ചാമ്പ്യൻസ് ലീഗിൽ ഗോൾ മഴ പെയ്യിച്ച് കോമോ; ലാൻസിനെ 9-1ന് തകർത്തെറിഞ്ഞു

ലണ്ടൻ: യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഗോളടിച്ച് കൂട്ടി ചരിത്ര പുസ്തകത്തിൽ ഇടം നേടി കോമോ. ലെൻസിനെ 9-1ന് തകർത്തെറിഞ്ഞാണ് ഇറ്റാലിയൻ ക്ലബ്ബ്, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഒമ്പത് ഗോളുകൾ നേടിയ ബയേൺ മ്യൂണിക്കിന്റെ റെക്കോഡിനൊപ്പമാണ് കോമോയുമെത്തിയത്. ലിവർപൂളും റയൽ മാഡ്രിഡും സ്വന്തം തട്ടകത്തിൽ നേടിയ എട്ട് ഗോളുകളുടെ വിജയ മാർജിനൊപ്പമെത്താനും ഫാബ്രിഗാസിന്റെ ടീമിനായി. 1971ന് ശേഷം യൂറോപ്യൻ കപ്പിൽ എവേ മത്സരത്തിൽ ഒമ്പത് ഗോളുകൾ നേടുന്ന ആദ്യ ടീമാണ്.
മത്സരത്തിലുടനീളം ആക്രമണം അഴിച്ചുവിട്ട കോമോയ്ക്കായി ഡൂവികാസ് (7, 32, 57) ഹാട്രിക് ഗോളുമായി തിളങ്ങി. ഒരു ഗോളും രണ്ട് അസിസ്റ്റുമായി അർജന്റീനയുടെ യുവതാരം നിക്കോ പാസും കളംനിറഞ്ഞു. ആദ്യപകുതിയിൽ ഡൂവിക്കാസിന്റെ രണ്ട് ഗോളുകൾ ഉൾപ്പെടെ 3-0ന് മുന്നിലായിരുന്ന കോമോ. ഇടവേളയ്ക്ക് ശേഷമുള്ള 22 മിനിറ്റിനുള്ളിൽ അഞ്ച് ഗോളുകൾ കൂടി അടിച്ചുകൂട്ടി. അതിനിടയിൽ ഡൂവിക്കാസ് തന്റെ ഹാട്രിക് പൂർത്തിയാക്കി. ലെൻസിന് വേണ്ടി റൂബൻ അഗ്യുലാർ (65) ഒരു ഗോൾ മടക്കിയെങ്കിലും ഇഞ്ചുറി ടൈമിൽ മറ്റെയോ പാപ്പാസിയോളി കൊമോയുടെ വിജയം പൂർത്തിയാക്കി.
ഡൂവികാസിന് പുറമെ നിക്കോ പസ് (40), ലൂക്കാ ഡാ കൂഞ്ഞ (47), മാർക്ക്- ഒലിവർ കെമ്പ്ഫ് (54), മാറ്റിയ ലിബറലി (62), മാർട്ടിൻ ബാതുരിന (69), മാറ്റിയോ പപാച്ചിയോളി (90+1) എന്നിവരാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ നാലിൽ മൂന്നും ജയിച്ച കോമോ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. 19 ഗോളുകളാണ് ഇതുവരെ അടിച്ച് കൂട്ടിയത്.
2019-ൽ സാമ്പത്തികമായി തകർന്ന് ഇറ്റാലിയൻ ഫുട്‌ബോളിന്റെ നാലാം ഡിവിഷനിൽ (സീരി ഡി) ഒതുങ്ങിപ്പോവുകയും കഴിഞ്ഞ 13 വർഷത്തിനിടെ മൂന്ന് തവണ പാപ്പരായി ജപ്തിയുടെയും അടച്ചുപൂട്ടലിന്റെയും വക്കിലെത്തുകയും ചെയ്ത ക്ലബ്ബ്, ഇന്ന് യൂറോപ്യൻ ഫുട്‌ബോളിലെ വിജയഗാഥകളിലൊന്ന് രചിക്കുകയാണ്.








0 comments