കോംഗോ മതിൽ പൊളിച്ച് കൊളംബിയ; ജയത്തോടെ നോക്കൗട്ടിലേക്ക്

കൊളംബിയയ്ക്കായി ഗോള്‍ നേടിയ ഡാനിയേൽ മുനോസ് | photo credits: FIFA World Cup facebook.com/photo
ഹൂസ്‌റ്റൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയുടെ വൻമതിൽ പൊളിച്ച് കൊളംബിയ. ഏകപക്ഷീയമായ ഒരുഗോളിനാണ് ജയം. 76-ാം മിനിറ്റിൽ ഡാനിയേൽ മുനോസ് നേടിയ ഗോളാണ് ടീമിന് ജയമൊരുക്കിയത്. ഗ്രൂപ്പ് കെ യിൽ രണ്ട് ജയവുമായി കൊളംബിയ നോക്കൗട്ടിലേക്ക് കുതിച്ചു.
ആദ്യ മത്സരത്തില്‍ നേടിയ സമനിലയുടെ കരുത്തിൽ കളത്തിലിറങ്ങിയ കോംഗോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കത്തിൽ തന്നെ കൊളംബിയ ആക്രമിച്ച് കളിച്ചെങ്കിലും കോംഗോ ഗോളി ലയണൽ എംപാസിയെ മറികടക്കാനായില്ല. ഗോളെന്നുറപ്പിച്ച ആറോളം ഷോട്ടുകൾ എംപാസി തട്ടിയകറ്റി.
രണ്ടാം പകുതിയിൽ ഗോളിനായി കൊളംബിയ നടത്തിയ ശ്രമങ്ങൾ 76-ാം മിനിറ്റിൽ ഗോളായി മാറി. ബോക്സിനുള്ളിൽ നിന്ന് ലഭിച്ച പന്ത് ഗോളിക്ക് അവസരം നൽകാതെ ഡാനിയേൽ മുനോസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ സൂപ്പർതാരം ലൂയിസ് ഡയസ് രണ്ട് തവണ ഗോൾ നേടിയെങ്കിലും രണ്ടും നിഷേധിക്കപ്പെട്ടു. ഓഫ്സൈഡും ഫൗളുമാണ് താരത്തിന് തിരിച്ചടിയായത്.
കൊളംബോ ആക്രമണങ്ങൾക്കിടയിലും അവസാന നിമിഷം സമനിലയ്ക്കായി കനത്ത പോരാട്ടമാണ് കോംഗോ നടത്തിയത്. കളിയുടെ 90-ാം മിനിറ്റിൽ കോംഗോയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് കൊളംബിയൻ ഗോളി തട്ടിയകറ്റി. പോസ്റ്റിന് മുന്നിൽ പിന്നീടും കൂട്ടപ്പൊരിച്ചിലുകൾ ഉണ്ടായെങ്കിലും ഒന്നും ഗോളായി മാറിയില്ല.
52 വർഷത്തെ ഇടവേളയ്‌ക്കുശേഷം ലോകകപ്പ് വേദിയിലെത്തിയ കോംഗോ ഫുട്ബോൾ ആരാധകരുടെ മനംകവരുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 1974 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് കളിയും തോറ്റായിരുന്നു കോംഗോയുടെ മടക്കം. 14 ഗോളും വഴങ്ങി. ഇത്തവണ രണ്ട് കളിയിൽ നിന്ന് രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്. പോർച്ചുഗലിനെ 1-1 സമനിലയിൽ തളച്ച് ലോകകപ്പ് ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യ പോയിന്റ് സ്വന്തമാക്കി.










0 comments