കവർസ്റ്റോറി
ഹിന്ദുത്വ ഫാസിസവും ന്യൂനപക്ഷ ഏകീകരണവും


എം എം നാരായണൻ
Published on Aug 29, 2026, 11:30 AM | 5 min read
‘ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ ന്യൂനപക്ഷ ഏകീകരണം വർഗീയതയായി വ്യാഖ്യാനിക്കുന്നത് വിശാലമായ ഫാസിസ്‌റ്റ് വിരുദ്ധ ഐക്യത്തിന് ഹാനികരമാണ്', എന്ന് ഡോ. ടി ടി ശ്രീകുമാര്‍ (മാതൃഭൂമി ആഴ്ചപതിപ്പ്) എഴുതുന്നു. എന്നാല്‍ ‘ന്യൂനപക്ഷ ഏകീകരണം' ഫാസിസ്‌റ്റ് വിരുദ്ധതയാണെന്ന ഈ നിലപാട് ഒരു വിയോജനക്കുറിപ്പ് ആവശ്യപ്പെടുന്നുണ്ട്. ന്യൂനപക്ഷ ഏകീകരണം വർഗീയതയല്ലെന്ന് പറയുന്ന ശ്രീകുമാര്‍, വർഗീയതയെ ന്യൂനപക്ഷ ഏകീകരണമെന്ന് വിളിച്ച് ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യന്‍ ഫാസിസ്‌റ്റുകള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അടിമുടി ഭിന്നിപ്പിക്കാനും വർഗീയമായി ധ്രൂവീകരിക്കാനും പാടുപെടുകയാണ്. അവര്‍ക്ക് ആ ലക്ഷ്യം അയത്നസിദ്ധമാക്കുന്ന കുറുക്കുവഴിയാണ് ‘ന്യൂനപക്ഷ ഏകീകരണം' വെട്ടിത്തുറക്കുന്നത്. അത് ഭൂരിപക്ഷ ഏകീകരണത്തെ അസാധുവാക്കുകയല്ല, സാധൂകരിക്കുകയാണ്, ന്യായീകരിക്കുകയും പിന്തുണയ്‌ക്കുകയുമാണ് ചെയ്യുന്നത്. ഇന്ത്യ ഒരു ഏകീകൃത രാഷ്‌ട്രമല്ലെന്നും ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന രണ്ട് ശത്രുരാഷ്‌ട്രങ്ങള്‍ തൊട്ടുതൊട്ടിരിക്കുകയാണെന്ന് സവര്‍ക്കറും, അവ കേവലം രണ്ട് മതങ്ങള്‍ മാത്രമല്ല, രണ്ട് വിഭിന്ന സാമൂഹ്യക്രമങ്ങളാണെന്നും, ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പൊതുദേശീയതയായി രൂപപ്പെടുമെന്നത് വെറും പാഴ് കിനാവാണെന്ന് ജിന്നയും പറയുമ്പോള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളേയും വെവ്വേറെ ഏകീകരിക്കാന്‍ പരസ്‌പരം മത്സരിക്കുന്ന അവര്‍ ഒരേ രാഷ്‌ട്രീയ ദൗത്യമാണ് പങ്കിടുന്നതെന്ന പൊരുളാണ് വ്യക്തമാവുന്നത്. ന്യൂനപക്ഷങ്ങള്‍ ഏകീകരിക്കുമ്പോള്‍, നാനാജാതികളായി അന്യോന്യം തൊട്ടുകൂടാത്തവര്‍പോലുമായി ചിതറിക്കിടക്കുന്നവരെ ‘ഹിന്ദു' എന്ന കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തുന്നതിന് ‘ഹിന്ദുത്വ'യ്‌ക്ക് പ്രചോദനമേകുമ്പോള്‍, ന്യൂനപക്ഷത്തെ കടന്നാക്രമിക്കുന്ന ആര്‍എസ്എസ്, ന്യൂനപക്ഷ ഏകീകരണത്തിന് പരോക്ഷമായി സർവ പിന്തുണയും സദാ ഉറപ്പ് നല്‍കുന്നുണ്ട്.
