ad
Deshabhimani

ചഹാലിന്റെ കരുനീക്കങ്ങൾ

yusvendra chahal
വെബ് ഡെസ്ക്

Published on Apr 17, 2025, 02:57 AM | 1 min read


മുല്ലൻപുർ

അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ യുസ്‌വേന്ദ്ര ചഹാൽ തയ്യാറായിരുന്നു. കാരണം അയാളൊരു ചെസ്‌ കളിക്കാരനായിരുന്നു. ലോക യൂത്ത്‌ ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാണ്‌. ചെസാണ്‌ ക്ഷമ പഠിപ്പിച്ചതെന്ന്‌ ലെഗ്‌സ്‌പിൻ ബൗളറായ ചഹാൽതന്നെ പറഞ്ഞിട്ടുണ്ട്‌. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽനിന്ന്‌ ഒഴിവാക്കപ്പെട്ടപ്പോഴും ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടാതിരുന്നപ്പോഴും പരാതിയില്ലായിരുന്നു. ഒടുവിൽ മികച്ച പ്രകടനത്തിന്‌ അവസരമൊരുങ്ങി. പഞ്ചാബ്‌ കിങ്സിനായി നാല്‌ വിക്കറ്റെടുത്ത്‌ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കീഴടക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതിനുള്ള അംഗീകാരമായി ‘മാൻ ഓഫ്‌ ദി മാച്ച്‌’ ബഹുമതിയും സ്വന്തമാക്കി.


അഞ്ച്‌ കളിയിൽ രണ്ട്‌ വിക്കറ്റായിരുന്നു ആകെ സമ്പാദ്യം. അതിൽ മൂന്നെണ്ണത്തിൽ നാല്‌ ഓവർ മുഴുവനായും കിട്ടിയില്ല. ഒരു കളിയിൽ കിട്ടിയത്‌ ഒരോവർ മാത്രം. അവിടെനിന്നാണ്‌ കൊൽക്കത്തക്കെതിരായ മത്സരത്തിൽ നാല്‌ ഓവറിൽ 28 റൺ വഴങ്ങി നാല്‌ സുപ്രധാന വിക്കറ്റുകൾ കൊയ്‌തത്‌. അജിൻക്യ രഹാനെ, ആൻക്രിഷ്‌ രഘുവൻഷി, റിങ്കുസിങ്, രമൺദീപ്‌ സിങ് എന്നിവരെ പുറത്താക്കിയത്‌ മുപ്പത്തിനാലുകാരന്റെ വൈവിധ്യമുള്ള പന്തുകളാണ്‌.


ഈ സീസണിൽ 18 കോടി രൂപക്കാണ്‌ പഞ്ചാബ്‌ ഈ ലെഗ്‌സ്‌പിന്നറെ സ്വന്തമാക്കിയത്‌. കഴിഞ്ഞ മൂന്ന്‌ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു. 2024ൽ പതിനെട്ടും 2023ൽ 21 വിക്കറ്റും നേടി. 2022ൽ നേടിയ 27 വിക്കറ്റാണ്‌ ഏറ്റവും വലിയ നേട്ടം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത കളിക്കാരനാണ്‌. 166 കളിയിൽ 211 വിക്കറ്റുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home