ad
Deshabhimani

കഥ

അഡ്രിയാന

ബുക്ക്‌
avatar
ലിൻസി വർക്കി

Published on Aug 29, 2026, 11:37 AM | 10 min read


ഞാൻ മരിക്കാൻ തീരുമാനിച്ചു. പുറത്തിറങ്ങാതെ, മനുഷ്യരെ കാണാതെ ഫ്ലാറ്റിന്റെ നാലു ചുവരുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ ഇനിയെനിക്കാവില്ല. പകരം മേഘങ്ങൾക്കിടയിലൂടെ പറന്നുനടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മരണത്തിന് വേറാരും ഉത്തരവാദിയല്ല. ഞാൻ സ്വമേധയാ എടുത്ത തീരുമാനമാണ്. എനിക്കുള്ളതെല്ലാം എന്തു ചെയ്യണമെന്നെഴുതിയ വിൽപത്രം അലമാരയിലുണ്ട്. മരിക്കാനുപയോഗിച്ച സാമഗ്രികൾ എന്റടുത്തു തന്നെയുണ്ടാവും. എന്നെ പോസ്‌റ്റ്‌മോർട്ടം ചെയ്യുകയോ കുളിപ്പിക്കുകയോ ചെയ്യരുത്. എന്റെ നഗ്നത മറ്റാരും കാണുന്നത് എനിക്കിഷ്ടമല്ല.'

അഡ്രിയാന എഴുതിയതത്രയും ഒരിക്കൽക്കൂടി വായിച്ചുനോക്കി ഡയറി അടച്ച്, സ്വീകരണമുറിയിൽ ആരെങ്കിലും കയറിവരുമ്പോൾ തന്നെ കാണാവുന്ന രീതിയിൽ വച്ചശേഷം കുളിച്ച് ശുദ്ധിയായി ശുഭ്രവസ്ത്രം ധരിച്ചു മരിക്കാനായി കുളിമുറിയിലേക്കു നടന്നു.

വേദനയില്ലാതെ എങ്ങനെ ആത്മഹത്യ ചെയ്യാം എന്ന വിഷയത്തിൽ ഈ ദിവസങ്ങളിൽ അവർ ഗഹനമായ പഠനം നടത്തിയിരുന്നു. അതിനായി അടുത്തുള്ള ആശുപത്രിക്കരികിലുള്ള ഫാർമസിയിൽനിന്ന് ഒരു കുപ്പി ഇൻസുലിനും വലിയൊരു സിറിഞ്ചും വാങ്ങിവച്ചു.

സാധാരണ ചെയ്യുന്നതുപോലെ മുഷിഞ്ഞ അടിവസ്ത്രങ്ങൾ ഊരി കഴുകിയിടുമ്പോൾ കണ്ണാടിയിൽ പ്രതിഫലിച്ച തന്റെ നഗ്നരൂപത്തിലേക്ക് അവർ ആദ്യമായി സൂക്ഷിച്ചുനോക്കി.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

അറുപത്തഞ്ചു വയസ്സായെന്ന് തോന്നാത്ത ശരീരം. പ്രസവിക്കാത്തതിനാൽ പാടുകളില്ലാത്ത വയർ. മുലയൂട്ടാത്തതിനാൽ അധികം ഉടയാത്ത സ്‌തനങ്ങൾ. അങ്ങിങ്ങായി ചുളിഞ്ഞു തുടങ്ങിയെങ്കിലും അമ്പതു വയസ്സിലധികം പറയാത്ത ചർമം. കടഞ്ഞെടുത്തത് പോലെയുള്ള കൈകാലുകൾ.

ഈ മനോഹരമായ ശരീരം ഇത്രനാളും ആരും കാണാതെ കാത്തുസൂക്ഷിച്ചതോർത്തപ്പോൾ അഡ്രിയാനയ്‌ക്ക് കുറ്റബോധം തോന്നി. കുഞ്ഞുങ്ങളെ പ്രസവിക്കാനും പാലൂട്ടാനുമായി ദൈവം സൃഷ്‌ടിച്ച ശരീരത്തെ താൻ വേണ്ടവിധം ഉപയോഗിക്കാഞ്ഞതിൽ അവർ ഖേദിച്ചു. അതിന്റെ പേരിൽ മരിച്ചു ചെല്ലുമ്പോൾ ദൈവം തന്നെ ശിക്ഷിക്കുമോ എന്നുപോലും അവർ ഭയപ്പെട്ടു.

ബാത്ടബ്ബിൽ ചൂടുവെള്ളം നിറയാനായി കാത്തുനിൽക്കുമ്പോൾ അവർ തന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തി.

വീട്ടുകാരുടെ നിർബന്ധത്തെതുടർന്ന് കന്യാസ്ത്രീമഠത്തിൽ ചേരുമ്പോൾ വെറും പതിനഞ്ചു വയസ്സായിരുന്നു പ്രായം. ലില്ലിക്കുട്ടിയെന്നായിരുന്നു അന്നത്തെ പേര്. ഓർഡിനേഷന്റെ സമയത്ത് ഇറ്റലിക്കാരിയായ മദർ സുപ്പീരിയറിന്റെ നിർദേശപ്രകാരം പ്ലേഗിൽനിന്നും ചുഴലിയിൽനിന്നും സംരക്ഷണം നൽകുന്ന വി അഡ്രിയാന്റെ ബഹുമാനാർഥം അഡ്രിയാന എന്ന പേര് സ്വീകരിക്കുകയായിരുന്നു.

ശരീരമെന്നാൽ പാപമാണെന്നു കേട്ടുവളർന്ന ബാല്യം. ശരീരത്തെ വെറുക്കുകയും ആത്മാവിനെ സ്നേഹിക്കുകയും ചെയ്യണമെന്നു പഠിച്ച കൗമാരം. പഠിച്ചതൊക്കെ പ്രാവർത്തികമാക്കാൻ ശ്രമിച്ച യൗവനം. എന്നിട്ടും എല്ലാത്തിൽ നിന്നുമകന്ന് ഒറ്റക്കൊരു ജീവിതമധ്യാഹ്നം.

