ഫ്രഞ്ച് ഓപ്പൺ നേടി സ്വരേവ്

പാരിസ് : കളിമൺകോർട്ടിൽ അലക്‌സാണ്ടർ സ്വരേവിന് സ്വപ്‌നസാഫല്യം. ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻകാരൻ ചാമ്പ്യനായി. ഇരുപത്തൊമ്പതുകാരന് ടെന്നീസ് ജീവിതത്തിലെ ആദ്യ ഗ്രാൻഡ്‌സ്ലാം കിരീടമാണ്. ഫൈനലിൽ പൊരുതിക്കളിച്ച ഇറ്റലിയുടെ ഫ്‌ളാവിയോ കൊബൊല്ലിയെ അഞ്ച് സെറ്റിൽ കീഴടക്കി. നാലേകാൽ മണിക്കൂർ നീണ്ട പോരിൽ 6–1, 4–6, 6–4, 6–7, 6–1നാണ് വിജയം.
ആദ്യ സെറ്റ് 39 മിനിറ്റിൽ അനായാസം നേടിയ സ്വരേവിനെ അമ്പരപ്പിച്ച ചെറുത്തുനിൽപ്പാണ് കൊബൊല്ലി നടത്തിയത്. 54 മിനിറ്റിൽ രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് കരസ്ഥമാക്കി സ്വരേവ് വീണ്ടും ആധിപത്യം നേടി. ടൈബ്രേക്കിലേക്ക് നീണ്ട നാലാം സെറ്റിൽ കൊബെല്ലി അവിശ്വസനീയ തിരിച്ചുവരവ് നടത്തി. എന്നാൽ നിർണായകമായ അവസാന സെറ്റിൽ സ്വരേവ് എതിരാളിയെ നിഷ്‌പ്രഭമാക്കി.
എക്കാലവും സൂപ്പർതാരങ്ങളുടെ കുതിപ്പിൽ പിന്തള്ളപ്പെട്ട ചരിത്രമാണ് സ്വരേവിന്റേത്. 12 വർഷം നീണ്ട ടെന്നീസ് ജീവിതത്തിനിടയിൽ മുമ്പ് മൂന്നുതവണ ഗ്രാൻഡ്‌സ്ലാം ഫൈനലിലെത്തിയെങ്കിലും കിരീടം സാധ്യമായില്ല. 2024 ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കാർലോസ് അൽകാരസിനോട് തോറ്റു. യാനിക് സിന്നെറും നൊവാക് ജൊകോവിച്ചും നേരത്തെ പുറത്തായത് ഗുണം ചെയ്‌തു. ചാമ്പ്യനായ അൽകാരസ് പരിക്കിനെത്തുടർന്ന് കളിച്ചതുമില്ല.









0 comments