ad
Deshabhimani

തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കി; വൻ തിരിച്ചടി

bjp
വെബ് ഡെസ്ക്

Published on Jun 24, 2026, 10:38 AM | 1 min read

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ ലംഘിച്ച് ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ നടപടിയാണ് കോടതി അസാധുവാക്കിയത്. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിലുള്ള സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നാലാഴ്ചയ്ക്കകം കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു.


സത്യപ്രതിജ്ഞയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ എസ്‌ പി ദീപകാണ് ഹൈക്കോടതിയെ സമീപിച്ചത്. മേയർ തെരഞ്ഞെടുപ്പിന് മുമ്പ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി, ചട്ടംലംഘിച്ച്‌ വോട്ടു ചെയ്‌തവരുടെ വോട്ടുകൾ അസാധുവാക്കണമെന്ന്‌ കലക്ടറോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അംഗങ്ങളായി മാറിയതിനാൽ കോടതിയെ സമീപിക്കാമെന്നാണ് കലക്ടർ അറിയിച്ചത്. നേരത്തേ തെരഞ്ഞെടുപ്പ്‌ കമീഷനും പരാതി നൽകിയിരുന്നുവെങ്കിലും നടപടി എടുത്തിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


2025 ഡിസംബര്‍ 21ന് ശ്രീപത്മനാഭക്ഷേത്രത്തില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം റാലിയായെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. ബിജെപിയിലെ 20 അംഗങ്ങൾ ബലിദാനി, കാവിലമ്മ, തിരുവല്ലം പരശുരാമൻ, ഭാരതാംബ അടക്കമുള്ള നാമങ്ങളിലാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. ഇത് ചട്ടലംഘനമാണെന്ന ഹര്‍ജിയിലെ വാദം ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിം​ഗിൾ ബെഞ്ച് അം​​ഗീകരിച്ചു. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാം, എന്നാല്‍ ഏതെങ്കിലും പ്രത്യേക ദൈവങ്ങളുടെ പേരിലോ ആള്‍ദൈവങ്ങളുടെയോ മറ്റോ പേരില്‍ പാടില്ല എന്ന വാദവും കോടതി ശരിവച്ചു. സുപ്രീംകോടതിയുടേത്‌ അടക്കമുള്ള മുൻവിധികളും ഇടപെടലുകളും വ്യക്തമാക്കിയാണ്‌ എസ് പി ദീപക് പരാതി നൽകിയത്‌.


20 അംഗങ്ങള്‍ക്കും നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് കോടതി നിര്‍ദേശിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home