ഒന്നാം കൗമാരം ദൈവവിളിക്കുവേണ്ടി മാറ്റിവയ്‌ക്കപ്പെട്ടതായിരുന്നു. അതിനാൽത്തന്നെ ആൺകുട്ടികളെ നോക്കുന്നതു പോലും പാപമായി കണക്കാക്കി. നോട്ടം മണ്ണിലേക്കും ക്രൂശിലേക്കും മാത്രമാക്കി. ലോകത്തിന്റെ വിളികൾക്കു മുന്നിൽ ചെവികൾ കൊട്ടിയടച്ചു. ലക്ഷ്യം മാർഗത്തെ സാധൂകരിച്ചു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

മുപ്പത്തിയഞ്ചു വയസ്സുമുതൽ തുടങ്ങിയ രണ്ടാം കൗമാരത്തിൽ പ്രകൃതിയുടെ വിളിയെ അതിജീവിക്കാനാകാതെ കൂടെയുണ്ടായിരുന്നവരിൽ പലരും വിഷമിച്ചപ്പോഴും ദൈവവിളിയിൽ ഉറച്ചുനിന്നു. ഇടയ്‌ക്കെപ്പോഴൊക്കെയോ ചഞ്ചലമായ ഹൃദയത്തെ ശാസിച്ചു കൂടെ നിർത്തി. മനസ്സ് പതറാതിരിക്കാൻ പ്രാർഥനയിലും പ്രായശ്ചിത്തങ്ങളിലും കൂടുതൽ ശ്രദ്ധിച്ചു.

എന്നിട്ടും ഒരിക്കൽ മനസ്സ് കൈവിട്ടുപോകുക തന്നെ ചെയ്‌തു.

മറ്റന്നാൾ ചെറിയൊരു ഓപ്പറേഷന് വേണ്ടി പോകുകയാണെന്നും തിരിച്ചുവരുന്നത് വരെ ക്ലാസിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യണമെന്നും പറയാൻ വേണ്ടി ഒരു ശനിയാഴ്‌ച കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ കൂടെ വേദപാഠം പഠിപ്പിക്കുന്ന മിനി ടീച്ചർ കാത്തുനിൽപ്പുണ്ടായിരുന്നു. കൂടെ സുമുഖനായ ഭർത്താവും മിടുക്കരായ രണ്ടു കുട്ടികളും.

മിനി ടീച്ചറിന്റെ ഭർത്താവിനെ ദൂരെനിന്നു കണ്ടിട്ടുണ്ടെങ്കിലും ഇത്ര അടുത്തു കാണുന്നത് ആദ്യമായിട്ടായിരുന്നു. ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളും കട്ടിമീശയും ഒരൽപ്പം നിരതെറ്റിയ പല്ലുകളും ഗാംഭീര്യമുള്ള സ്വരവുമുള്ള ഒരു ആറടി പൊക്കക്കാരൻ. അയാൾ സംസാരിച്ചപ്പോഴൊക്കെ ആ ശബ്ദത്തിന്റെ മുഴക്കം ഉള്ളിലേക്കിറങ്ങിച്ചെന്ന് ഹൃദയത്തെ പ്രകമ്പനം കൊള്ളിക്കുന്നത് പോലെ തോന്നിപ്പിച്ചു.

കളിയും ചിരിയുമായി അവർ യാത്രപറഞ്ഞ് അകന്നുപോകുന്നത് തെല്ലൊരു അസൂയയോടെയാണ് നോക്കിനിന്നത്. തെരഞ്ഞെടുത്ത വഴിയെക്കുറിച്ച് ആദ്യമായൊരു പശ്ചാത്താപം തോന്നിയത് അന്നാണ്. അതുപോലൊരു കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്നു വെറുതെ ആശിച്ചുപോയി. അടുത്ത നിമിഷം അതു തിരുത്തിയെങ്കിലും തിരിച്ചു ചെല്ലേണ്ട ഏകാന്തതയെക്കുറിച്ചോർത്തപ്പോൾ നെഞ്ചിലൊരു ഭാരം രൂപപ്പെട്ടു.

ചിലപ്പോൾ തോന്നലുകൾ പോലും അറം പറ്റും. മൂന്നാം ദിവസം കേട്ടത് ടീച്ചറിന്റെ മരണവാർത്തയാണ്. ഓപ്പറേഷനിടയിൽ നിലച്ചുപോയ ഹൃദയത്തെ പുനർജീവിപ്പിക്കാൻ ആ ചെറിയ ആശുപത്രിയിൽ സൗകര്യം ഉണ്ടായിരുന്നില്ല. സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിൽ എത്തുന്നതിനു മുേമ്പ ആത്മാവ് ശരീരത്തോട് വിടപറഞ്ഞകന്നിരുന്നു.

വെളുത്ത പൂക്കൾക്കിടയിൽ വിതുമ്പുന്ന മുഖത്തോടെ കിടക്കുന്ന കരുവാളിച്ച ആ രൂപം നോക്കി ‘മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ, കൂടെപ്പോരും നിൻ ജീവിത ചെയ്‌തികളും’ എന്നു പാടുമ്പോൾ ഒരു സഹപ്രവർത്തകയുടെ നഷ്ടത്തിലെന്നതിനേക്കാൾ അവരോട് തോന്നിപ്പോയ അസൂയയെ ഓർത്താണ് കണ്ണുനിറഞ്ഞതും സ്വരം ഇടറിയതും. ഉള്ളിൽ ആർത്തിരമ്പുന്ന സങ്കടക്കടലിനെ നിയന്ത്രിച്ചു നിർത്തി നിസ്സംഗനായി നിൽക്കുന്ന ആ ഭർത്താവിന്റെയും നെഞ്ചു പൊട്ടിക്കരയുന്ന മക്കളുടെയും നേരെ നോക്കാതിരിക്കാൻ പണിപ്പെടുകയായിരുന്നു അന്നേരമൊക്കെയും.

ചടങ്ങുകൾ കഴിയാൻ നോക്കിയിരുന്നത് പോലെ ബന്ധുക്കൾ തിരക്കുകൾ പറഞ്ഞകന്നെന്നും അപ്പനും മക്കളും ഒറ്റയ്‌ക്കായി എന്നും കുട്ടികളിൽനിന്നാണ് അറിഞ്ഞത്. അതു കേട്ടപ്പോൾമുതൽ അവിടെവരെയൊന്നു പോകണം, അവരെ ആശ്വസിപ്പിക്കണം എന്ന് ഉള്ളിലിരുന്നാരോ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.


