ഈജിപ്തിന് തോൽവി; ആഫ്രിക്കൻ നേഷൻസ് കപ്പിൽ നൈജീരിയ മൂന്നാമത്

PHOTO: AFP
റബാത്: ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോളിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലും ഈജിപ്തിന് തോൽവി. നൈജീരിയോട് ഷൂട്ടൗട്ടിലാണ് ടീം തോൽവി വഴങ്ങിയത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ തുടർന്നപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നാലിനെതിരെ രണ്ട് ഗോളുകൾക്കാണ് നൈജീരിയ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് സലായും ഒമർ മർമ്മോഷും പെനാൽറ്റികൾ നഷ്ടപ്പെടുത്തിയത് ഈജ്പിതിന് തിരിച്ചടിയായി.
ഫൈനലിൽ ഇന്ന് സ്വന്തം തട്ടകത്തിൽ മൊറോക്കോ സെനഗലിനെ നേരിടും. 1975ലാണ് ആദ്യമായും അവസാനമായും മൊറോക്കോ വൻകരയുടെ ചാമ്പ്യൻമാരായത്. സെനഗലും രണ്ടാം ട്രോഫി ലക്ഷ്യമിട്ടാണ് എത്തുന്നത്. 2021ലെ പതിപ്പിലാണ് ജേതാക്കളായത്. റബാതിലെ പ്രിൻസ് മൗലായ് അബ്‌ദുള്ള സ്‌റ്റേഡിയത്തിൽ രാത്രി 12.30നാണ് ഫൈനൽ പോരാട്ടം.
സെമിയിൽ നൈജീരിയയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് മൊറോക്കോയുടെ വരവ്. ക്യാപ്‌റ്റൻ അഷ്‌റഫ് ഹക്കീമി, ബ്രാഹിം ഡയസ്, യാസിൻ ബോനോ തുടങ്ങിയ സൂപ്പർതാരങ്ങളാണ് കരുത്ത്. സെനഗലാകട്ടെ സെമിയിൽ ഏഴുവട്ടം ജേതാക്കളായ ഇൗജിപ്‌തിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. എല്ലാ നിരയിലും മികച്ച താരങ്ങളാണ്. ക്യാപ്‌റ്റൻ കലിദോ കൗലിബാലി, സാദിയോ മാനെ, ഇദ്രിസ് ഗുയെ, നികോളാസ് ജാക്‌സൻ, എഡ്വേർഡ് മെൻഡി തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്.










0 comments