ന്യൂനപക്ഷ ഏകീകരണത്തെ വിമര്‍ശിക്കുന്നത് ‘വിശാലമായ ഫാസിസ്‌റ്റ് വിരുദ്ധ രാഷ്‌ട്രീയത്തിന് ഹാനികരമാണ്' എന്ന വാദത്തിലും സത്യവും യുക്തിയുമില്ല. ഫാസിസത്തിനെതിരെ വിശാലമായ ഐക്യം അഭികാമ്യം മാത്രമല്ല അനിവാര്യവുമാണ്. എന്നാല്‍ അതിന്റെ പേരില്‍ ന്യൂനപക്ഷ ഏകീകരണത്തെ പിന്തുണയ്‌ക്കുന്നവര്‍, ബംഗ്ലാദേശിലും പാകിസ്ഥാനിലുമുള്ള ന്യൂനപക്ഷങ്ങളെ (ഹിന്ദുക്കളെ) ഒത്തുചേര്‍ക്കാന്‍ ശ്രമിക്കുന്ന അതാതിടങ്ങളിലെ സംഘപരിവാര്‍ രാഷ്‌ട്രീയത്തെയും പിന്തുണക്കേണ്ടിവരില്ലേ? ഇവിടെ, ആര്‍എസ്എസ്സിനെതിരെ വിശാല ഐക്യത്തിന് നില്‍ക്കുന്നവര്‍, തൊട്ടപ്പുറത്ത് ബംഗ്ലാദേശില്‍ സംഘപരിവാര്‍ രാഷ്‌ട്രീയത്തെ ന്യായീകരിക്കേണ്ടിവരുന്നത് ആ നിലപാടിന്റെ മൗലികമായ ദൗര്‍ബല്യം തന്നെയാണ് പുറത്ത് കൊണ്ടുവരുന്നത്.
കടപ്പാട്: ഗൂഗിൾ
ഇന്നത്തെ സാമുദായിക ഐക്യം നാളെ വർഗീയതയായി പത്തിവിടര്‍ത്തിയാടുന്നതിന് ഇവിടെയെന്നല്ല, മറ്റെവിടേയും ചരിത്രത്തില്‍ അനുഭവങ്ങള്‍ അനവധിയുണ്ട്. വർഗീയതയോട്, ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും സന്ധിചെയ്യുന്നത്, വിട്ടുവീഴ്‌ച ചെയ്യുന്നത്, കൂടിയാലോചിക്കുന്നത്, കൂടെ കൊണ്ടുനടക്കുന്നത് വർഗീയതയെ ശക്തിപ്പെടുത്തുകയും മതേതര ജനാധിപത്യശബ്ദങ്ങളെ പ്രക്ഷീണമാക്കുകയും ചെയ്യും. മുഹമ്മദലി ജിന്നയെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ പ്രതിനിധിയായി ഗാന്ധിജിയടക്കമുള്ളവര്‍ പരിഗണിച്ചപ്പോള്‍ മതേതര ദേശീയതയുടെ പതാകാവാഹകരും കോണ്‍ഗ്രസുകാരുമായ അബ്ദുല്‍ കലാം ആസാദ് മുതല്‍ അബ്ദുറഹിമാന്‍ സാഹിബ് വരെയുള്ളവരുടെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടത്. പി സി ജോഷിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്‌റ്റ് പാർടിയും ’40‐കളില്‍ ഗാന്ധിയും ജിന്നയും കൂടിക്കാഴ്‌ച നടത്തി പൊതുധാരണയുണ്ടാക്കണമെന്ന് വാദിക്കുകയുമുണ്ടായി. സാമ്രാജ്യവിരുദ്ധ സമര ഐക്യത്തിന് വർഗീയതയോട് സന്ധിചെയ്യണമെന്നും ഐക്യപ്പെടണമെന്നുമുള്ള അന്നത്തെ സിപിഐയുടെ ഈ കാഴ്‌ചപ്പാട് അവര്‍ക്ക് പറ്റിയ രാഷ്‌ട്രീയമായ ഭീമാബദ്ധമാണെന്ന് ‘ഇടത് പക്ഷവും വർഗീയതയും' എന്ന പ്രബന്ധത്തില്‍ മോഹിത് സെന്‍ എഴുതുന്നു. ആര്‍എസ്എസ്സുമായി, ഗാന്ധി കൂടിക്കാഴ്‌ച നടത്തണമെന്ന് കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാല്‍ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി ലീഗ് നേതാവിനെ പരിഗണിച്ച് ചര്‍ച്ച ചെയ്‌ത് പരസ്‌പരം വിട്ടുവീഴ്‌ചകള്‍ ചെയ്‌ത് മുന്നോട്ട് പോകണം എന്നാണ് കമ്യൂണിസ്‌റ്റുകാര്‍ വിവക്ഷിച്ചത്. ആയത് പിഴച്ച നിലപാടായിരുന്നു എന്ന് ബിപിന്‍ ചന്ദ്രയും (Indian Nationalism and Communalism) പറയുന്നുണ്ട്.
