980 ദിവസം, ഒടുവിൽ നെയ്മർ ബ്രസീൽ ജേഴ്സിയിൽ

മിയാമി: പരിക്കിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് പൂർണക്ഷമതയും കളിമികവും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന സൂപ്പർ താരം നെയ്മർ ഒടുവിൽ കളിക്കാനിറങ്ങി. 980 ദിവസങ്ങൾക്കു ശേഷം ബ്രസീൽ ജേഴ്‌സിയിൽ മടങ്ങിവരവ്. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ 76-ാം മിനിറ്റിൽ പകരക്കാരനായാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ വീണ്ടും മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങിയത്.
കാൽപ്പേശിക്ക് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും നെയ്മർ കളിച്ചിരുന്നില്ല.
മൊറോക്കോയ്ക്കും ഹെയ്തിയ്ക്കുമെതിരായ മത്സരങ്ങളാണ് നെയ്മറിന് നഷ്ടമായിത്. പരിക്കുകൾ തുടർച്ചയായി വന്നപ്പോൾ വിരമിക്കലിനെക്കുറിച്ച് പോലും ആലോചിച്ച ബ്രസീൽ മുന്നേറ്റക്കാരനെ ലോകകപ്പിൽ കളിക്കുക എന്ന മോഹമായിരുന്നു മുന്നോട്ടുനയിച്ചത്. 2023 ഒക്‌ടോബർ 17നാണ് അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന് പിന്നീട് ദേശീയ കുപ്പായത്തിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
2014ലാണ് നെയ്‌മറിന്‍റെ ലോകകപ്പ് അരങ്ങേറ്റം. സ്വന്തം മണ്ണിൽ പ്രതീക്ഷയുമായി ഇറങ്ങിയ ബ്രസീൽ സെമിയിൽ ജർമനിയോട് കൂറ്റൻ തോൽവി വഴങ്ങി പുറത്തായി. ക്വാർട്ടറിൽ പരിക്കേറ്റ നെയ്‌മർക്ക് സെമിയിൽ കളിക്കാനായില്ല. ഗോൾ വേട്ടക്കാരിൽ മൂന്നാമതെത്തി. 2018 ലോകകപ്പിലാണ് പരിക്ക് തിരിച്ചടിയായി തുടങ്ങിയത്. മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞാണ് കളത്തിലെത്തിയത്. ക്വാർട്ടറിൽ ബ്രസീൽ ബൽജിയത്തോട് തോറ്റുമടങ്ങി. 2022ലെ ലോകകപ്പിനൊരുങ്ങുമ്പോൾ ആ സീസണിൽ 20 കളിയിൽ 15 ഗോൾ നേടിയിരുന്നു. 11 എണ്ണത്തിന് അവസരവുമൊരുക്കി. എന്നാൽ പരിക്ക് വീണ്ടും വിനയായി. രണ്ട് കളി നഷ്ടമായി. ഇതിനിടെ പെലെയ്‌ക്കും റൊണാൾഡോയ്‌ക്കുശേഷം മൂന്ന് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ ബ്രസീലുകാരനായി. അപൂർണമായി അവസാനിക്കുന്ന കളി ജീവിതത്തിൽ കോൺഫെഡറേഷൻസ് കപ്പും 2016 -ലെ ഒളിമ്പിക് സ്വർണവും മാത്രമാണ് നെയ്‌മറുടെ നേട്ടം.
നിലവിൽ സാന്റോസിനായാണ് നെയ്മർ കളിക്കുന്നത്. പിഎസ്‌ജി വിട്ട് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിൽ ചേക്കേറിയെങ്കിലും രണ്ടുവർഷം കളിച്ചത് ഏഴ് മത്സരം മാത്രം. പരിക്കും വിശ്രമവും കഴിഞ്ഞ് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ബാല്യകാല ക്ലബ്ബായ സാന്റോസിൽ എത്തിയത്. സീസണിൽ പരിക്കുകാരണം പല കളികളും നഷ്ടമായി.









0 comments