ad
Deshabhimani

ഉത്തേജക പരിശോധനയിൽ വീഴ്ച; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

jaiswal

Photo Credit: PTI

വെബ് ഡെസ്ക്

Published on May 09, 2026, 03:06 PM | 1 min read

മുംബൈ: ഉത്തേജക പരിശോധനയുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി നോട്ടീസ് അയച്ചു.


നിശ്ചിത സമയത്ത് പരിശോധനയ്ക്കായി താരങ്ങൾ ലഭ്യമാകാത്തതിനെത്തുടർന്ന് ആണ് നാഡയുടെ നടപടി. രണ്ട് താരങ്ങളും നാഡയുടെ രജിസ്റ്റേർഡ് ടെസ്റ്റിംഗ് പൂളിൽ ഉൾപ്പെട്ടവരാണ്.


നാഡയുടെ നിയമപ്രകാരം, ഈ പട്ടികയിലുള്ള കായികതാരങ്ങൾ തങ്ങൾ എവിടെയുണ്ടാകുമെന്ന കൃത്യമായ വിവരവും പരിശോധനയ്ക്കായി ദിവസവും ഒരു മണിക്കൂർ സമയവും മുൻകൂട്ടി അറിയിക്കാൻ ബാധ്യസ്ഥരാണ്.


റിപ്പോർട്ടുകൾ പ്രകാരം, 2025 നവംബർ 7-ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഷഫാലി വർമ്മയെയും, ഡിസംബർ 17-ന് യശസ്വി ജയ്‌സ്വാളിനെയും നിശ്ചിത സ്ഥലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


2026 ഫെബ്രുവരിയിൽ ഇതിന് വിശദീകരണം തേടിയെങ്കിലും താരങ്ങൾ മറുപടി നൽകാത്തതിനെത്തുടർന്ന് ഇത് 'മിസ്ഡ് ടെസ്റ്റ്' ആയി ഔദ്യോഗികമായി രേഖപ്പെടുത്തി.


ഇക്കാര്യം ബിസിസിഐയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും നാഡ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. താരങ്ങൾക്ക് വിശദീകരണം നൽകാൻ അവസാനമായി ഏഴു ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.


ക്രിക്കറ്റ് 2028-ലെ ഒളിമ്പിക്സിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഉത്തേജക വിരുദ്ധ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.


ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


ഉത്തേജക വിരുദ്ധ നിയമപ്രകാരം 12 മാസത്തിനുള്ളിൽ മൂന്ന് തവണ ഇത്തരത്തിൽ പരാജയപ്പെട്ടാൽ അത് ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുകയും രണ്ട് വർഷം വരെ വിലക്ക് നേരിടേണ്ടി വരികയും ചെയ്യും.


ജയ്‌സ്വാളിനും ഷഫാലിക്കും ഇത് ആദ്യത്തെ വീഴ്ചയാണെങ്കിലും തുടർനടപടികൾ ഒഴിവാക്കാൻ കൃത്യമായ വിശദീകരണം നൽകേണ്ടതുണ്ട്.


2019 ൽ പൃഥ്വി ഷാ നിരോധിത മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് എട്ട് മാസത്തെ വിലക്ക് നേരിട്ട സംഭവം നിലനിൽക്കെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home