ഭഗത് സിങ്, തന്റെ ഗുരുവും വഴികാട്ടിയുമായിരുന്ന ലാല ലജ്പത് റോയ് ഹിന്ദു മഹാസഭയുടെ വക്താവായി വർഗീയവാദിയായി മാറിയപ്പോള്‍, ലജ്പത് റോയിയെ വിമര്‍ശിക്കാനും തുറന്ന് കാട്ടാനും ധീരമായി മുന്നോട്ടുവന്ന സംഭവം ബിപിന്‍ ചന്ദ്ര ഓർമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ‘കൊളോണിയലിസം' പോലെ ‘കമ്യൂണലിസ'വും ഈ രാജ്യത്തിന്റെ ശത്രുവാണെന്നും അവ തമ്മില്‍ ഭേദമില്ലെന്നും, ഒരുകൂട്ടര്‍ രാജ്യം ഭരിച്ചുമുടിക്കുമ്പോള്‍ അപരര്‍ അത് വിഭജിച്ചു നശിപ്പിക്കുന്നുവെന്നും അവരിരുവരോടും സന്ധി സാധ്യമല്ലെന്നു'മുള്ള ഭഗത് സിങ്ങിന്റെ വാക്കുകള്‍ ബിപിന്‍ ചന്ദ്ര ഉദ്ധരിക്കുന്നുമുണ്ട്.
കടപ്പാട്: ഗൂഗിൾ
രാജ്യത്തിന്റെയും ജനതയുടേയും വിമോചനാർഥം വികസിപ്പിക്കുന്ന ഐക്യമുന്നണിയുടെ രാഷ്‌ട്രീയം വിപ്ലവകരമായ കമ്യൂണിസ്‌റ്റ് പ്രയോഗത്തിന്റെ കലയും ശാസ്‌ത്രവുമാണ്. ഇക്കാര്യത്തില്‍ നേടിയ ജയപരാജയങ്ങളുടെ സമ്പന്നമായ അനുഭവം കമ്യൂണിസ്റ്റുകാര്‍ക്കുണ്ട്. 1940‐കളില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഗോപുരാഗ്രംപോലെ കാണപ്പെട്ട സാക്ഷാല്‍ സുഭാഷ് ചന്ദ്രബോസിനെ തന്നെ, ബ്രിട്ടനെതിരായ വിമോചന സമരത്തിന് ജാപ്പ് ഫാസിസവുമായി കൂട്ടുചേര്‍ന്നതിന് തള്ളിപ്പറയാനും വിമര്‍ശിക്കാനും അന്ന് ബാലാരിഷ്ടതകള്‍ തരണം ചെയ്യാത്ത ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പാർടി ഒരു നിമിഷംപോലും ശങ്കിച്ച് നിന്നില്ലായെന്നതും ഇവിടെ സ്മരണീയമാണ്.
സർവേന്ത്യാ ലീഗിനെ മുസ്ലിം ദേശീയതയെ പ്രതിനിധീകരിക്കുന്ന ദേശീയ പാർടിയായും പാകിസ്ഥാന്‍ എന്ന അതിന്റെ മുദ്രാവാക്യം ആ ദേശീയതയുടെ വിമോചനത്തെയാണ് വിളംബരം ചെയ്യുന്നതെന്നും അക്കാലത്ത് കരുതിപ്പോയ കമ്യൂണിസ്‌റ്റ് പാർടിയുടെ ‘പാകിസ്ഥാന് വേണ്ടിയുള്ള ഈ അത്യാനുകമ്പ, മുസ്ലിങ്ങള്‍ക്കിടയില്‍ നമുക്കുള്ള സ്വാധീനം നഷ്ടപ്പെടാനാണ്' ഇടയാക്കിയതെന്ന് മേല്‍പറഞ്ഞ ലേഖനത്തില്‍ മോഹിത് സെന്‍ എഴുതുന്നുണ്ട്. മുഹമ്മദ് ഷഫീഖും ഗുലാം ഹുസൈനും മുസഫര്‍ അഹമ്മദും ഖാസി നസ്‌റൂള്‍ ഇസ്ലാമും അമീര്‍ ഹൈദര്‍ഖാനും ഹസ്‌റത്ത് മൊഹാനിയുമെല്ലാം ജീവിതം സമര്‍പ്പിക്കുകയും, ജീവനെപ്പോലും ത്യജിക്കാന്‍ സന്നദ്ധമാവുകയും ചെയ്‌ത ഒരു പാർടിക്കാണ് ഇത്തരമൊരു വിപര്യയം സംഭവിച്ചത്.!