മൂന്നാല് സിസ്റ്റേഴ്സിനൊപ്പമാണ് ആദ്യം പോയത്. ആ വീട് കണ്ടപ്പോൾ സങ്കടം വന്നുപോയി. അനാഥമായ അടുക്കളയും അലങ്കോലമായ മുറികളും അവിടെയൊരു ഗൃഹനാഥയുടെ ആവശ്യമുണ്ടെന്ന് വിളിച്ചോതുന്നുണ്ടായിരുന്നു. കുട്ടികളുടെ ഒട്ടിയ വയറും വിളറിയ മുഖവും അത് ശരിവച്ചു.

ടീച്ചറുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന ഒരു ദിവസം അടുക്കള സിങ്കിൽ കൂടിക്കിടന്നിരുന്ന പാത്രം കഴുകാൻ തുനിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ നെറ്റി ചുളിച്ചു. അവരെ ഗൗനിക്കാതെ അടുക്കളപ്പുറത്തെ അയയിൽ കഴുകിയിട്ടിരുന്ന കൈലിമുണ്ട് ഉടുപ്പിന്റെ മീതെ ഉടുത്തു. അതിലപ്പോഴും ടീച്ചറുടെ ഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു.

അതണിഞ്ഞപ്പോൾ താൻ മിനി ടീച്ചർ തന്നെ ആണെന്നൊരു തോന്നലുണ്ടായി. ടീച്ചറിന്റെ അഭാവത്തിൽ നോക്കിനടത്താൻ തന്നെ ഏൽപ്പിച്ചതിൽ ഈ വീടുമുണ്ടായിരുന്നു എന്ന ചിന്ത കൈകൾക്ക് വേഗം കൂട്ടി. പാത്രം കഴുകിക്കഴിഞ്ഞപ്പോൾ പുരയ്‌ക്കകവും പിന്നീട് മുറ്റവും തൂത്തു വൃത്തിയാക്കി. അതെല്ലാം കണ്ടുനിന്ന കുഞ്ഞുകണ്ണുകളിലെ കൗതുകമുള്ള ചിരി കണ്ടിട്ടാവാം തുറന്നിട്ട ജനാലയിലൂടെ ഒഴുകിയെത്തിയ കാറ്റിന് വല്ലാത്ത സ്നേഹഭാവം.

അന്നു തിരിച്ചുപോകുന്നതിനു മുമ്പ്‌ ചിലതൊക്കെ തീരുമാനിച്ചുറച്ചിരുന്നു. ആ രാത്രി ഒരുപോള കണ്ണടയ്‌ക്കാനായില്ല. പിറ്റേന്ന് ടീച്ചറുടെ ഭർത്താവിനെ പള്ളിയിൽവച്ചു കണ്ടപ്പോൾ ഹൃദയം ദ്രുതഗതിയിൽ മിടിച്ചു. ശരീരത്തിലാകെ തരിപ്പു പടർന്നു.

‘എത്ര പെട്ടെന്നാണ് തരിശെന്നു കരുതിയിരുന്ന മനസ്സിൽ ഒരു പ്രണയം മുളച്ചു പൊങ്ങിയത്! അത് ആർത്തു വളർന്ന് പടർന്നു പന്തലിച്ചത്! അതിലാകെ പലവർണ സ്വപ്‌നങ്ങൾ നിറഞ്ഞത്! നൂറുമേനിയും അറുപതു മേനിയും മുപ്പതു മേനിയും കൊയ്യാൻ പാകത്തിൽ വിളഞ്ഞു പാകമായത്!’ അന്ന് ഡയറിയിൽ കുറിച്ചിട്ടു.

അയാളോടതെങ്ങനെ പറയും എന്നോർത്ത് സമാധാനം നഷ്ടപ്പെട്ട നാളുകൾ. അയാൾക്കിഷ്ടമാണെങ്കിൽ തന്നെ വീട്ടുകാരും സഭയും അതംഗീകരിക്കുമോ? വേദപാഠ ക്ലാസിൽ പറഞ്ഞുകൊടുത്തു പഠിപ്പിച്ചതിന്റെ വിപരീതം ചെയ്യുന്ന തന്നെ ആ കുട്ടികൾ കളിയാക്കില്ലേ? അവർ തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമോ? അങ്ങനെ എത്രയെത്ര സംശയങ്ങൾ!

ഒടുവിൽ, അയാൾ സമ്മതം പറഞ്ഞാൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞ് തൽക്കാലം സഭാവസ്‌ത്രം ഉപേക്ഷിക്കാമെന്നും ആറുമാസമോ ഒരു വർഷമോ വീട്ടിൽ പോയി നിന്നശേഷം ഒന്നുമറിയാത്തതുപോലെ ആലോചനയുമായി ആരെയെങ്കിലും വിടാൻ അയാളോട് തന്നെ പറയാമെന്നും തീരുമാനിച്ചു. നാട്ടുകാർ പലതും പറയുമായിരിക്കും. പറയുന്നവർ പറയട്ടെ. മറ്റൊരു കാരണം കിട്ടുമ്പോൾ നിർത്തിക്കൊള്ളും.

പക്ഷെ എങ്ങനെ അയാളെ അത് അറിയിക്കും എന്നതായി അടുത്ത പ്രശ്നം. ഒരു പെണ്ണ് പ്രണയം പറയുക എന്നത് തന്നെ നാട്ടുനടപ്പില്ലാത്തതാണ്. അപ്പോൾ ഒരു കന്യാസ്‌ത്രീ രണ്ടു മക്കളുടെ അപ്പനോട് അതു പറയുന്നതെങ്ങനെ?

പിന്നീടുള്ള ദിവസങ്ങളിൽ നെരിപ്പോടില്ലെന്നത് പോലെ ഉരുകി. പ്രണയത്തിന്റെ വ്യഥ മരണത്തോളം വലുതാണെന്നറിഞ്ഞു. ഒടുവിൽ, പറഞ്ഞാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കാൾ പറഞ്ഞില്ലെങ്കിൽ ഉണ്ടാകാവുന്ന നഷ്ടത്തെയോർത്ത് അയാളോടെല്ലാം പറയാൻ തന്നെ തീരുമാനിച്ചു.

