കവർസ്റ്റോറി
ചരിത്രത്തിൽ സുമിത് സർക്കാർ അന്വേഷിച്ചത്

ജിതീഷ് പി എം
Published on Aug 29, 2026, 11:09 AM | 6 min read
"circumstances make men just as much as men make circumstances’
-‐ German Ideology
ആധുനിക ഇന്ത്യൻ ചരിത്ര രചയിതാക്കളിൽ ഉന്നത ശീർഷനായിരുന്നു സുമിത് സർക്കാർ. രാഷ്ട്രീയ ചരിത്രത്തിൽനിന്നും ജനങ്ങളുടെ ചരിത്രത്തിലേക്കും, മുഖ്യധാര ചരിത്രത്തിൽനിന്നും അടിച്ചമർത്തപ്പെട്ട ജനതയുടെ ചരിത്രത്തിലേക്കും, വരേണ്യ പരിപ്രേക്ഷ്യത്തിൽനിന്നും ജനകീയ അന്വേഷണങ്ങളിലേക്കും ആധുനിക ഇന്ത്യൻ ചരിത്രരചനയെ നയിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. അക്കാദമിക രംഗത്തെ ഇടപെടലുകൾക്കൊപ്പം ഒരു പൊതു ബുദ്ധിജീവി എന്ന നിലയിൽ അദ്ദേഹം ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും ബൗദ്ധികമായി പോരാടുകയും ചെയ്‌തു. ചരിത്രത്തിന്റെ വെളിച്ചം പകർന്നുതന്ന മറ്റൊരു മനീഷിയെക്കൂടി നമുക്ക് നഷ്ടമായിരിക്കുന്നു.
1939‐ൽ കൊൽക്കത്തയിലായിരുന്നു സുമിത് സർക്കാറിന്റെ ജനനം. പ്രമുഖ ചരിത്രകാരൻ സുശോഭൻ ചന്ദ്ര സർക്കാർ ആണ് അദ്ദേഹത്തിന്റെ പിതാവ്. ഇന്ത്യൻ ആസൂത്രണ പ്രക്രിയയിൽ ശ്രദ്ധേയ സംഭാവന നൽകിയ ലോകപ്രസിദ്ധ സ്ഥിതിവിവര ശാസ്ത്രജ്ഞൻ പി സി മഹലനോബിസ് സുമിത് സർക്കാറിന്റെ മാതാവിന്റെ സഹോദരനായിരുന്നു. ഈ അക്കാദമിക കുടുംബ പശ്ചാത്തലം സുമിത് സർക്കാറിന്റെ ബൗദ്ധിക യാത്രയിൽ നിർണായക സ്വാധീനശക്തിയായിരുന്നു. കൽക്കട്ട സർവകലാശാലയിൽനിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം 30 വർഷത്തോളം ഡൽഹി സർവകലാശാലയിൽ ചരിത്ര അധ്യാപകനായി സേവനം ചെയ്യുകയുണ്ടായി. പ്രമുഖ ചരിത്രകാരി തനിക സർക്കാരാണ് അദ്ദേഹത്തിന്റെ പത്നി.
സുമിത് സർക്കാർ
The Swadeshi Movement in Bengal, 1903-‐1908 (1973), Modern India (1983), A Critique of Colonial India (1985), Khaki Shorts and Saffron Flags: A Critique of the Hindu Right (1993), Writing Social History (1997), Beyond Nationalist Frames: Postmodernism, Hindu Fundamentalism, History (2002), Modern Times: India 18/80’s‐1950’s: Environment, Economy, Culture (2014) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്‌തകങ്ങൾ.
