ad
Deshabhimani

print edition ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടപ്പോര്‌ കടുക്കുന്നു

english premier league
വെബ് ഡെസ്ക്

Published on Apr 15, 2026, 12:01 AM | 2 min read

ലണ്ടൻ: ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്ബോളിൽ അപ്രതീക്ഷിത വഴിത്തിരിവ്‌. കഴിഞ്ഞ മത്സരത്തിൽ ഒന്നാമതുള്ള അഴ്‌സണൽ ബോണിമ‍ൗത്തിനോട്‌ തോൽക്കുകയും രണ്ടാംസ്ഥാനക്കാരായ മാഞ്ചസ്‌റ്റർ സിറ്റി ചെൽസിയെ തോൽപ്പിക്കുകയും ചെയ്‌തതോടെ കിരീടപ്പോര്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുകയാണ്‌. 19ന്‌ സിറ്റിയും അഴ്‌സണലും മുഖാമുഖമെത്തുകയാണ്‌. ഇ‍ൗ പോരാകും ജേതാവിനെ തീരുമാനിക്കുക. ആറ്‌ കളി ശേഷിക്കെ അഴ്‌സണലിന്‌ 70 പോയിന്റാണ്‌. സിറ്റിക്ക്‌ ഏഴ്‌ കളി ബാക്കിയുണ്ട്‌. 64 പോയിന്റ്‌. അടുത്ത കളിയിൽ അഴ്‌സണലിനെ തോൽപ്പിച്ചാൽ വ്യത്യാസം മൂന്നായി കുറയും. ഒരു കളി കൂടുതലെന്നതിന്റെ ആനുകൂല്യവും പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിനുണ്ട്‌. അതേസമയം, അഴ്‌സണലിനോട്‌ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്‌താൽ സിറ്റിയുടെ സാധ്യതകൾ അവസാനിക്കും.


അഴ്‌സണലിനാണ്‌ സമ്മർദം. സീസണിൽ നാല്‌ കിരീടമായിരുന്നു ലക്ഷ്യം. അതിനൊപ്പിച്ചുള്ള പ്രകടനവുമായിരുന്നു അവസാന ഘട്ടംവരെ. പക്ഷേ, ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫൈനലിൽ സിറ്റിയോട്‌ തോറ്റതോടെ ആദ്യ തിരിച്ചടി നേരിട്ടു. രണ്ടാഴ്‌ചക്കിടെ സതാംപ്‌ടണോട്‌ തോറ്റ്‌ എഫ്‌ എ കപ്പിൽനിന്നും പുറത്തായി. ഇതിനിടെ ചാന്പ്യൻസ്‌ ലീഗ്‌ ആദ്യപാദ ക്വാർട്ടറിൽ സ്‌പോർടിങ്‌ ലിസ്‌ബണിനെതിരെ ഒറ്റ ഗോൾ ജയം നേടി. തുടർന്ന്‌ ലീഗിൽ ബോണിമ‍ൗത്തിനോട്‌ തോറ്റു. നാളെ ചാന്പ്യൻസ്‌ ലീഗ്‌ ക്വാർട്ടർ രണ്ടാംപാദത്തിൽ സ്‌പോർടിങ്ങിനെ നേരിടാനൊരുങ്ങുകയാണ്‌ മൈക്കേൽ അർടേറ്റയുടെ സംഘം.


ബുകായോ സാക്ക, മാർടിൻ ഒദെഗാർദ്‌, ജൂറിയെൻ ടിംബെർ എന്നിവരുടെ പരിക്കാണ്‌ ടീമിനെ തളർത്തിയത്‌. 19ന്‌ സിറ്റിയുമായുള്ള കളിയിൽ ഇവർ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷ. ന്യൂകാസിൽ യുണൈറ്റഡ്‌, ഫുൾഹാം, വെസ്‌റ്റ്‌ഹാം യുണൈറ്റഡ്‌, ബേൺലി, ക്രിസ്‌റ്റൽ പാലസ്‌ ടീമുകളെയാണ്‌ ഇനി ലീഗിൽ നേരിടേണ്ടത്‌. അഴ്‌സണലിനെ തോൽപ്പിച്ച്‌ ലീഗ്‌ കപ്പ്‌ നേടിയതാണ്‌ സിറ്റിയുടെ ഇ‍ൗ സീസണിലെ ഏറ്റവും മികച്ച നേട്ടം. ചാന്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡിനോട്‌ തോറ്റ്‌ പുറത്തായി. എഫ്‌ എ കപ്പിന്റെ സെമിയിൽ കടന്നിട്ടുണ്ട്‌. ലീഗിൽ പ്രതീക്ഷ കുറവായിരുന്നു. എന്നാൽ അഴ്സണലിന്‌ അടിതെറ്റിയത്‌ സിറ്റിയുടെ സാധ്യതകൾ സജീവമാക്കി. എർലിങ്‌ ഹാലണ്ട്‌ ഗോളടിമികവിലേക്ക്‌ തിരിച്ചെത്തിയില്ലെങ്കിലും അന്റോയ്‌ൻ സെമെന്യോ, റയാൻ ചെർക്കി, നിക്കോ ഒറെയ്‌ലി എന്നിവരുടെ പ്രകടനം സിറ്റിക്ക്‌ പ്രതീക്ഷ നൽകുന്നു. അതേസമയം, മൂന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണെെറ്റഡ് കഴിഞ്ഞ ദിവസം ലീഡ്സ് യുണെെറ്റഡിനോട് സ്വന്തംതട്ടകത്തിൽ തോറ്റു (2–1).





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home