കുട്ടികൾ സ്‌കൂളിൽ പോയ തക്കം നോക്കി തനിച്ചാണ് പിന്നീടവിടെ ചെന്നത്. അയാൾ അടുക്കള മുറ്റത്തു പടർന്നു കിടക്കുന്ന കോവൽ പന്തലിന്റെ ചുവട്ടിൽ, വള്ളികൾ പൊട്ടിത്തുടങ്ങിയ പ്ലാസ്റ്റിക് കസേരയിലിരുന്ന് തനിയെ സംസാരിക്കുകയായിരുന്നു. നീളൻ ഉടുപ്പുലയുന്നതിന്റെ ശബ്ദം കേട്ടാവാം ഇലച്ചാർത്തുകൾക്കിടയിൽനിന്ന് ഒരു മഞ്ഞക്കിളി പറന്നുപോയി.

തിരിഞ്ഞു നോക്കിയ അയാളുടെ കണ്ണുകളിലെ നനവ് ഹൃദയത്തെ നനച്ചു. ഓടിച്ചെന്നൊന്നു കെട്ടിപ്പിടിച്ച്, ‘പോട്ടെ, നിങ്ങൾക്കു ഞാനുണ്ട്’ എന്നൊന്നു പറയാൻ ഹൃദയം കൊതിച്ചു.

“സിസ്റ്ററെന്താ തനിച്ച്?” അയാൾ കണ്ണുകളിൽ അത്ഭുതഭാവത്തോടെ എഴുന്നേറ്റു നിന്നു.

“വെറുതെ… ഈ വഴി പോയപ്പോൾ ഒന്നു കയറിയെന്നെ ഉള്ളൂ.’’ തനിച്ചൊന്നു വരാൻ മഠാധിപരോട് പറയേണ്ടിവന്ന കള്ളങ്ങളെ ഓർത്തെടുത്തുകൊണ്ട് പതറിയ സ്വരത്തിൽ പറഞ്ഞു.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

“കുട്ടികൾ ഇവിടില്ല.” അയാൾ നേരെ നോക്കാതെ താഴ്‌ന്ന ശബ്ദത്തിൽ പറഞ്ഞു. തനിയെ വന്നത് ശരിയായില്ല എന്നൊരു ധ്വനി അതിലുണ്ടായിരുന്നു.

“അറിയാം… ഞാൻ നിങ്ങളെ കാണാനാണ്…’’ പറഞ്ഞു തീരും മുമ്പേ വാക്കുകൾ തൊണ്ടയിൽ ഒട്ടിപ്പിടിച്ചു. കൈകാലുകൾ തളരുകയും കണ്ണുകളിൽ ഇരുട്ടു കയറുകയും ചെയ്‌തപ്പോൾ വീണുപോകാതിരിക്കാൻ അടുത്തുള്ള പേരമരത്തിൽ ചാരിനിന്നു.

പരവേശം കണ്ടിട്ടാകാം അയാൾ അടുക്കളയിൽ പോയി കുറച്ചു വെള്ളമെടുത്തു കൊണ്ടുവന്നു. കസേരയ്‌ക്കു നേരെ ചൂണ്ടി ഇരിക്കാൻ ആംഗ്യം കാണിച്ചപ്പോൾ ഒരു ആശ്രയം കിട്ടിയ ആശ്വാസത്തിൽ വേഗമിരുന്നു.

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.” വാക്കുകൾ മടിച്ചു മടിച്ചു പുറത്തുവന്നു. പറയാൻ വെമ്പുന്ന വാക്കുകളുടെ ചൂട്‌ താങ്ങാനാവാതെ വിയർപ്പ് കറുത്ത തലമുണ്ട് നനച്ച് നെറ്റിയിലൂടൊഴുകി.

“പറയൂ.” അയാൾ അഭിമുഖം ഇരുന്നു. പറയാൻ പോകുന്നതെന്തായിരിക്കും എന്ന ആകാംക്ഷയെക്കാൾ പറയാതിരിക്കൂ എന്ന യാചന അയാളുടെ മുഖത്തുള്ളതു പോലെ.

“ മിനി ടീച്ചറിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്.” വിറയാർന്ന സ്വരത്തിൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് വെള്ളമെടുത്ത് ഒറ്റവലിക്കു കുടിച്ചുതീർത്തു. എന്നിട്ടും തൊണ്ട വരണ്ടുതന്നെയിരുന്നു. ഹൃദയം ഝടുതിയിൽ മിടിക്കുകയും ആ ശബ്ദം പെരുമ്പറപോലെ ചെവിക്കുള്ളിൽ മുഴങ്ങിക്കേൾക്കുകയും ചെയ്‌തു.

അയാൾ ഒരു ഞെട്ടലോടെ തുറിച്ചുനോക്കി. മുഖം വിളറി വെളുത്തു. അവിശ്വസനീയതയോടെ കുറച്ചു സമയം ഉറ്റുനോക്കി ഇരുന്നശേഷം എഴുന്നേറ്റ് കുനിഞ്ഞ ശിരസ്സോടെ വീടിനുള്ളിലേക്ക് നടന്നു.

ഇപ്പോൾ ഇറങ്ങിവരുമെന്ന പ്രതീക്ഷയോടെ ഏറെ നേരമിരുന്നിട്ടും അയാളെ കാണാതായപ്പോൾ സ്വയം പുച്ഛം തോന്നി. തന്റെ വികാരലോലുപതയെ പഴിച്ചുകൊണ്ട് നിറകണ്ണുകളോടെ, കുറച്ചു ദിവസങ്ങൾ സ്വന്തമെന്നു കരുതിയ ആ ഭവനത്തിന്റെ പടികളിറങ്ങി നടന്നു.

പിന്നീടുള്ള ദിവസങ്ങളിൽ പള്ളിയിൽ പോയില്ല. എങ്കിലും കുറച്ചു ദിവസങ്ങൾക്കുള്ളിൽ അയാളുടെ മറുപടി ഒരു കത്തിന്റെ രൂപത്തിൽ തേടിയെത്തി.