സുമിത് സർക്കാറിന്റെ ഏറ്റവും പ്രസിദ്ധമായ പുസ്‌തകമാണ് 1983‐ൽ പ്രസിദ്ധീകരിച്ച ‘മോഡേൺ ഇന്ത്യ.’ ആധുനിക ഇന്ത്യയുടെ സമഗ്ര ചരിത്രം ഉൾക്കൊള്ളുന്ന ഒരു ക്ലാസിക് കൃതിയായിരുന്നു ഇത്. സുമിത് സർക്കാർ ചരിത്രം പഠിച്ചപ്പോൾ അന്വേഷിച്ചത് ജനങ്ങളെക്കുറിച്ചാണ്, അവരുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചാണ്. ജനം എന്നത് കേവലവും സജാതീയവുമായ സ്വത്വമോ സംവർഗമോ അല്ല. മറിച്ച് ജനം വിവിധ വർഗങ്ങളായി വിഭജിക്കപ്പെട്ടവരാണ് എന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സുമിത് സർക്കാരിന്റെ അന്വേഷണം മുന്നോട്ടുപോയത്. സുമിത് സർക്കാർ ചരിത്രത്തിൽ ജനങ്ങളെ തിരഞ്ഞപ്പോൾ കർഷകരും ഗോത്രജനതയും തൊഴിലാളികളും എല്ലാം ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായി. മലബാറിലെ മാപ്പിള കലാപവും പുന്നപ്ര വയലാർ സമരവും ‘കാർഷിക കലാപങ്ങൾ’ എന്ന ഉപശീർഷകത്തിൽ ഉൾപ്പെടുത്തി തന്റെ പുസ്‌തകത്തിൽ അദ്ദേഹം പരാമർശിക്കുന്നുണ്ട്. സമാനമായ നിരവധി കർഷക, തൊഴിലാളി, ഗോത്ര സമരങ്ങളും പ്രസ്ഥാനങ്ങളും ‘മോഡേൺ ഇന്ത്യ’യിൽ ഇടംപിടിക്കുന്നുണ്ട്. ഒരുപക്ഷേ ഇത്തരം സമരങ്ങൾ പൊതു ദേശീയ ചരിത്രത്തിന്റെ ഭാഗമാകുന്നത് സർക്കാരിന്റെ പുസ്‌തകത്തിലൂടെയാകണം-; സവിശേഷ പഠനങ്ങൾ വേറെയുണ്ടായിട്ടുണ്ടെങ്കിലും!
തന്റെ ലക്ഷ്യം താഴെ തട്ടിലുള്ള ജനതയുടെ ചരിത്രം എഴുതുകയാണെന്ന് ( history from below) പുസ്‌തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ‘മോഡേൺ ഇന്ത്യ’യുടെ വിഷയ വ്യാപ്തി പരിഗണിച്ചും പൂർവകാലത്ത് അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ചരിത്ര പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയും വിലയിരുത്തുമ്പോൾ ഇന്ത്യയിൽ അടിത്തട്ട് ജനതയുടെ ചരിത്രപഠനത്തിന് നാന്ദികുറിച്ച ചരിത്രകാരനായി സുമിത് സർക്കാരിനെ വിലയിരുത്താം. (കീഴാള പഠനങ്ങൾ എന്ന് പിന്നീട് ഏറെ ലോകശ്രദ്ധ നേടിയ subaltern studies ചരിത്ര രചന പദ്ധതിയിലെ ആദ്യ വാല്യം പുറത്തിറങ്ങുന്നത് 1982‐ലാണ്. സുമിത് സർക്കാരിന്റെ പുസ്‌തകം ഇറങ്ങുന്നത് 1983‐ലും. രണജിത് ഗുഹ എഡിറ്റ് ചെയ്‌ത പുസ്‌തകം കയ്യിൽ കിട്ടുമ്പോഴേക്കും തന്റെ പുസ്‌തകം പ്രസിദ്ധീകരണത്തിനായി അയച്ചിരുന്നുവെന്ന് സുമിത് സർക്കാർ രേഖപ്പെടുത്തുന്നുണ്ട്). മാർക്‌സിസ്റ്റ് ചരിത്രകാരനായി തുടർന്നുകൊണ്ടാണ് സർക്കാർ താഴെ തട്ടിലുള്ള ജനങ്ങളുടെ ചരിത്രത്തിലേക്കുള്ള അന്വേഷണത്തിൽ മുഴുകിയത്. അതേസമയം അദ്ദേഹം subaltern studies സംഘവുമായി ആദ്യകാലങ്ങളിൽ സഹകരിക്കുകയും മൂന്നാം വാല്യത്തിൽ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
