കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം, പാർലമെന്റിന്റെ ഇരുസഭകളും മൂന്നാം ദിവസവും പ്രക്ഷുബ്ധം

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തിലും കണ്ണീർവാതക പ്രയോഗത്തിലും പ്രതിഷേധിച്ച് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കടുത്ത ബഹളം. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയും ലോകസഭയും ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു. മൺസൂൺ കാല സമ്മേളനം തുടങ്ങി തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സഭ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി പിരിയുന്നത്.
രാജ്യസഭയിൽ പ്രതിഷേധം നിയന്ത്രണാതീതമായതോടെ സഭാ അധ്യക്ഷൻ സി പി രാധാകൃഷ്ണൻ സഭ 12 മണി വരെ നിർത്തിവെക്കുകയാണെന്ന് അറിയിച്ചു. ലോക്സഭ സഭ സമ്മേളിച്ച് കേവലം രണ്ട് മിനിറ്റിനുള്ളിൽ തന്നെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സ്പീക്കർ ഓം ബിർള ഇടപെട്ട് 12 മണി വരെ നിർത്തിവെക്കുന്നതായി അറിയിച്ചു. പ്രതിപക്ഷ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടത് പ്രതിഷേധം രൂക്ഷമാക്കി.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിലെ വീഴ്ചകൾ കാരണം ഉണ്ടായ കടുത്ത പ്രതിസന്ധിയെക്കുറിച്ചും സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരെ പോലീസ് നടത്തിയ അടിച്ചമർത്തലുകളെക്കുറിച്ചും അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ രാജ്യസഭയിൽ ചട്ടപ്രകാരം നോട്ടീസ് നൽകിയിരുന്നു.
പ്രതിപക്ഷ ആവശ്യങ്ങൾക്ക് ഒന്നിനും വഴങ്ങാതായതോടെയാണ് ബഹളം തുടങ്ങിയത്. അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് ലഭിച്ച സംഭാവനകളിൽ സംഘപരിവാര്‍ നേതാക്കൾ നടത്തിയ തട്ടിപ്പിൽ അന്വേഷണവും ചർച്ചയും ആവശ്യപ്പെട്ടതും അംഗീകരിക്കപ്പെട്ടില്ല. ഇതോടെ ഇരുസഭകളും പ്രതിഷേധത്തിൽ മുങ്ങി.
രാജ്യത്തുടനീളം എൻഡിഎ സര്‍ക്കാര്‍ കാലത്ത് കുറഞ്ഞത് 65 റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ട്. പരീക്ഷാ സമ്പ്രദായത്തിലെ പാളിച്ചകളും മാനസിക-സാമ്പത്തിക സമ്മർദ്ദങ്ങളും കാരണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 93 വിദ്യാർത്ഥികളെങ്കിലും ആത്മഹത്യ ചെയ്തുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പരീക്ഷകളുടെയും റിക്രൂട്ട്‌മെന്റുകളുടെയും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സമഗ്രമായ ഒരു ദേശീയ ചട്ടക്കൂട് (National Framework) അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.










0 comments