‘ബഹുമാനപ്പെട്ട അഡ്രിയാന സിസ്റ്ററിന്,

അന്നു വീട്ടിൽ വന്ന കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. ഒരു ദൈവകന്യക അപ്രകാരം ചിന്തിക്കുന്നത് പോലും തെറ്റാണ്. വിശുദ്ധ ജീവിതത്തിൽ ആഴപ്പെടുന്നതിനായുള്ള പ്രാർഥനകളോടെ,

സണ്ണിച്ചൻ.’

അതു വായിച്ചപ്പോൾ സങ്കടത്തേക്കാളുപരി ദേഷ്യമാണ് തോന്നിയത്. ആ കത്ത് ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. ദേഷ്യം തീരാഞ്ഞ് നിലത്തിട്ടു ചവിട്ടിത്തിരുമ്മി. തീ പിടിച്ച മനസ്സിൽനിന്ന് വാക്കുകൾ കത്തിയുയർന്നു.

“ഭീരുവായ മനുഷ്യാ… നിങ്ങൾക്കു മനുഷ്യരെക്കുറിച്ചും മനസ്സുകളെക്കുറിച്ചും എന്തറിയാം? സഭാവസ്‌ത്രം അണിഞ്ഞെന്നു കരുതി ഞങ്ങൾ മനുഷ്യരല്ലാതാകുന്നുണ്ടോ? സഭാവസ്‌ത്രം അണിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നതിനെക്കുറിച്ചല്ലല്ലോ, അർഹിക്കുന്ന ബഹുമാനത്തോടെ അതഴിച്ചുവച്ച് ഒരു സാധാരണക്കാരിയായി മാറി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാമെന്നല്ലേ ഞാൻ പറഞ്ഞത്? അതിലെന്താണ് തെറ്റ്? എത്ര പെട്ടെന്നാണ് ഞാൻ കണ്ട സ്വപ്‌നങ്ങളൊക്കെ നിങ്ങൾ തകർത്തു കളഞ്ഞത്. എത്രയോ കഷ്‌ണങ്ങളായാണ് പ്രതീക്ഷകളുടെ ആ ബിംബം നിങ്ങൾ തച്ചുടച്ചു കളഞ്ഞത്!” വിതുമ്പിക്കരഞ്ഞു കൊണ്ട് സങ്കടങ്ങളോക്കെ ചുവരിലേക്ക് കുടഞ്ഞിട്ടു. കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വാപൊത്തിപ്പിടിച്ച് തല ചുവരിൽ പലവുരു ആഞ്ഞിടിച്ചു. ശേഷം ചുവരിലേക്കു ചാരി വിതുമ്പിക്കരഞ്ഞു.

കുറച്ചു നേരം കരഞ്ഞു കഴിഞ്ഞപ്പോൾ മനസ്സ് ശാന്തമായി. എല്ലാം നല്ലതിനായിരിക്കുമെന്ന ഒരു തോന്നലുണ്ടായി. ഒരു പുച്ഛച്ചിരിയോടെ ആ കത്തെടുത്ത് കുനുകുനെ കീറി ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്‌തു കളഞ്ഞു.

ആ സാഹചര്യങ്ങളിൽ നിന്നൊരു മാറ്റം അത്യാവശ്യമായിരുന്നു. ട്രാൻസ്‌ഫറിനപേക്ഷിക്കാൻ ഉപരിപഠനമെന്നൊരു കാരണം കണ്ടെത്തി. സൈക്കോളജിയിൽ മാസ്റ്റേഴ്സിനു ചേർന്നു. പഠനവും തിരക്കുകളുമായി എല്ലാം മറന്നുതുടങ്ങിയപ്പോൾ അന്നു പറഞ്ഞത് തനിക്കു സമ്മതമാണെന്നും പറഞ്ഞ് അയാൾ അന്വേഷിച്ചു വന്നു.

അപ്പോഴേക്കും അന്നു തോന്നിയ സഹതാപവും ഇഷ്ടവുമൊക്കെ പൊയ്‌പ്പോയിരുന്നു. അതൊരു വെറും തോന്നലായിരുന്നു, ഇന്നതില്ല എന്നു പറഞ്ഞ് അയാളെ തിരികെ അയക്കുമ്പോൾ യുദ്ധം ജയിച്ച സന്തോഷമായിരുന്നു ഉള്ളിൽ.

എന്നിട്ടും നാൽപ്പതാം വയസ്സിൽ കാരണങ്ങളൊന്നുമില്ലാതെ ആ കന്യാസ്‌ത്രീ മഠത്തോട് യാത്ര പറഞ്ഞു. നഗരത്തിൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാടകക്കെടുത്തു താമസിച്ചു. സഭയുടെ ചട്ടക്കൂടിൽ നിന്നിറങ്ങിയെങ്കിലും ഒരു സന്യാസിനിക്കനുയോജ്യമായ ജീവിതശൈലി പിന്തുടന്നു.

പഠിച്ച സൈക്കോളജി ജീവിതമാർഗമാക്കി. പലരെയും കേട്ടു. പല മനസ്സുകളെയും സുഖപ്പെടുത്തി. പലർക്കും നല്ല വഴി പറഞ്ഞു കൊടുത്തു. പിരിഞ്ഞൊഴുകാൻ തുനിഞ്ഞ പല നദികളെയും വീണ്ടും ചേർത്തൊഴുകിച്ചു.

ശരീരത്തോട് സ്നേഹം തോന്നി പലരും വന്നു. അവരെയൊക്കെ നിർദാക്ഷിണ്യം മടക്കിയയച്ചു.

വസന്തം കടന്നുപോയി. ശരീരം ഇലകൾ കൊഴിച്ചുതുടങ്ങി. ഇനി വരുന്നത് ഹേമന്തമാണ്. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത കാലം. അതിനുമുമ്പേ കടന്നു പോകണം. അഡ്രിയാന തീരുമാനിച്ചുറച്ചു.