‘ദേശീയ പ്രശ്‌ന' ത്തെക്കുറിച്ച് സോവിയറ്റ് വിപ്ലവത്തിന്റെ സന്ദര്‍ഭത്തില്‍ ലെനിന്‍ മുന്നോട്ട് വെച്ച ‘ദേശീയതകളുടെ സ്വയം നിർണയാവകാശം' എന്ന സൈദ്ധാന്തിക സങ്കൽപ്പം ഇവിടെയും യാന്ത്രികമായി പ്രയോഗിക്കാന്‍ ശ്രമിച്ചത് സിപിഐക്ക് പറ്റിയ ഗുരുതര പിശകായിരുന്നു. ഒന്നാം ലോകയുദ്ധാനന്തരമുള്ള റഷ്യന്‍ സാഹചര്യവും രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യവും തമ്മിലുള്ള മൗലികമായ വ്യത്യാസം കമ്യൂണിസ്‌റ്റുകാരുടെ കണ്ണില്‍ പെട്ടതേയില്ല! ചെറു ദേശീയതകളോട് വന്‍ ദേശീയത കാട്ടിവരുന്ന മേല്‍കോയ്‌മാ മനോഭാവമാണ് അവിടെയെങ്കില്‍, ഇവിടെ കോളനിവാഴ്‌ചക്കെതിരെ എല്ലാ ദേശീയ ജനതകളുടേയും സമര ഐക്യത്തിന്റെ പ്രശ്‌നമാണ് ഉണ്ടായിരുന്നത്. റഷ്യയില്‍ ദേശീയതകള്‍ക്ക് വേറിട്ടുപോകാനുള്ള സ്വാതന്ത്ര്യമാണ്, ‘സ്വയം നിർണയാവകാശ'മാണ് വേണ്ടിയിരുന്നത്. ഇന്ത്യയില്‍ സാമ്രാജ്യവിരുദ്ധമായ സ്വാതന്ത്ര്യസമരത്തിന്റെ തീയില്‍ ദേശീയതകളുടെ ഐക്യം ഉരുകി ഉറയ്‌ക്കുകയാണ് വേണ്ടത്. പാകിസ്ഥാന്‍ വാദത്തോടുള്ള പാർടി നയത്തിലെ ദൗര്‍ബല്യം, കേരളത്തില്‍, വിശേഷിച്ച് ലീഗിന് സ്വാധീനമുള്ള തെക്കേ മലബാറില്‍, മുസ്ലിം ലീഗ് ശക്തിപ്പെടാനും കമ്യൂണിസ്‌റ്റ് പാർടിയുടെ ജനപിന്തുണ ഇടിയാനും കാരണമായെന്ന അതീവഗൗരവമുള്ള സ്വയം വിമര്‍ശനം ‘കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളര്‍ച്ചയും' എന്ന പുസ്‌തകത്തില്‍ ഇ എം എസ് മുന്നോട്ട് വെക്കുന്നുണ്ട്. അന്ന് ബ്രിട്ടീഷ് വിരുദ്ധമായ സ്വാതന്ത്ര്യസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. ഇന്ന് ഹിന്ദുത്വ ഫാസിസത്തിനെതിരായ വിശാലമുന്നണി കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്‌നമാണുള്ളത്. ആ ഐക്യമുന്നണിക്കകത്തേക്ക് ന്യൂനപക്ഷ വർഗീയതയെ ഒളിച്ചുകടത്തുന്നത് ഇടതുപക്ഷത്തെ പൊതുവിലും കമ്യൂണിസ്‌റ്റ് പാർടിയെ വിശേഷിച്ചും ദുര്‍ബലമാക്കുകയും ക്ഷീണിപ്പിക്കുകയുമാണ് ചെയ്ക എന്ന് തെളിയിക്കുന്ന ചരിത്രാനുഭവങ്ങളില്‍ ചിലതാണ് പരാമര്‍ശിച്ചത്. ഇന്നലെയും ഇന്നും ഇനി നാളെയും ഫാസിസ്‌റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ നട്ടെല്ല് ഇടത് പക്ഷവും അതിന്റെ നെടുനായകത്വം കമ്യൂണിസ്‌റ്റ് പാർടിക്കുമാകാതെ തരമില്ല. അതുകൊണ്ട് ആ നട്ടെല്ല് തകര്‍ക്കുന്ന രാഷ്‌ട്രീയവുമായി ഫാസിസ്‌റ്റ് വിരുദ്ധ ഐക്യത്തിന്റെ പേരില്‍ സന്ധിപ്പെടുക സാധ്യമേയല്ല.