സുമിത് സർക്കാരും തനിക സർക്കാരും
സുമിത് സർക്കാറിനെ ഏറെ സ്വാധീനിച്ച, വ്യക്തിപരമായി അടുത്ത ബന്ധമുണ്ടായിരുന്ന ചരിത്രകാരനായിരുന്നു ഇ പി തോംസൺ. ഇരുവരും മാർക്‌സിസ്‌റ്റ് സമീപന രീതി പിന്തുടർന്നവരായിരുന്നു. എന്നാൽ അടിത്തറ ‐ ഉപരിഘടന ബന്ധത്തെ സംബന്ധിച്ച യാന്ത്രിക സമീപനങ്ങളിൽനിന്നും വഴിമാറി നടന്നിരുന്നവരും ആയിരുന്നു. മറ്റൊരർഥത്തിൽ പറഞ്ഞാൽ അടിത്തറ ‐ ഉപരിഘടന ബന്ധത്തെ സംബന്ധിച്ച മാർക്‌സിന്റെയും എംഗൽസിന്റെയും ആശയങ്ങളുടെ തെളിമ ഇരുവരിലും കാണാം (ഭൗതിക പ്രക്രിയയുടെ കേവല പ്രതിഫലനമാണ് ഉപരിഘടന എന്ന് ആരെങ്കിലും മാർക്‌സിന്റെ ആശയങ്ങളെ വ്യാഖ്യാനിക്കുകയാണെങ്കിൽ അതിനപ്പുറം മറ്റൊരു ദുർവ്യാഖ്യാനം ഇല്ല എന്ന് എംഗൽസ് അഭിപ്രായപ്പെടുകയുണ്ടായി).
സുമിത് സർക്കാർ യാന്ത്രിക ഭൗതികവാദത്തി ന്റെ കടുംപിടുത്തങ്ങളിൽനിന്നും മാറി സഞ്ചരിച്ചുകൊണ്ട് ചരിത്ര രചനാ സപര്യയുമായി മുന്നോട്ടുപോയ പണ്ഡിതനാണ്. ആർ പി ദത്തിന്റെ ‘ഇന്ത്യ ടുഡേ’, എസ് എ ഡാങ്കെയുടെ ‘ഫ്രം പ്രിമിറ്റീവ് കമ്യൂണിസം ടു സ്ലേവറി’ തുടങ്ങിയ പുസ്‌തകങ്ങളിലൂടെ മുന്നോട്ടുവയ്‌ക്കപ്പെട്ട കേവല ഭൗതികവാദ സമീപനം മാർക്‌സിയൻ ബൗദ്ധിക വ്യവഹാരങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന കാലത്ത് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ യഥാർഥ കാഴ്‌ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് ചരിത്രമെഴുതാൻ സർക്കാറിന് കഴിഞ്ഞു.
മഹാത്മാ ഗാന്ധിയെ ബൂർഷ്വാ പ്രതിനിധിയായും സവർണ നേതാവായും വിലയിരുത്തിയ സമീപനങ്ങളിൽനിന്നും മാറി നടന്ന ചരിത്രകാരനായിരുന്നു സുമിത് സർക്കാർ. ‘മോഡേൺ ഇന്ത്യ’യിലെ Gandhi’s finest hour എന്ന ഭാഗം ഇന്ത്യാ വിഭജന സമയത്ത് അരങ്ങേറിയ വർഗീയ കലാപങ്ങൾ തടയുന്നതിനായി ഗാന്ധി നടത്തിയ ഒറ്റയാൾ പരിശ്രമങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും ധനാത്മക സമയമായിരുന്നു അതെന്ന് സുമിത് സർക്കാർ വിലയിരുത്തി. മഹാത്മാ ഗാന്ധി ബൂർഷ്വാ വിഭാഗത്തിന്റെ നേതാവായിരുന്നു എന്ന നിലപാട് സുമിത് സർക്കാർ ഒരിക്കലും സ്വീകരിച്ചിരുന്നില്ല.
