പാറ്റ് തീക്കാറ്റ്


Sports Desk
Published on Jun 13, 2025, 01:26 AM | 2 min read
ലണ്ടൻ
പാറ്റ് കമ്മിൻസിന്റെ തീക്കാറ്റിൽ ദക്ഷിണാഫ്രിക്കൻ കൂടാരം കത്തിച്ചാമ്പലായി. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 138 റണ്ണിന് പുറത്തായി. ബാറ്റ് ചെയ്യാനായത് 57.1 ഓവർ മാത്രം. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്സിൽ 212 റണ്ണാണ് നേടിയത്. ഓസീസിന് 74 റണ്ണിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. 18.1 ഓവറിൽ 28 റൺ വഴങ്ങി ആറ് വിക്കറ്റെടുത്ത ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസാണ് ആഫ്രിക്കൻ ബാറ്റിങ് നിരയെ ചുട്ടത്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റണ്ണടുത്തിട്ടുണ്ട്. ആകെ ലീഡ് 218 റണ്ണായി.
സ്‌കോർ: ഓസ്‌ട്രേലിയ 212 (56.4), 144/8 (40) ദക്ഷിണാഫ്രിക്ക 138 (57.1)
പേസ് ബൗളർമാർ സംഹാരതാണ്ഡവമാടിയ ലോർഡ്‌സിലെ പിച്ചിൽ രണ്ട് ആഫ്രിക്കൻ ബാറ്റർമാരാണ് പിടിച്ചുനിന്നത്. ഡേവിഡ് ബെഡിങ്ഹാം 111 പന്തിൽ 45 റണ്ണുമായി പൊരുതി. അതിനിടെ ആറ് ഫോറടിച്ചു. ക്യാപ്‌റ്റൻ ടെംബ ബവുമ 84 പന്തിൽ 36 റണ്ണുമായി പ്രതിരോധം തീർത്തു. നാല് ഫോറും ഒരു സിക്‌സറുമടിച്ചു. റ്യാൻ റിക്കിൽട്ടണും (16) കൈൽ വെറെയ്‌നും (13) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ആറ് ബാറ്റർമാർ ഒറ്റയക്കത്തിൽ മടങ്ങി. എയ്‌ദൻ മാർക്രം (0), വിയാൻ മുൾഡർ (6), ടിസ്‌റ്റൺ സ്‌റ്റബ്‌സ് (2), മാർകോ ജാൻസെൻ (0), കേശവ് മഹാരാജ് (7), കഗീസോ റബാദ (1) എന്നിവർ പേസ് ബൗളിങ്ങിന്റെ കരുത്തറിഞ്ഞു. കമ്മിൻസിന് പിന്തുണയുമായി മിച്ചെൽ സ്‌റ്റാർക്ക് രണ്ട് വിക്കറ്റെടുത്തു. ജോഷ് ഹാസിൽവുഡിന് ഒരു വിക്കറ്റുണ്ട്.
ദക്ഷിണാഫ്രിക്കയുടെ അവസാന അഞ്ച് വിക്കറ്റുകൾ 5.4 ഓവറിൽ നിലംപതിച്ചു. അതിനിടെ 12 റണ്ണാണ് നേടാനായത്. തലേദിവസത്തെ സ്‌കോറായ 43/4ന് കളി തുടങ്ങിയ ആഫ്രിക്കൻ ബാറ്റർമാർ കൂട്ടിച്ചേർത്തത് 96 റണ്ണാണ്.
രണ്ടാം ദിവസം 14 വിക്കറ്റ് വീണു. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിൽ 43 റണ്ണെടുത്ത അലക്‌സ് കാരിയാണ് ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാദയും ലുങ്കി എൻഗിഡിയും മൂന്ന് വിക്കറ്റെടുത്തു.
കമ്മിൻസ് 300*
ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസ് ടെസ്‌റ്റ് ക്രിക്കറ്റിൽ 300 വിക്കറ്റ് തികച്ചു. കഗീസോ റബാദയുടെ വിക്കറ്റെടുത്താണ് പേസ് ബൗളർ നാഴികക്കല്ല് താണ്ടിയത്. ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ബൗളറാണ്. പതിനാലാം തവണയാണ് അഞ്ച് വിക്കറ്റോ അതിലധികമോ നേടുന്നത്. ആറ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെയാണ് പുറത്താക്കിയത്. ഏഴ് ഓസീസ് ബൗളർമാരാണ് ഇതിനുമുമ്പ് 300 കടന്നത്. ഷെയ്‌ൻ വാൺ 708, ഗ്ലെൻ മക്‌ഗ്രാത്ത് 563, നതാൻ ല്യോൺ 553, മിച്ചെൽ സ്‌റ്റാർക്ക് 382, ഡെന്നിസ് ലില്ലി 355, മിച്ചെൽ ജോൺസൺ 313, ബ്രെറ്റ്‌ലി 310 എന്നിവരാണ് കടമ്പ താണ്ടിയവർ. ലോക ക്രിക്കറ്റിൽ 39 ബൗളർമാർ 300 വിക്കറ്റ് നേടിയിട്ടുണ്ട്. 800 വിക്കറ്റുള്ള ശ്രീലങ്കൻ സ്‌പിന്നർ മുത്തയ്യ മുരളീധരനാണ് ഒന്നാമത്.








0 comments