അവർ ബാത്ടബ്ബിൽ പകുതിയോളം നിറച്ച വെള്ളത്തിനുള്ളിലേക്ക് മെല്ലെ കിടന്നു. മുകളിലെ സ്റ്റൈൻലെസ്സ് സ്റ്റീൽ ഷവർ ഹെഡിന്റെ പ്രതലത്തിൽ തന്നെത്തന്നെ പൂർണമായി കണ്ടു. നിന്റെ ജീവിതം ഒരു നഷ്ടമായിരുന്നു എന്ന് ആ പ്രതിബിംബം വിളിച്ചു പറയുന്നത് പോലെ അവർക്കു തോന്നി.

ഇളം ചൂടുവെള്ളം ദേഹത്തു തൊട്ടപ്പോൾ അവർക്ക് ഇക്കിളി അനുഭവപ്പെട്ടു. ലാളിക്കപ്പെടാൻ വേണ്ടി ശരീരത്തിന്റെ ഓരോ അണുവും തരിച്ചു. കൈകൾ ശരീരത്തിലൂടെ ഒഴുകിത്തുടങ്ങി. സ്വയം അറിയുന്ന ആ യാത്രയിലെപ്പോഴോ കൈകൾക്ക് വേഗം കൂടി. ആ ആവേഗങ്ങളെ തടുക്കാനാവാതെ ശരീരം വരിഞ്ഞു മുറുകി. ഒടുവിൽ സ്വർഗീയാനുഭൂതിയിൽ കിതച്ചു നിശ്ചലമായി.

സ്വബോധത്തിലേക്കുണർന്നപ്പോൾ അഡ്രിയാനയ്‌ക്ക് വല്ലാത്ത കുറ്റബോധം തോന്നി. ചെയ്‌തത് തെറ്റായിപ്പോയി എന്ന് മനഃസാക്ഷി ഉപദേശിച്ചു. മരിക്കുന്നതിനു മുമ്പ്‌ ഒന്ന് കുമ്പസരിക്കണമെന്നു തീരുമാനിച്ച് ഉടുത്തുകൊണ്ടു മരിക്കാൻ എടുത്തുവച്ച വെള്ളസാരി ധരിച്ച് അടുത്തുള്ള കപ്പൂച്ചിൻ ആശ്രമത്തിലേക്കു നടന്നു.

എല്ലാ ചൊവ്വാഴ്‌ചയും മണലിട്ടാൽ താഴാത്തവിധം നാനാജാതി മതസ്ഥരായ ആളുകൾ നിറഞ്ഞുകവിയുന്ന പള്ളിയുടെ പരിസരം ലോക്‌ഡൗൺ മൂലം വിജനമായിക്കിടന്നു. വഴിയരികിൽ നിരന്നിരുന്നിരുന്ന ഭിക്ഷക്കാരോ, പച്ചക്കറികൾ കച്ചവടം ചെയ്യുന്ന സ്‌ത്രീകളോ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസോ ആരെങ്കിലും അവിടെയുണ്ടായിരുന്നങ്കിൽ എന്നവർ ആശിച്ചു. എല്ലാ കടകളും അടഞ്ഞു കിടന്നിരുന്നു. പള്ളിയുടെ മുൻവാതിലും.

കുറേനേരം മുറ്റത്തു കാത്തുനിന്നപ്പോൾ ഒരു പൊടിമീശക്കാരൻ വന്ന് പള്ളിയുടെ വലതുവശത്തുള്ള വാതിൽ തുറന്നുകൊടുത്തുകൊണ്ടു പറഞ്ഞു.

‘‘അച്ചൻ പുറത്തുപോയതാണ്. കുർബ്ബാനയില്ലെങ്കിലും ആരെങ്കിലും കുമ്പസരിക്കാൻ വന്നാൽ പള്ളി തുറന്നു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.’’

അഡ്രിയാന അവനെ നോക്കി സ്നേഹപൂർവം പുഞ്ചിരിച്ചു. നല്ല പ്രായത്തിൽ കല്യാണം കഴിച്ചിരുന്നെങ്കിൽ തനിക്ക് അവന്റെ പ്രായത്തിൽ ഒരു കൊച്ചുമകൻ കാണുമായിരുന്നു എന്നോർത്തു. പിന്നെ ആ ചിന്തയെ ശാസിച്ചു.

ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും അച്ചൻ വരാഞ്ഞപ്പോൾ പോകാനായി എഴുന്നേറ്റ അഡ്രിയാന തനിക്കു പിറകിലുള്ള സീറ്റിൽ കുനിഞ്ഞിരിക്കുന്ന വൃദ്ധനെ കണ്ട് അമ്പരന്നു. അയാൾ വന്നതോ അവിടിരുന്നതോ അവർ അറിഞ്ഞിരുന്നില്ല.

അവർ അങ്ങനെ നിൽക്കുമ്പോൾ അയാൾ തലയുയർത്തി നോക്കി. അയാളുടെ കണ്ണുകൾ അവരുടേതുമായി കൂട്ടിമുട്ടി. അപ്പോൾ സ്വർഗം തുറന്നതുപോലെയുള്ള ഒരനുഭവം അഡ്രിയാനക്കുണ്ടായി. അവരുടെ കൈകാലുകൾ വിറയ്‌ക്കുകയും ഹൃദയമിടുപ്പ് ഉയരുകയും ചെയ്‌തു.

അയാൾ അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടേയിരുന്നു. ആ നോട്ടം അഡ്രിയാനയുടെ ഹൃദയത്തിൽ കൊണ്ടു. അയാളെ എവിടെയാണ് കണ്ടുമറന്നതെന്ന് അവർ ഓർമകളിൽ തിരഞ്ഞുതുടങ്ങി.

എഴുപതു വയസ്സോളം പ്രായമുണ്ടായിരുന്നു അയാൾക്ക്‌. ക്ലീൻ ഷേവ് ചെയ്‌ത നീളമുള്ള മുഖം. അൽപ്പം കോടിയ ചുണ്ടുകൾ. വിരിഞ്ഞ നെഞ്ച്. നീളമുള്ള കൈകാലുകൾ. തീക്ഷ്‌ണതയുള്ള പാതിമയങ്ങിയ കണ്ണുകൾ. വൃത്തിയുള്ള വസ്‌ത്രങ്ങൾ; ഇളം നിറമുള്ള ചെക്കിന്റെ മുറിക്കയ്യൻ ഷർട്ടും ക്രീം നിറമുള്ള പാന്റും. കയ്യിൽ ഒരു പഴയ വാച്ച്.

