സന്തോഷ് ട്രോഫി: ഫൈനലിൽ ഗോളില്ലാ കളി; അധികസമയത്തിലേക്ക്

ഫുട്ബോൾ ഫെെനലിൽ സർവീസസിനെ ഗേൾ നേടാനുള്ള കേരളത്തിന്റെ ടി ഷിജിന്റെ ശ്രമം| ഫോട്ടോ: പി വി സുജിത്
അജിൻ ജി രാജ്
Published on Feb 08, 2026, 03:02 PM | 1 min read
ദിബ്രുഗഢ് (അസം): സന്തോഷ് ട്രോഫി ഫൈനലിൽ കേരള- സർവീസസ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഇതോടെ അധികസമയത്തിലേക്ക് (30 മിനിറ്റ്) കളി നീങ്ങി. ഇതിലും സമനില തുടർന്നാല്‍ ഷൂട്ടൗട്ടിൽ വിധി നിർണയിക്കും.
നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരുടീമുകൾക്കും ലക്ഷ്യം കാണാനായില്ല. ആവേശകരമായ ഫൈനൽ പോരാട്ടത്തിനാണ് ധാകുവാഖാന സ്റ്റേഡിയം സാക്ഷിയായത്. കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കേരളത്തിന്റെ ഒ എം ആസിഫ് പരിക്കേറ്റ് മടങ്ങി.
തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ സെമിയിൽ നിന്നുള്ള ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഇടതുവിങ്ങിൽ എം വിഘ്‌നേഷിന് പകരം ടി ഷിജിൻ എത്തി. കേരള ടീം: എസ് ഹജ്മൽ (ഗോൾ കീപ്പർ), മുഹമ്മദ് റിയാസ്, എം എം അർജുൻ, ടി ഷിജിൻ, വി അർജുൻ, ഒ എം ആസിഫ്, മുഹമ്മദ് അജ്സൽ, എം മനോജ്, ബിബിൻ അജയൻ, ജി സഞ്ജു (ക്യാപ്റ്റൻ), എസ് സന്ദീപ്. സർവീസസ് ടീമിൽ മൂന്നു മലയാളികളുണ്ട്. പി പി മുഹമ്മദ് ഷനൂസ്, വിജയ് ജെറാൾഡ്, ജിജോ ജെറോൺ എന്നിവർ. ഇതിൽ വിജയിയും ജെറോണും കളത്തിലുണ്ട്.
സെമിയിൽ പഞ്ചാബിനെ നാല് ഗോളിന് തകർത്താണ് ജി സഞ്ജു ക്യാപ്‌റ്റനായ കേരളം സെമിയിലെത്തിയത്. കേരളത്തിന്റെ 16–ാം ഫൈനലാണ്. 2022ൽ മലപ്പുറം മഞ്ചേരിയിലാണ് അവസാനമായി ജേതാക്കളായത്. കഴിഞ്ഞ വർഷം ഫൈനലിൽ ബംഗാളിനോടേറ്റ തോൽവി നീറ്റലായി മനസ്സിലുണ്ട്. തിരുത്തലിന്റെയും തിരിച്ചറിവിന്റെയും പാഠവുമായാണ് സർവീസസിനെതിരെ കലാശപ്പോരിന് ബൂട്ടുകെട്ടുന്നത്.
ഏഴുതവണ ജേതാക്കളായ സർവീസസാകട്ടെ റെയിൽവേസിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഗ്രൂപ്പ്‌ഘട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒറ്റ ഗോളിന് പട്ടാളപ്പട ജയിച്ചിരുന്നു. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ രണ്ടാംതവണയാണ് കേരളവും സർവീസസും ഫൈനലിൽ മുഖാമുഖമെത്തുന്നത്. 2013ൽ കൊച്ചിയിൽ ഷൂട്ടൗട്ടിൽ കേരളം തോറ്റു.










0 comments