ഒന്നാമനാകണം; നോക്കൗട്ട് ഉറപ്പിക്കാൻ പോരിനൊരുങ്ങി കാനറിപ്പട

മിയാമി: നോക്കൗട്ട് ഉറപ്പിക്കാൻ സ്‌കോട്‌ലൻഡിനെതിരെ നിർണായക പോരിനൊരുങ്ങി കാനറിപ്പട. പരിക്ക് മാറിയ സൂപ്പർതാരം നെയ്‌മർ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. താരം ടീമിനൊപ്പം പൂർണ്ണ പരിശീലനം ആരംഭിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നെയ്‌മർ ടീമിലുണ്ടാകുമെന്ന് പരിശീലകൻ കാർലോ ആൻസെലോട്ടിയും വ്യക്തമാക്കിയതോടെ ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ബ്രസീൽ ക്യാമ്പ് ആവേശത്തിലാണ്. ആദ്യ ഇലവനിൽ നെയ്‌മർ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങാനാണ് സാധ്യത. നാളെ പുലർച്ചെ 3.30നാണ് മത്സരം.
രണ്ട് കളിയിൽ ഒരു സമനിലയും ഒരു ജയവുമുള്ള മുൻ ചാമ്പ്യൻമാർ ഗ്രൂപ്പ് ‘സി’യിൽ ഒന്നാമതാണ്. രണ്ടിലും ഗോളടിച്ച വിനീഷ്യസ് ജൂനിയറിൽ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. മുന്നേറ്റത്തിൽ ചേരുന്ന മതേവൂസ് കുന്യക്ക് എതിർ പ്രതിരോധം പിളർക്കാനുള്ള ശേഷിയുണ്ട്. ഹെയ്‌തിക്കെതിരെ മികച്ച ഒത്തിണക്കത്തിൽ പന്ത് തട്ടിയ ലൂകാസ് പക്വേറ്റ– വിനീഷ്യസ്– കുന്യ ത്രയം എതിരാളികൾക്ക് തലവേദനയാകും. ഇവർക്കൊപ്പം നെയ്‌മറും ചേർന്നാൽ അനായാസം ജയം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ടീം.
ഹെയ്‌തിക്കെതിരായ ജയത്തിനിടയിലും മുന്നേറ്റക്കാരൻ റഫീന്യയ്‌ക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. രണ്ട് കളിയിൽ മൂന്ന് പോയിന്റുള്ള സ്‌കോട്‌ലൻഡിനും നോക്കൗട്ട് പ്രതീക്ഷയുണ്ട്. ഗ്രൂപ്പ് ‘സി’യിൽ ഒന്നാമതെത്തിയാൽ റൗണ്ട് ഓഫ് 32ൽ ബ്രസീലിന് എതിരാളിയായെത്തുക ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പിൽ രണ്ടാമതെത്തിയാൽ എഫ് ഗ്രൂപ്പ് ചാമ്പ്യനെയാണ് നേരിടേണ്ടിവരിക. നിലവിൽ എഫ് ഗ്രൂപ്പിൽ നെതർലൻഡ്‌സ് ഒന്നാമതും ജപ്പാൻ രണ്ടാമതുമാണ്.










0 comments