സർക്കാറിന്റെ പ്രധാനപ്പെട്ട പഠനമാണ് ശ്രീ രാമകൃഷ്‌ണ പരമഹംസനെ കുറിച്ചുള്ള ‘Kaliyuga, Chakri and Bhakti-Ramakrishna and His Times’ എന്ന പ്രബന്ധം. ബംഗാളിലെ ഭദ്രലോക് വിഭാഗങ്ങൾ കൊളോണിയൽ വ്യവസ്ഥ സൃഷ്‌ടിച്ച സാമ്പത്തിക അസ്ഥിരതയുടെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസം നേടാത്ത, ഇംഗ്ലീഷിനോടും ആധുനിക ജ്ഞാനരൂപങ്ങളോടും എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ഒരാളുടെ ഭക്തരായി മാറിയതെന്തുകൊണ്ട് എന്ന അന്വേഷണമായിരുന്നു സർക്കാർ നടത്തിയത്. ആശയങ്ങൾ കേവല പ്രതിഫലനമല്ല എന്നതിനൊപ്പം, എല്ലാ നിർണായക ഘടകങ്ങളിലുംവച്ച് അതിനിർണായക ഘടകം ഭൗതികമാണെന്ന മാർക്‌സിസ്‌റ്റ് സമീപനത്തെ മുറുകെപ്പിടിച്ച ശ്രദ്ധേയമായ പഠനമാണിത്.
പ്രൊഫ. സുമിത് സർക്കാർ
ആധുനിക ഇന്ത്യയുടെ സാമൂഹിക ചരിത്ര രചയിതാക്കളിൽ പ്രഥമഗണനീയനാണ് സുമിത് സർക്കാർ. എന്താണ് സാമൂഹിക ചരിത്രം എന്നതിന് സിദ്ധാന്തപരമായ വ്യക്തത നൽകാൻ അദ്ദേഹത്തിന് സാധിച്ചു. Writing social history എന്ന ഗ്രന്ഥം സാമൂഹിക ചരിത്ര സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരമാണ്. ഇതിലെ രണ്ടാമത്തെ പ്രബന്ധം ഇ പി തോംസൺ എന്ന വിഖ്യാത ഇംഗ്ലീഷ് ചരിത്രകാരന്റെ പ്രസക്തിയെക്കുറിച്ചുള്ളതാണ്. അദ്ദേഹത്തിന്റെ ‘The making of English working class’ (1963) എന്ന പുസ്‌തകമാണ് സാമൂഹിക ചരിത്ര പഠനത്തിൽ സുമിത് സർക്കാറിന്റെ മാതൃക. വ്യാവസായികവൽക്കരണത്തിന്റെ സന്ദർഭത്തിൽ തൊഴിലാളി വർഗം രൂപീകരിക്കപ്പെട്ടതിന്റെ സങ്കീർണതകളെ വിവരിക്കുന്ന ഈ ക്ലാസിക് ഗ്രന്ഥം വർഗസ്വത്വത്തെ പ്രക്രിയാപരമായാണ് അടയാളപ്പെടുത്തുന്നത്. ഈയൊരു സമീപനമാണ് ‘മോഡേൺ ഇന്ത്യ ’ ഉൾപ്പെടെയുള്ള സുമിത് സർക്കാറിന്റെ കൃതികളിൽ കാണാൻ സാധിക്കുക. 2014‐ൽ പുറത്തിറങ്ങിയ ‘മോഡേൺ ടൈംസ്’ എന്ന കൃതി മറ്റൊരു ഉദാഹരണമാണ്. ‘മോഡേൺ ഇന്ത്യ’യുടെ രണ്ടാം ഭാഗമാണ് ഈ പുസ്‌തകമെന്ന് പറയാം. ഈ പുതിയ പുസ്‌തകത്തിൽ ആധുനിക ഇന്ത്യയുടെ സാമൂഹിക ചരിത്രത്തിലെ നിരവധി പുതിയ പ്രമേയങ്ങൾ അദ്ദേഹം പഠനവിധേയമാക്കി. ആധുനിക ഇന്ത്യയുടെ കാർഷിക ചരിത്രവും പാരിസ്ഥിതിക ചരിത്രവും അദ്ദേഹം സൂക്ഷ്‌മതയോടെ പഠിച്ചു. എന്നാൽ ഒരിക്കലും ചരിത്രപരമായ ഭൗതികവാദത്തെ അദ്ദേഹം കയ്യൊഴിഞ്ഞില്ല.
