തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമം; പീഡനക്കേസ് പ്രതിക്ക് നേരെ വെടിയുതിർത്ത് ഡൽഹി പൊലീസ്

കാലന് വെടിയേറ്റ പ്രതി (Photo: ANI)
ന്യൂഡൽഹി: തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പൊലീസ് കാലിന് വെടിവെച്ച് വീഴ്ത്തി. 11 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി ബബ്ലു എന്ന ഫാക്ടറി ഡ്രൈവറാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയത്. തെളിവെടുപ്പിനിടെയായിരുന്നു നാടകീയമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
പൊലീസിനെ ആക്രമിക്കാനും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാനും ശ്രമിക്കുന്നതിനിടെ കീഴ്പ്പെടുത്തുന്നതിനായി കാലിന് വെടിവെയ്ക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് പറയുന്നു. തുടർന്ന് പരിക്കേറ്റ പ്രതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇത്രയും ക്രൂരമായ കുറ്റകൃത്യം ചെയ്ത പ്രതിക്കെതിരെ ജനരോഷം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വലിയ പൊലീസ് സന്നാഹത്തോടെയാണ് ഇയാളെ തെളിവെടുപ്പിന് എത്തിച്ചത്. പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത് അപ്രതീക്ഷിതമായിരുന്നു.
പ്രതിയെ ചികിത്സയ്ക്ക് ശേഷം തിരികെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നീക്കം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും പിന്നീട് പൊലീസ് കണ്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ബിഹാറിൽ നിന്ന് ഡൽഹിയിൽ ജോലിക്കായി എത്തിയ കുടുംബത്തിലെ കുഞ്ഞിനെയാണ് ബബ്ലു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.










0 comments