കസ്‌റ്റഡി മർദനം
ആദിവാസി ക്ഷേമസമിതി കലക്ടറേറ്റ് മാർച്ച് നടത്തി

ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം ആദിവാസി യുവാവിനെ വീട്ടിലും സ്വകാര്യ വാഹനത്തിലുമിട്ട് ക്രൂരമായി മർദിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി (എകെഎസ്) കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആദിവാസികളും ബഹുജനങ്ങളും അണിനിരന്നു. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. എകെഎസ് ജില്ലാ പ്രസിഡന്റ് ജോസഫ് ഡേവിഡ് അധ്യക്ഷനായി. എകെഎസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ അനിൽ, പികെഎസ് ജില്ലാ സെക്രട്ടറി എം വി തന്പി, പ്രസിഡന്റ് അനിൽകുമാർ, എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വിജയലക്ഷ്‌മി, ജില്ലാ സെക്രട്ടറി കെ ആർ സെയ്‌ൻ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി പി കെ സുധാകരൻ എന്നിവർ സംസാരിച്ചു. ഒക്‌ടോബർ 23ന് രാവിലെയാണ് മഫ്‌തിയിലെത്തിയ അഞ്ച് പൊലീസുകാർ പൂഞ്ഞാർ പെരിങ്ങുളം ഇടക്കര ഉന്നതിയിലെ പി ആർ അഭിലാഷിനെ മോഷണക്കുറ്റം ആരോപിച്ച് കസ്‌റ്റഡിയിലെടുത്ത് മർദിച്ചത്. അഭിലാഷിന്റെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. പൊലീസിനെതിരെ നടപടി വേണമെന്നും കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.







0 comments