1905‐ലെ ബംഗാൾ വിഭജനത്തിനെതിരായി ഉയർന്നുവന്ന സ്വദേശി പ്രസ്ഥാനത്തെ സംബന്ധിച്ച വിമർശനാത്മക പഠനമായിരുന്നു സുമിത് സർക്കാറിന്റെ പിഎച്ച്ഡി പ്രബന്ധം. ഈ പഠനം പിന്നീട് ‘THE SWADESHI MOVEMENT IN BENGAL 1903-‐1908’ എന്ന പുസ്‌തകമായി പ്രസിദ്ധീകരിച്ചു. ബംഗാൾ വിഭജനത്തിനെതിരായ ദേശീയ ഉണർവായിരുന്നു സ്വദേശി പ്രസ്ഥാനം എന്ന ചരിത്ര ആഖ്യാനത്തിന്റെ ഒരു പുനഃപരിശോധന കൂടിയായിരുന്നു ഈ രചന. സ്വദേശി പ്രസ്ഥാനത്തിന്റെ വർഗപരവും വരേണ്യവുമായ ഉള്ളടക്കത്തെ അദ്ദേഹം അനാവരണം ചെയ്‌തു. സ്വദേശി പ്രസ്ഥാനത്തിന് രണ്ട് ഘട്ടങ്ങളുണ്ടായിരുന്നു എന്നാണ് സർക്കാറിന്റെ വാദം. ആദ്യ ഘട്ടത്തിൽ അതിന് രാഷ്ട്രീയപരമായി തീവ്രമായ ബ്രിട്ടീഷ് വിരുദ്ധത പ്രകടിപ്പിക്കാനും മതപരമായ ഐക്യം ഉയർത്തിപ്പിടിക്കാനും സാധിച്ചു. എന്നാൽ പിന്നീടുള്ള ഘട്ടത്തിൽ അത് ഭദ്രലോക് വിഭാഗത്തിൽപ്പെട്ടവരുടെ സായുധാക്രമണ ആശയത്തിലേക്ക് വഴിമാറി പോകുകയും ജനങ്ങളെ സംഘടിപ്പിക്കുക എന്നത് അജൻഡ അല്ലാതാവുകയും ചെയ്‌തു. റഷ്യയിലെ നരോദനിക്കുകളുടെ രീതിക്ക് സമാനമായിരുന്നു ബംഗാളിലെ വ്യക്തിഗത ആക്രമണ പ്രവർത്തനങ്ങളെന്ന് സുമിത് സർക്കാർ വ്യാഖ്യാനിച്ചു. ഹിന്ദു പുനരുത്ഥാന മൂല്യങ്ങളും സങ്കൽപ്പങ്ങളുമാണ് ഉപരിവർഗ വിപ്ലവകാരികളുടെ ആശയപ്രപഞ്ചമായി മാറിയത്. മതമൈത്രിയിൽനിന്നും അതിവേഗം വർഗീയ സംഘർഷങ്ങളിലേക്ക് സാഹചര്യം മാറി. സ്വദേശി പ്രസ്ഥാനത്തിന്റെ നേതൃത്വം വേതനവർധനവിനെതിരായ നിലപാടെടുത്തതും, ജാതി വ്യവസ്ഥയെ ആദർശവൽക്കരിച്ചതും പ്രസ്ഥാനത്തിന്റെ വർഗപരമായ പരിമിതിയായിരുന്നു എന്ന് സർക്കാർ വാദിക്കുന്നു.ഈയൊരു പ്രശ്നം അക്കാലത്തുതന്നെ രവീന്ദ്രനാഥ ടാഗോർ ഉന്നയിച്ചിരുന്നു. സ്വദേശി നേതാക്കളുടെ ആദർശംമൂലം വിലകൂടിയതും ഗുണനിലവാരം കുറഞ്ഞതുമായ തദ്ദേശ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ദരിദ്രവർഗക്കാർ നിർബന്ധിതരായി എന്നായിരുന്നു ടാഗോർ അഭിപ്രായപ്പെട്ടത്.