കടപ്പാട്: ഗൂഗിൾ
കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണമെന്ന കാഴ്‌ചപ്പാട് മുന്നോട്ട് വെക്കുന്ന രാഷ്‌ട്രീയ പാർടികള്‍ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണല്ലോ. ന്യൂനപക്ഷം ‘ഹിന്ദുത്വ'യുടെ ശത്രുമുഖ്യരാണെന്നും അവരുടെ എതിര്‍പ്പിന്റെ കുന്തമുന മുസ്ലിം വിരോധമാണെന്നും ഏവര്‍ക്കുമറിയാം. ജമാഅത്തെ ഇസ്ലാമി, മുസ്ലിം ന്യൂനപക്ഷ രാഷ്‌ട്രീയ സംഘടനയാണ്. എന്നാല്‍ ഇവിടെയവര്‍ ന്യൂനപക്ഷത്തെ ഏകീകരിക്കാന്‍ നില്‍ക്കുമ്പോള്‍ ബംഗ്ലാദേശില്‍ അവര്‍ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇവിടെ ന്യൂനപക്ഷ വിരോധം കൊണ്ടുനടക്കുന്ന ‘ഹിന്ദുത്വ'ക്കെതിരായ മുന്നണിക്കകത്ത്, അവിടെ ന്യൂനപക്ഷ വിരുദ്ധ പ്രചാരകരായ ജമാഅത്തെ ഇസ്ലാമിയെ കൂട്ടിച്ചേര്‍ക്കുന്നത് ഫാസിസ്‌റ്റ് വിരുദ്ധ മുന്നണിയെ സ്വയം പരാജയപ്പെടുത്തുന്ന, തകര്‍ക്കുന്ന നീക്കമായി തന്നെ കാണേണ്ടതുണ്ട്.
ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായിരുന്ന രണ്ട് ചിന്താധാരകളെയാണ്, അലിഗര്‍ സ്‌കൂളും ദിയോബന്ദ് സ്‌കൂളും പ്രതിനിധീകരിച്ചത്. ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നുമല്ല, മതനിരപേക്ഷമായ കൊളോണിയല്‍ വിദ്യാഭ്യാസം മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും അങ്ങനെ സമുദായത്തെ പരിഷ്‌കരിക്കാനുമാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ അലിഗര്‍ പ്രസ്ഥാനവുമായി മുന്നോട്ടുവന്നത്. എന്നാല്‍ ആധുനികമോ ആംഗലേയമോ ആയ വിദ്യാഭ്യാസ പദ്ധതിയെ നഖശിഖാന്തം എതിര്‍ക്കുകയാണ് ദിയോബന്ദ് വിഭാഗം ചെയ്‌തത്. അലിഗര്‍ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരായിരുന്നു മുസ്ലിം ലീഗ് സ്ഥാപിച്ചത്. അത് ആദ്യന്തം രാഷ്‌ട്രീയമായി ബ്രിട്ടീഷ് അനുകൂലമായ നിലപാടുകളിലാണ് അടിയുറച്ച് നിന്നത്. ദിയോബന്ദ് വിഭാഗത്തെ പ്രതിനിധീകരിച്ച മൗലാന ഹുസൈന്‍ അഹമ്മദ് മദനി മുതല്‍ അബുല്‍ കലാം ആസാദ് വരെയുള്ളവര്‍ മതപരമായി യാഥാസ്ഥികരും ഒപ്പം ബ്രിട്ടീഷ് വിരുദ്ധരും കോണ്‍ഗ്രസുകാരുമായിരുന്നു.
