ad
Deshabhimani

ജനറേറ്റർ തകരാർ; ഗിനിയയിലേക്ക്‌ അരിയുമായി പോയ കപ്പലിന്‌ അഭയമേകി കൊല്ലം

AFRICAN SHIP IN KOLLAM
avatar
സ്വന്തം ലേഖിക

Published on Jun 24, 2026, 10:53 AM | 1 min read

കൊല്ലം : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലേക്ക്‌ അരിയുമായി പോയ വിദേശകപ്പലിന്‌ അഭയമേകി കൊല്ലം തുറമുഖം. കരീബിയൻ ദ്വീപായ സെന്റ്‌ കിറ്റ്‌സ്‌ ആൻഡ്‌ നെവിസ്‌ രജ്‌സ്‌ട്രേഷൻ ഉള്ള ‘ഐഒഎൽ സഫയർ’ എന്ന ചരക്കുകപ്പലാണ്‌ ചൊവ്വ വൈകിട്ട്‌ 4.10ന്‌ കൊല്ലം തുറമുഖത്ത്‌ അടുപ്പിച്ചത്‌. ആന്ധ്രയിലെ കാക്കിനാട തുറമുഖത്തുനിന്ന്‌ ആഫ്രിക്കയിലെ കൊണാക്രി തുറമുഖത്തേക്ക്‌ 4000ടൺ അരിയുമായി പോകുകയായിരുന്നു. ഉൾക്കടലിൽ ജനറേറ്റർ തകരാറിനെത്തുടർന്ന്‌ ശനിയാഴ്‌ച കപ്പൽ അധികൃതർ കൊല്ലം തുറമുഖവുമായി ബന്ധപ്പെട്ടു. കൊല്ലത്തെ പാക്‌സ്‌ ഷിപ്പിങ്‌ ഏജൻസിയുടെ സഹായത്തോടെയായിരുന്നു അഭയംതേടൽ. തുടർന്ന്‌ തുറമുഖം, എമിഗ്രേഷൻ, കസ്റ്റംസ്‌ അധികൃതർ കപ്പലിന്‌ അടുക്കാൻ അനുമതി നൽകി.


നടുക്കടലിൽനിന്ന്‌ മൂന്നുദിവസം യാത്രചെയ്‌താണ്‌ കപ്പൽ കൊല്ലം തുറമുഖത്തെത്തിയത്‌. കൊച്ചിയിൽനിന്നുള്ള സാങ്കേതിക വിദഗ്‌ധർ ബുധനാഴ്‌ച എത്തി കപ്പൽ പരിശോധിക്കും. സ്‌പെയർപാർട്‌സുകൾ ഇവിടെ ലഭ്യമല്ലെങ്കിൽ വിദേശത്തുനിന്ന്‌ ഉപകരണങ്ങൾ എത്തിച്ചുവേണം തകരാർ പരിഹരിക്കാനെന്ന്‌ തുറമുഖം അധികൃതർ പറഞ്ഞു. ജനറേറ്റർ തകരാറിലായതോടെ എസി അടക്കമുള്ള സംവിധാനത്തിന്റെ പ്രവർത്തനം നിലച്ചത്‌ ജീവനക്കാരെ ക്ഷീണിതരാക്കിയിരുന്നു. കപ്പലിൽ 15ജീവനക്കാരാണുള്ളത്‌. ശ്രീലങ്ക സ്വദേശിയായ ക്യാപ്റ്റനെക്കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുള്ള ജീവനക്കാരാണ്‌ കപ്പലിലുള്ളത്‌. ഇന്ത്യയിൽനിന്ന്‌ 90ദിവസം യാത്രയുണ്ട്‌ കൊണാക്രി തുറമുഖത്തേക്ക്‌. ജീവനക്കാർക്ക്‌ വെള്ളവും ഭക്ഷണവും തീരുന്ന മുറയ്‌ക്ക്‌ കൊല്ലത്തുനിന്ന്‌ ലഭ്യമാക്കും. ഒരാഴ്‌ച കഴിഞ്ഞും കപ്പൽ ഇവിടെ തുടരുകയാണെങ്കിൽ എമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട്‌ ജീവനക്കാർക്ക്‌ പുറത്തിറങ്ങാനുള്ള അനുമതി നൽകിയേക്കുമെന്ന്‌ തുറമുഖം അധികൃതർ പറഞ്ഞു. തുറമുഖം ഓഫീസർ ക്യാപ്‌റ്റൻ ജിസ്‌മോൻ ജേക്കബ്‌, പഴ്‌സർ ആർ സുനിൽ, പോർട്‌ കൺസർവേറ്റർ കെ അനിൽകുമാർ, വാർഫ്‌ സൂപ്പർവൈസർ ജെ മനോജ്‌ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home