ബംഗാളി നവോത്ഥാനത്തെ സംബന്ധിച്ചും സ്വദേശി പ്രസ്ഥാനത്തെക്കുറിച്ചുമുള്ള സർക്കാറിന്റെ വിമർശനാത്മക വ്യാഖ്യാനം ഇടത് ലിബറൽ സമീപനം പുലർത്തുന്നവർക്കുപോലും ആദ്യം ഉൾക്കൊള്ളാൻ പ്രയാസകരമായിരുന്നു. എന്നാൽ തെളിവുകളുടെ സമ്പന്നതയും ആഖ്യാന മികവും രീതിശാസ്ത്ര ഭദ്രതയും ഈ പഠനത്തെ ഇന്നും ക്ലാസിക് ആയി നിലനിർത്തുന്നു.
സബാൾട്ടൺ സ്റ്റഡീസ് പണ്ഡിതരുമായി ആദ്യകാലങ്ങളിൽ സഹകരിച്ച സുമിത് സർക്കാർ പിന്നീട് ഈ ചരിത്ര രചനാ പദ്ധതിയുടെ വിമർശകനായി മാറുന്നുണ്ട്. The decline of the subaltern in subaltern studies എന്ന പ്രസിദ്ധമായ ലേഖനത്തിലൂടെ സർക്കാർ ഈ ചരിത്ര രചനാ പദ്ധതി, അടിത്തട്ട് ജനതയുടെ ചരിത്രത്തിന് പകരം സാമുദായിക ചരിത്രപരിപ്രേക്ഷ്യത്തിലേക്ക് ദിശമാറുന്നുവെന്ന് വിമർശിച്ചു. ഈ വിമർശനത്തിന് അനുബന്ധമായി തന്നെയാണ് 1990‐കളോടെ ഇന്ത്യൻ ചരിത്രരചനയിൽ ശക്തമായ സ്വാധീനം ചെലുത്താൻ തുടങ്ങിയ പോസ്റ്റ് - മോഡേൺ സമീപനങ്ങളെ സംബന്ധിച്ചും അദ്ദേഹം വിയോജിപ്പുകൾ രേഖപ്പെടുത്തിയത്. റാഡിക്കൽ സമീപനം എന്ന നിലയിൽ കടന്നുവന്ന പോസ്‌റ്റ് മോഡേണിസ്‌റ്റ് രീതി സാംസ്‌കാരികവാദമായി പരിമിതപ്പെടുന്നതും ജ്ഞാനോദയ വിമർശനം ആധുനിക മൂല്യങ്ങളുടെ നിരാകരണമായി മാറുന്നതും മതേതരത്വം പശ്ചാത്യ ആശയമായി വിമർശിക്കപ്പെട്ടതും സർക്കാറിനെ ആശങ്കപ്പെടുത്തി. ഇത്തരം വിമർശനങ്ങൾ മതപരവും സാംസ്‌കാരികവുമായ പുനരുത്ഥാനത്തിന് ബൗദ്ധിക സാധൂകരണം നൽകുന്നുവെന്നതായിരുന്നു സർക്കാറിന്റെ ആശങ്കയുടെ കാതൽ. പുതിയ പ്രവണതകളോട് രീതിശാസ്ത്ര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും സർക്കാറിനെ ഏറെ ആശങ്കപ്പെടുത്തിയത് ഇത്തരം സമീപനങ്ങളുടെ ബൗദ്ധിക ആഘാതമാണ്; പ്രത്യേകിച്ചും ആധുനിക- മതേതര മൂല്യങ്ങൾക്കുണ്ടാകുന്ന ആഘാതം. 2025‐ൽ പ്രസിദ്ധീകരിക്കപ്പെട്ട മീര നന്ദയുടെ ‘Postcolonial Theory and the Making of Hindu Nationalism: The Wages of Unreason’ എന്ന ഗ്രന്ഥം സുമിത് സർക്കാറിനെ പോലുള്ള മാർക്‌സിസ്‌റ്റ് ചിന്തകർ 90‐കളിൽ തന്നെ ഉന്നയിച്ച വിമർശനം എത്രത്തോളം പ്രാധാന്യമർഹിക്കുന്നതായിരുന്നു എന്ന് തെളിയിക്കുന്നു.