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ സമയത്ത് നടന്ന ഒരു ബഹുജന ഘോഷയാത്ര
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഈ രണ്ട് ധാരകളേയും തങ്ങള്‍ക്കൊത്തപടി സമന്വയിപ്പിച്ച് കൂടെക്കൂട്ടാനാണ് ശ്രമിച്ച് നോക്കിയത്. അലിഗര്‍ പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ് അനുഭാവം സ്വീകരിച്ചും പരിഷ്‌കരണ വശം പരിത്യജിച്ചും, ദിയോബന്ദ് വിഭാഗത്തിന്റെ സാമ്രാജ്യ വിരോധം തള്ളിക്കളഞ്ഞ് മതയാഥാസ്ഥികത്വം സ്വീകരിക്കുകയും ചെയ്യാനാണ് ലീഗ് ജാഗ്രതപ്പെട്ടത്. പാവപ്പെട്ട മുസ്ലിം ബഹുജനങ്ങളുടെ ജീവിത പ്രാരബ്ധങ്ങളോടോ, അവരുടെ നിഷ്‌കളങ്കമായ മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഹ്വലതകളോടോ ജമാഅത്തും ലീഗും ഒരവസരത്തിലും ഐക്യപ്പെടുകയോ, അതുസംബന്ധിച്ച എന്തെങ്കിലും ഉത്കണ്ഠകള്‍ എപ്പോഴെങ്കിലും പങ്കുവയ്‌ക്കുകയോ ചെയ്‌തതിന് തെളിവില്ല. മൂന്ന് പതിറ്റാണ്ടിലധികം കേരള ഭരണത്തില്‍ മുഖ്യപങ്കുണ്ടായിരുന്ന ലീഗ്, അതില്‍ കാല്‍ നൂറ്റാണ്ട് കാലവും വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നല്‍കാന്‍ അവസരം കിട്ടിയവരാണ്. എന്നാല്‍ സാധാരണ മുസ്ലിങ്ങള്‍ക്ക് പ്രയോജനപ്പെടുംവിധം സര്‍ക്കാര്‍ വിദ്യാലയ ശൃംഖലകള്‍ വികസിപ്പിക്കാനോ, പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനോ യാതൊന്നും ചെയ്യാതെ സമുദായ പ്രമാണിമാരുടെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടത്തിന് കാവല്‍ നില്‍ക്കുകയാണ് ചെയ്‌തത്. സ്വകാര്യമേഖലയില്‍ വിദ്യാലയങ്ങളനുവദിക്കുക, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുക, തസ്‌തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ കലാപരിപാടികളിലാണ് അവര്‍ മുഴുകിയത്. ജമാഅത്തെ ഇസ്ലാമിയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ്. സര്‍ക്കാര്‍, സ്‌കൂളോ ആശുപത്രികളോ, വ്യവസായങ്ങളോ, ഗതാഗത സംവിധാനങ്ങളോ ഒന്നും നടത്താന്‍ ശ്രമിക്കരുതെന്നും അതൊക്കെ സ്വകാര്യമേഖല നോക്കിക്കൊള്ളുമെന്നും പറയുന്ന ‘നവലിബറലിസ'ത്തിന്റെ പാഠപുസ്‌തകം അവര്‍ക്ക് വേദപുസ്‌തകമാണ്.
കര്‍ഷകരുടേയും തൊഴിലാളികളുടേയും ജീവിതത്തിനുമേല്‍ കോർപറേറ്റ് മേല്‍ക്കോയ്‌മ സ്ഥാപിച്ചെടുക്കാനുള്ള ഗൂഢപദ്ധതിയാണ് അപരമത വിദ്വേഷം മുഖമുദ്രയായ ‘ഹിന്ദുത്വ' ക്കുള്ളത്. അതിനോട് ലീഗിനോ ജമാഅത്ത് ഇസ്ലാമിക്കോ വിയോജിപ്പില്ലെന്ന് മാത്രമല്ല, സമ്പൂർണ സമ്മതമാണുള്ളത്. അതുകൊണ്ട് ഫാസിസ്‌റ്റ് വിരുദ്ധവും സുവിശാലവുമായ ഐക്യനിര ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനങ്ങളുടെ ജീവിത സമരങ്ങളുമായി സമരസപ്പെടുകയല്ലാതെ വേറെ വഴിയൊന്നുമില്ല .








0 comments