ad
Deshabhimani

കിരീടം നിലനിർത്താൻ ഓസീസ് , ആദ്യ കിരീടം തേടി ദക്ഷിണാഫ്രിക്ക

ചാമ്പ്യന്‌ മുന്നിൽ ആഫ്രിക്ക ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 
ഫെെനൽ ഇന്ന്

test cricket

ദക്ഷിണാ-ഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയും 
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ലോർഡ്സ് സ്റ്റേഡിയത്തിൽ

വെബ് ഡെസ്ക്

Published on Jun 11, 2025, 03:10 AM | 2 min read

ലോർഡ്‌സ്‌

ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ ആധിപത്യം അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ കഴിയുമോ. ഇന്ന്‌ ആരംഭിക്കുന്ന ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ അതിന്‌ ഉത്തരം നൽകും. ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. ക്രിക്കറ്റിലെ എല്ലാ ലോക ചാമ്പ്യൻഷിപ്പും ഓസീസിന്റെ കൈയിലുണ്ട്‌. ഏകദിന ലോകകപ്പും ട്വന്റി20 ലോകകപ്പും ചാമ്പ്യൻസ്‌ ട്രോഫിയും നേടി. ടെസ്‌റ്റിൽ നിലവിലെ ചാമ്പ്യൻമാരാണ്‌.


ബൗളിങ്‌ നിരയുടെ കരുത്തിലാണ്‌ ഇക്കുറി ഓസീസ്‌ എത്തുന്നത്‌. ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസാണ്‌ കുന്തമുന. ഓസീസ്‌ ബൗളിങ്‌ ചരിത്രത്തിലെ ആദ്യ പത്തിലുള്ള നാല്‌ ബൗളർമാരാണ്‌ ടീമിലുള്ളത്‌. സ്‌പിന്നർ നതാൻ ല്യോൺ (553 വിക്കറ്റ്‌, മൂന്നാമത്‌), മിച്ചെൽ സ്‌റ്റാർക്‌ (382, നാലാമത്‌), കമ്മിൻസ്‌ (294, എട്ടാമത്‌), ജോഷ്‌ ഹാസെൽവുഡ്‌ (279, പത്താമത്‌) എന്നിവരാണ്‌ ലോർഡ്‌സിൽ പന്തെറിയുക.


ഇന്ത്യയുമായുള്ള കഴിഞ്ഞ ടെസ്‌റ്റ്‌ ഫൈനലിൽ കളിച്ച പതിനൊന്നിൽ പത്തുപേരും നിലവിലെ ടീമിന്റെ ഭാഗമാണ്‌. ഓപ്പണർ ഡേവിഡ്‌ വാർണർ മാത്രമാണ്‌ വിരമിച്ചത്‌. വാർണറുടെ സ്ഥാനത്തേക്ക്‌ സ്ഥിരം ഓപ്പണറെ കണ്ടെത്താൻ ഓസീസിന്‌ കഴിഞ്ഞിട്ടില്ല. മുതിർന്ന താരം ഉസ്‌മാൻ ഖവാജ ഒരറ്റത്തുണ്ട്‌. സഹ ഓപ്പണറായി പത്തൊമ്പതുകാരൻ സാം കോൺസ്‌റ്റാസിനെ ചില മത്സരങ്ങളിൽ പരീക്ഷിച്ചിരുന്നു. ഇടംകൈയൻ ബാറ്റർ ട്രാവിസ്‌ ഹെഡാണ്‌ മറ്റൊരു താരം. മാർണസ്‌ ലബുഷെയ്‌ൻ 2016ൽ ഒരു തവണ ഓപ്പണറായിട്ടുണ്ട്‌. സമീപകാലത്ത്‌ മികച്ച പ്രകടനങ്ങളില്ല വലംകൈയൻ ബാറ്റർക്ക്‌. 28.33 ആണ്‌ ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിലെ ബാറ്റിങ്‌ ശരാശരി. എങ്കിലും ലബുഷെയ്‌നായിരിക്കും ഖവാജയുടെ പങ്കാളി.