ഒരു ചരിത്ര പഠിതാവിന് നിർവഹിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉത്തരവാദിത്വമാണ് ഇന്നലകളെക്കുറിച്ചുള്ള ഉൾക്കാഴ്‌ചകളുടെ അടിസ്ഥാനത്തിൽ ഇന്നിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നത്. ആ നിലയിൽ എപ്പോഴും ബൗദ്ധികമായ മുന്നറിയിപ്പുകൾ നൽകിയ ചരിത്രകാരനായിരുന്നു സുമിത് സർക്കാർ. 1990‐കളിൽ ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിൽ വർഗീയത പിടിമുറുക്കാൻ തുടങ്ങിയതോടെ, വർഗീയത എന്ന ആശയം ഒരു ഭൗതിക ശക്തിയായി മാറിത്തുടങ്ങിയതോടെ, അതിനെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുകയും നേരിടാൻ പോകുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും ചെയ്‌തു.
ബംഗാളി ഭദ്രലോകിന്റെ ഹിന്ദു പുനരുത്ഥാന ആശയലോകം എങ്ങനെ ഇന്ത്യൻ ദേശീയതയുടെ സങ്കൽപ്പരാശിയായി എന്ന് ചരിത്ര പ്രബന്ധങ്ങളിലൂടെ അദ്ദേഹം അനാവരണം ചെയ്‌തു. ഗ്രാംഷിയുടെ പൊതുബോധത്തിന്റെ തന്മാത്രാതല പരിവർത്തനം എന്ന ആശയത്തിന്റെ വെളിച്ചത്തിൽ ഇന്ത്യയിൽ പൊതുബോധം വർഗീയവൽക്കരിക്കപ്പെടുകയാണ് എന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഈ പൊതുബോധം വർഗീയ കക്ഷികളിൽപ്പെടാത്ത മനുഷ്യർപോലും പങ്കുവയ്‌ക്കുന്നു എന്ന് സർക്കാർ ചൂണ്ടിക്കാണിച്ചു. മധ്യവർഗ സാംസ്‌കാരിക പരിപാടികളിലും സെമിനാറുകളിലും ഒതുങ്ങുന്ന പ്രതിരോധം ദുർബലമാണെന്ന് സുമിത് സർക്കാർ പറഞ്ഞപ്പോൾ അദ്ദേഹത്തിൽ ഒരു ആക്റ്റീവിസ്‌റ്റിനെ കൂടി കാണാൻ സാധിക്കുകയുണ്ടായി. ഭൗതികപ്രശ്നങ്ങൾ രൂക്ഷമാകുമ്പോൾ വർഗപ്രശ്നങ്ങൾ സ്വാഭാവികമായും യഥാർഥ പ്രശ്നമായി മുന്നിലേക്ക് വരുകയും മനുഷ്യർ വർഗീയ ചിന്തയുടെ ആശയലോകത്തുനിന്നും സ്വാഭാവികമായി മോചിതരാകുമെന്നുമുള്ള സമീപനം തെറ്റാണെന്നാണ് സർക്കാർ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുതന്നെ പൊതുബോധത്തെ അഴിച്ചുപണിയുന്ന ഇടപെടലുകളും, പ്രവർത്തനങ്ങളും ഉപേക്ഷ കൂടാതെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണെന് അദ്ദേഹം ഓർമപ്പെടുത്തുകയും അതിനായി പ്രവർത്തിക്കുകയും ചെയ്‌തു. വാർധക്യസഹജമായ അസുഖങ്ങളും മറ്റും വിശ്രമം നിർബന്ധമാക്കിയതുവരെ സുമിത് സർക്കാർ കർമനിരതനായിരുന്നു.
സാമൂഹിക ചരിത്രത്തിന്റെ ലോകം വിശാലമാക്കുകയും, സമകാലിക ലോകത്തോട് ചരിത്രം നൽകുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുക എന്നതായിരിക്കും അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ ശ്രദ്ധാഞ്ജലി .









0 comments