ലാം മറികടന്ന് രൂപയുടെ തകര്‍ച്ച തുടരുന്ന സാഹചര്യമാണ്.


തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടൻ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഇടിഞ്ഞ് 95.35 എന്ന നിലവാരത്തിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വിദേശ മൂലധന നിക്ഷേപം ഉയർത്താനും ലിക്വിഡിറ്റി ശക്തമാക്കാനും റിസർവ് ബാങ്ക് പ്രത്യേക നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രൂപ 56 പൈസയുടെ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇപ്പോൾ റെക്കോര്‍ഡ് തകര്‍ച്ചയിലാണ്.


എണ്ണവിലയിൽ വൻ കുതിപ്പ്


ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണമാണ് അന്താരാഷ്ട്ര വിപണിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. ഇതോടെ ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില 3.43 ശതമാനം ഉയർന്ന് ബാരലിന് 96.28 ഡോളറിലെത്തി. ഇന്ത്യ ഭൂരിഭാഗം എണ്ണയും ഇറക്കുമതി ചെയ്യുന്നതിനാൽ, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ഈ വർദ്ധനവ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണമായി. ആറ് പ്രമുഖ കറൻസികൾക്കെതിരെയുള്ള ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ ഇൻഡക്സ് 0.42 ശതമാനം ഉയർന്ന് 95.33-ൽ എത്തി നിൽക്കുകയാണ്.

ഓഹരി വിപണിയിലും തകർച്ച


രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ചയാണ് രേഖപ്പെടുത്തിയത്. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 724.95 പോയിന്റ് ഇടിഞ്ഞ് 73,518.39 ലും നിഫ്റ്റി 222.45 പോയിന്റ് താഴ്ന്ന് 23,138.60 ലും എത്തി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (FIIs) കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 8,776.25 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതും വിപണിയെ ദോഷകരമായി ബാധിച്ചു.


അതേസമയം, മേയ് 28-ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 938 ദശലക്ഷം ഡോളർ വർധിച്ച് 682.321 ബില്യൺ ഡോളറിലെത്തിയതായി ആർബിഐ അവകാശപ്പെട്ടു.


സ്വർണ്ണവിലയും ആശങ്കയിൽ

കഴിഞ്ഞ ദിവസങ്ങളിൽ രൂപയുടെ കരുത്തിലും ആഗോള വിപണിയിലെ മാറ്റങ്ങളിലും സ്വർണ്ണ-വെള്ളി വിലകളിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഡോളർ വീണ്ടും ശക്തമാകുന്നതും രൂപ ഇടിയുന്നതും വരും ദിവസങ്ങളിൽ സ്വർണ്ണവിലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.


ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് തിരിച്ചടികൾ ഒഴിവാക്കാനും സമാധാന ചർച്ചകളുമായി മുന്നോട്ട് പോകാനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ ഈ ചർച്ചകളുടെ പുരോഗതിയെ ആശ്രയിച്ചായിരിക്കും വരും ദിവസങ്ങളിൽ രൂപയുടെയും വിപണിയുടെയും ഭാവി. സര്‍ക്കാര്‍ നിയന്ത്രണങ്ങൾ പൂര്‍ണമായും പാളിയതോടെ രൂപ ലോക വിപണിക്ക് അനുസൃതമായി മൂല്യ ശോഷണം നേരിടുന്ന സാഹചര്യമാണ്. നേരിയ വര്‍ധ പോലും നിലനിര്‍ത്താനും കഴിയാത്ത സാഹചര്യം എത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home