വളരെ പരിചയം തോന്നുന്ന മുഖമാണെങ്കിലും എത്ര ശ്രമിച്ചിട്ടും അഡ്രിയാനയ്‌ക്ക് അയാളെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവർ ശ്രദ്ധ മാറ്റാനായി നോട്ടം കുരിശിലേക്കാക്കി. കുറച്ചുനേരം നിർബന്ധപൂർവം നോക്കിയിരുന്നപ്പോൾ യേശുവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി അവർ കണ്ടുപിടിച്ചു.

അൽപ്പസമയം കഴിഞ്ഞപ്പോൾ വൈദികൻ കയറിവന്ന് ഉപചാരപൂർവമായ ക്ഷമാപണത്തോടെ കുമ്പസാരക്കൂട്ടിലേക്കു നടന്നു. വൃദ്ധൻ തനിക്കു മുമ്പേ വന്നതായിരിക്കുമോ എന്ന സന്ദേഹത്തോടെ അയാൾ എണീറ്റു പോകാൻ അവർ കാത്തുനിന്നെങ്കിലും കുറെ നേരം കഴിഞ്ഞിട്ടും എഴുന്നേൽക്കുന്നില്ലെന്നു കണ്ടപ്പോൾ അവർ ആദ്യം പോകാൻ തന്നെ തീരുമാനിച്ചു.

മുപ്പതുകളുടെ ആദ്യപകുതിയിലുള്ള ഒരു ചെറുപ്പക്കാരനായിരുന്നു വൈദികൻ. അദ്ദേഹത്തോട് തന്റെ തെറ്റ് ഏറ്റുപറയാൻ അഡ്രിയാനയ്‌ക്ക് നാണം തോന്നി. പകരം ചെറുപ്പംമുതൽ പറഞ്ഞു തഴകിച്ചവയൊക്കെ പറഞ്ഞ്, ഒഴിയാത്ത കുറ്റബോധത്തോടെ അവർ തന്റെ ഇരിപ്പിടത്തിൽ തിരിച്ചെത്തി.

കുറെ നേരം കഴിഞ്ഞിട്ടും അയാൾ എഴുന്നേറ്റു പോകാതിരുന്നപ്പോൾ അവർ അയാളെ തിരിഞ്ഞുനോക്കി. ഇരുന്നിടത്തു നിന്നും എണീറ്റു നിൽക്കാനുള്ള ബദ്ധപ്പാടിലായിരുന്നു അയാൾ.

ചിത്രീകരണം: കെ സുധീഷ്‌

അഡ്രിയാന പിറകിലേക്ക് ചെന്ന് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചു. അപ്പോൾ അവർക്ക് ശരീരത്തിലൂടെ കറന്റ് കടന്നുപോകുന്നതുപോലുള്ള അനുഭവമുണ്ടായി. അവർ പെട്ടെന്നു കൈ വലിച്ചു. അയാൾ വേച്ചുപോയപ്പോൾ വീണ്ടും കൈ പിടിച്ച് കുമ്പസാരക്കൂടുവരെ കൊണ്ടുപോയി, ഒരു കസേര വലിച്ചിട്ട് ഇരിക്കാൻ സഹായിച്ചു.

‘‘ആഹാ രണ്ടുപേരുമുണ്ടല്ലോ !’’ കൊച്ചച്ചൻ ആളറിയാതെ അതിശയം പ്രകടിപ്പിച്ചു. അഡ്രിയാന പൂത്തുലഞ്ഞുപോയി. നാണത്തോടെ ഒന്നു ചിരിച്ചിട്ട് പിന്തിരിഞ്ഞു നടന്ന് അയാൾ പറയുന്നത് കേൾക്കാനാകാത്ത ദൂരം മാറിനിന്നു.

അങ്ങനെ നിൽക്കുമ്പോൾ അഡ്രിയാന തന്റെ കുറ്റബോധം മറന്നു. മരിക്കാൻ തീരുമാനിച്ച നിമിഷത്തെ ശപിച്ചു. അറുപത്തിയഞ്ചാം വയസ്സിൽ ഒരു മൂന്നാം കൗമാരമുണ്ടെന്ന തിരിച്ചറിവിൽ ദൈവത്തിനു നന്ദി പറഞ്ഞു.

അയാളുടെ കൈപിടിച്ച് അവിടെ നിന്നിറങ്ങുന്നതും വിജനമായ വഴിയിലൂടെ സംസാരിച്ചു നടക്കുന്നതും ഫ്ലാറ്റിൽ കൊണ്ടുപോയി ചായയിട്ടു കൊടുക്കുന്നതും അവർ ആലോചിച്ചുകൂട്ടി. എല്ലാ ആഴ്‌ചകളിലും പരസ്‌പരം കാണാനായി കുമ്പസരിക്കാനെത്തുന്നതും ഒരു നല്ല സുദിനത്തിൽ ഇതേ തിരുസന്നിധിയിൽ ആ കൈകളാൽ താലി ചാർത്തപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം തുടങ്ങുന്നതും ആ നിൽപ്പിൽ അവർ സ്വപ്‌നം കണ്ടു.

വൈകിവന്നാലും വസന്തം പൂക്കൾ നിറഞ്ഞതാണെന്നും പൂക്കളിലെ തേനുണ്ണാൻ മധുപൻ വരാതിരിക്കാറില്ലെന്നും ഓർത്ത് അവർ കോരിത്തരിച്ചു. ഇത്രനാളും തന്നെ കാത്തിരുത്തിയത് ഈ നിമിഷത്തിനു വേണ്ടിയാണല്ലോ എന്നോർത്ത് ക്രൂശിലേക്കു നോക്കി നന്ദി പറഞ്ഞു.

‘‘അമ്മച്ചീ...’’

വൈദികൻ വിളിച്ചപ്പോൾ അഡ്രിയാന വേഗം അകത്തേക്കു നടന്നു. കൊച്ചച്ചൻ സൗഹൃദഭാവത്തോടെ അയാളെ പിടിച്ചെഴുന്നേൽപ്പിച്ച് അവരെ ഏൽപ്പിച്ചു. അവർ ഒരു കൈകൊണ്ട് അയാളുടെ ഇടതുകയ്യിൽ അധികാരത്തോടെ പിടിച്ച് മറുകൈ അരയിൽ ചുറ്റി മുന്നോട്ടു നടന്നുതുടങ്ങി.

