ad
Deshabhimani

വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് ഉപയോഗിച്ചെന്ന് ആരോപണം; യുസ്‌വേന്ദ്ര ചഹൽ വിവാദത്തിൽ

CHAHAL

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 07, 2026, 06:09 PM | 1 min read

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സ് താരം യുസ്‌വേന്ദ്ര ചഹൽ വിമാനത്തിനുള്ളിൽ ഇ-സിഗരറ്റ് (Vape) ഉപയോഗിച്ചെന്ന ആരോപണത്തെത്തുടർന്ന് കടുത്ത വിവാദത്തിൽ. ടീം അംഗം അർഷ്ദീപ് സിംഗ് തന്റെ വ്ലോഗിൽ പങ്കുവെച്ച ദൃശ്യങ്ങളാണ് ചഹലിനെ വെട്ടിലാക്കിയത്. അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ ടീം അംഗങ്ങൾക്കൊപ്പം ഇരിക്കവേ ചഹൽ വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്.


സംഭവം വിവാദമായതോടെ അർഷ്ദീപിന്റെ വ്ലോഗിൽ നിന്ന് ചഹൽ പ്രത്യക്ഷപ്പെടുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റിയതായും ആരോപണമുണ്ട്. എന്നാൽ ഇതിനോടകം തന്നെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചു കഴിഞ്ഞു. വിമാനത്തിനുള്ളിൽ ഇ-സിഗരറ്റും വേപ്പിംഗും കർശനമായി നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ, സഹയാത്രികരുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ അത്യന്തം ഗൗരവകരമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.


ഈ സീസണിലെ രണ്ടാമത്തെ വേപ്പിംഗ് വിവാദമാണിത്. നേരത്തെ ഡ്രസ്സിംഗ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. ചഹലിന്റെ കാര്യത്തിൽ ബിസിസിഐയോ പഞ്ചാബ് കിംഗ്‌സ് ഫ്രാഞ്ചൈസിയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സെലിബ്രിറ്റികൾക്ക് നിയമങ്ങളിൽ ഇളവുണ്ടോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


യുവതാരങ്ങൾ പൊതുവിടങ്ങളിൽ പെരുമാറുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പറഞ്ഞു. "വ്യക്തിപരമായ ഇഷ്ടങ്ങൾ വ്യക്തിപരമായ ഇടങ്ങളിൽ മാത്രം ഒതുക്കുക. നിങ്ങൾ പലർക്കും പ്രചോദനമാണെന്ന് ഓർക്കണം," എന്ന് റിയാൻ പരാഗിന്റെ സംഭവത്തോട് അനുബന്ധിച്ച് അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കിയിരുന്നു. ചഹലിനെതിരെ ഉയർന്ന ആരോപണങ്ങൾ കൂടി വന്നതോടെ ക്രിക്കറ്റ് താരങ്ങളുടെ അച്ചടക്കത്തെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home