സ്‌റ്റീവൻ സ്‌മിത്താണ്‌ ശ്രദ്ധേയതാരം. കഴിഞ്ഞയാഴ്‌ച മുപ്പത്താറ്‌ വയസ്സ്‌ പൂർത്തിയായ സ്‌മിത്ത്‌ അവസാന അഞ്ച്‌ ടെസ്‌റ്റിൽ നാലിലും സെഞ്ചുറി നേടിയിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിൽ 10,000 റണ്ണും തികച്ചു. 58 ആണ്‌ ലോർഡ്‌സിലെ ബാറ്റിങ്‌ ശരാശരി.

ബൗളർമാരിൽ ഹാസെൽവുഡിന്റെ തിരിച്ചുവരവ്‌ ഓസീസിന്റെ കരുത്തുകൂട്ടും. കഴിഞ്ഞ പതിപ്പിൽ പരിക്കുകാരണം പേസർ കളിച്ചിരുന്നില്ല. സ്‌കോട്‌ ബോളണ്ടായിരുന്നു പകരക്കാരൻ. മികച്ച രീതിയിൽ പന്തെറിയുന്ന ബോളണ്ടിന്‌ കളിക്കാൻ അവസരം കിട്ടില്ല.


സ്‌മിത്തിന്റെ ആകെ റൺപോലുമില്ല ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റർമാർക്കും കൂടി. ടെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക പരിചയസമ്പത്തിൽ ഏറെ പിന്നിലാണ്‌. ആദ്യ ഫൈനലിന്‌ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക്‌ മികച്ച യുവനിരയുണ്ട്‌. പേസ്‌ ബൗളിങ്ങാണ്‌ ശക്തി. കഗീസോ റബാദ ബൗളിങ്‌ നിരയെ നയിക്കുന്നു. ഓസീസ്‌ ഓപ്പണർ ഖവാജയെ അഞ്ചുതവണ പുറത്താക്കിയിട്ടുണ്ട്‌. ടെസ്‌റ്റിൽ 327 വിക്കറ്റും വീഴ്‌ത്തി. മൂന്ന്‌ വിക്കറ്റ്‌ കൂടി നേടിയാൽ അലൻ ഡൊണാൾഡിനെ മറികടക്കാം. ബാറ്റിലും മിന്നുന്ന മാർകോ ജാൻസെനാണ് പേസ് നിരയിൽ റബാദയ്-ക്ക് കൂട്ട്.


ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിൽ 30 കളിക്കാരെയാണ്‌ പരീക്ഷിച്ചത്‌. അവസാന ഏഴ്‌ ടെസ്‌റ്റിലും തോറ്റില്ല. റ്യാൻ റിക്കിൽട്ടൺ, എയ്‌ദൻ മാർക്രം, ബവുമ, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌, ഡേവിഡ്‌ ബെഡിങ്‌ഹാം എന്നിവരാണ്‌ പ്രധാന ബാറ്റർമാർ. ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞാണ് മിക്ക താരങ്ങളും ടെസ്റ്റ് ചാമ്പ്യൻഷിപ് ഫെെനൽ കളിക്കാൻ എത്തിയത്.


ഓസ്‌ട്രേലിയൻ ടീം

ഉസ്‌മാൻ ഖവാജ, മാർണസ്‌ ലബുഷെയ്‌ൻ, കാമറൂൺ ഗ്രീൻ, സ്‌റ്റീവൻ സ്‌മിത്ത്‌, ട്രാവിസ്‌ ഹെഡ്‌, ബ്യൂ വെബ്‌സറ്റർ, അലെക്‌സ്‌ കാരി, പാറ്റ്‌ കമ്മിൻസ്‌, മിച്ചെൽ സ്‌റ്റാർക്‌, നതാൻ ല്യോൺ, ജോഷ്‌ ഹാസെൽവുഡ്‌.


 ദക്ഷിണാഫ്രിക്കൻ ടീം

എയദ്‌ൻ മാർക്രം, റ്യാൻ റിക്കിൽട്ടൺ, വിയാൻ മുൽദർ, ടെംബ ബവുമ, ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌, ഡേവിഡ്‌ ബെഡിങ്‌ഹാം, കൈൽ വെരിയെന്ന, മാർകോ ജാൻസൺ, കേശവ്‌ മഹാരാജ്‌, കഗീസോ റബാദ, ലുൻഗി എൻഗിഡി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home