‘‘ദമ്പതികളായാൽ ഇങ്ങനെ വേണം. എന്നും പരസ്‌പരം താങ്ങും തണലുമാകണം. ദൈവം നിങ്ങളെ ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ !’’ വൈദികൻ നിറഞ്ഞ സന്തോഷത്തോടെ അവരെ അനുഗ്രഹിച്ചു. അഡ്രിയാന ചെറുചിരിയോടെ വൃദ്ധനെ ഒളികണ്ണിട്ടു നോക്കി. അവരുടെ മനസ്സ് സന്തോഷംകൊണ്ടു തുടികൊട്ടി.

മുറ്റത്തിറങ്ങിയപ്പോൾ ഒരു ചെറുപ്പക്കാരൻ ഓടിവന്ന് അയാളെ ഏറ്റുവാങ്ങി, താങ്ങിപ്പിടിച്ചു കാറിൽ കയറ്റി ഇരുത്തിയശേഷം അഡ്രിയാനയ്‌ക്കു നന്ദി പറഞ്ഞുകൊണ്ട് പറഞ്ഞു.

‘‘താങ്ക് യു സോ മച്ച് ആന്റി. അച്ചൻ ഇല്ലെന്നറിഞ്ഞപ്പോൾ ഞാൻ ഒന്നു മൊബൈൽ റീചാർജ് ചെയ്യാൻ പോയി. കടകളെല്ലാം അടവായതുകൊണ്ട്‌ കുറെ നേരം വണ്ടിയോടിക്കേണ്ടി വന്നു. ആന്റി എങ്ങോട്ടാ? ഞങ്ങൾ ഡ്രോപ്പ് ചെയ്യാം.’’

‘‘വേണ്ട, ഞാനിവിടെ അടുത്താണ്...’’ അഡ്രിയാന പതിയെപ്പറഞ്ഞു. അവരുടെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു.

‘‘ഒരാഴ്‌ചയായി ഞങ്ങളിവിടെ വന്നിട്ട്. അച്ചാച്ചനിവിടെ കുറെ മെഡിക്കൽ ഇൻഷുറൻസ് ഡോക്യുമെന്റ്‌സ് ശരിയാക്കാനുണ്ടായിരുന്നത് കൊണ്ടുവന്നതാണ്. പെട്ടെന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതുകൊണ്ട് കുറെ കഷ്‌ടപ്പെട്ടു. പോകുന്നതിനു മുമ്പ്‌ ഈ പള്ളിയിൽ വരണമെന്നും കുമ്പസരിക്കണമെന്നും ഒരേ നിർബന്ധമായിരുന്നു. അച്ചാച്ചൻ ഇവിടെ അടുത്താണ് ജോലി ചെയ്‌തോണ്ടിരുന്നത്.’’

അവൻ സംസാരിച്ചുകൊണ്ടേയിരുന്നു. വൃദ്ധനാകട്ടെ ഒന്നും മിണ്ടാതെ അഡ്രിയാനയെത്തന്നെ നോക്കിയിരുന്നു.

എവിടെയാണ് കണ്ടു മറന്നതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് അഡ്രിയാനയും അയാളെ ഉറ്റുനോക്കി. ശ്രമം വിഫലമായപ്പോൾ ചെറിയൊരു ചമ്മലോടെ അയാളോട് ചോദിച്ചു.

“സാറിന്റെ… പേര്…?”

അയാൾ മറുപടിയെന്നോണം അഡ്രിയാനയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പക്ഷെ ചുണ്ടുകൾ കോടി ആ ശ്രമം നിഷ്ഫലമായി.


‘‘ജോസഫ്.’’ ചെറുപ്പക്കാരനാണ് മറുപടി പറഞ്ഞത്. “സ്ട്രോക്ക് വന്നതോടെ അച്ചാച്ചന്റെ സംസാരശേഷി പോയി.’’

“ഓ സോറി.” അഡ്രിയാന ക്ഷമ ചോദിച്ചുകൊണ്ട് ആ പേര് ഓർമയിൽ പരതി. പക്ഷെ അവരുടെ ഓർമയിലെങ്ങും ആ മുഖവുമായി ബന്ധിപ്പിക്കാവുന്ന തരത്തിൽ അങ്ങനെയൊരു പേരുണ്ടായിരുന്നില്ല.

“ഓക്കേ ആന്റി. ഞങ്ങളെന്നാൽ പോട്ടെ. രാത്രിക്കു മുമ്പ്‌ അങ്ങെത്തണം.’’

ചെറുപ്പക്കാരൻ കാർ തിരിച്ചെടുത്തുകൊണ്ടു യാത്ര പറഞ്ഞപ്പോൾ അഡ്രിയാന നിരാശ പുറത്തു കാട്ടാതെ ചിരിക്കാൻ ശ്രമിച്ചു. പൊട്ടിപ്പോയ സ്വപ്‌നക്കൂടാരത്തിന്റെ പൊടി വീണു നിറഞ്ഞ കണ്ണുകൾ അവർ കാണാതിരിക്കാൻ പണിപ്പെട്ടുകൊണ്ട് കൈകൾ വീശി യാത്ര പറഞ്ഞു.

കാർ കണ്മുമ്പിൽനിന്നു മറഞ്ഞപ്പോൾ മരണം വീണ്ടും മുന്നിൽ വന്നുനിന്നു കൊതിപ്പിച്ചു. എത്രയും വേഗം അവനെ പുൽകാൻ അഡ്രിയാന കാലുകൾ നീട്ടിവച്ചു നടന്നു.

അപ്പോഴും തന്റെ അനുസരണമില്ലാത്ത വലംകയ്യെ, ഇടംകൈ കൊണ്ടു മുറുകെ പിടിച്ച് വികൃതമായ അക്ഷരങ്ങളാൽ വിസിറ്റിങ്‌ കാർഡിൽ എന്തൊക്കെയോ കുത്തിക്കുറിക്കുകയായിരുന്നു അയാൾ .





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home