ടെസ്റ്റാഫ്രിക്ക


Sports Desk
Published on Jun 15, 2025, 01:51 AM | 2 min read
ലോർഡ്‌സ്
ക്രിക്കറ്റിന്റെ കളിത്തട്ടായ ലോർഡ്‌സിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് പുതുപ്പിറവി. പ്രതാപശാലികളായ ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടമുയർത്തിയപ്പോൾ ചരിത്രം വഴിമാറിനിന്നു. രണ്ടര പതിറ്റാണ്ടിലേറെയായി തുടരുന്ന ശൂന്യത ഒറ്റ ജയംകൊണ്ട് അവസാനിപ്പിച്ചു. ഒന്നാം ഇന്നിങ്‌സിൽ 74 റൺ ലീഡ് വഴങ്ങിയ ശേഷമായിരുന്നു അവിശ്വസനീയ തിരിച്ചുവരവ്.
ആദ്യ രണ്ട് ദിനവും പേസർമാരെ കനിഞ്ഞനുഗ്രഹിച്ച ലോർഡ്‌സിലെ പിച്ച് മൂന്നാംനാൾതൊട്ട് ബാറ്റർമാരെ തുണച്ചതും ദക്ഷിണാഫ്രിക്കയുടെ നേട്ടത്തിൽ പ്രധാന ഘടകമായി. രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറിയും ആകെ രണ്ട് വിക്കറ്റും നേടിയ എയ്‌ദൻ മാർക്രമാണ് (136) വിജയശിൽപ്പി. ക്യാപ്‌റ്റൻ ടെംബ ബവുമയും (66) ജയത്തിന്റെ അമരത്തുണ്ടായി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 147 റൺ കൂട്ടുകെട്ട് ആഫ്രിക്കയെ ചാമ്പ്യൻമാരാക്കി.
തുടർച്ചയായ രണ്ടാം ട്രോഫി സ്വപ്നം കണ്ടെത്തിയ പാറ്റ് കമ്മിൻസിന്റെ ഓസീസിനായിരുന്നു കലാശപ്പോരിന്റെ ആദ്യപകുതിയിൽ മേൽക്കൈ. ഒന്നാം ഇന്നിങ്‌സിൽ 212ന് പുറത്തായ നിലവിലെ ജേതാക്കൾ എന്നാൽ എതിരാളികൾക്ക് തക്കമറുപടി നൽകി. ദക്ഷിണാഫ്രിക്കയെ 138 റണ്ണിന് കൂടാരം കടത്തി. ഒപ്പം 74 റണ്ണിന്റെ മാറ്റേറിയ ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സിൽ 207 റണ്ണിന് പുറത്തായെങ്കിലും ബൗളർമാർ വാണ കളത്തിൽ 282 റണ്ണിന്റെ വിജയലക്ഷ്യം ഉയർത്തി ആത്മവിശ്വാസത്തോടെ പിരിഞ്ഞു. എല്ലാം അനായാസമാകുമെന്ന കണക്കുകൂട്ടലുമായി പന്തെറിയാനെത്തിയ ഓസീസിന് തെറ്റി. പിച്ചിന്റെ സ്വഭാവം പാടെ മാറി. പന്ത് എളുപ്പത്തിൽ ബാറ്റിലേക്ക് വരാൻ തുടങ്ങി. ഇത് മുതലെടുത്ത് ദക്ഷിണാഫ്രിക്ക പിടിച്ചുകയറി. മാർക്രം ആധിപത്യത്തോടെ ബാറ്റ് വീശി. ബവുമയെ തുടക്കം വിട്ടുകളഞ്ഞതിന് ഓസീസിന് വിലകൊടുക്കേണ്ടിവന്നത് കിരീടമാണ്.
നാലാംദിനം എട്ട് വിക്കറ്റ് ശേഷിക്കെ 69 റൺ തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് നാല് റൺ ചേർക്കുന്നതിനിടെ ബവുമയെ നഷ്ടമായി. ഓസീസുകാർ ആഘോഷിച്ചെങ്കിലും പക്ഷേ ഇതൊന്നും ജയത്തിലേക്കുള്ള മുന്നേറ്റത്തിന് തടസ്സമായില്ല. ട്രിസ്റ്റ്യൻ സ്റ്റബ്‌സും (8) വേഗം മടങ്ങി.
ജയിക്കാൻ ആറ് റൺ മതിയായിരുന്നപ്പോളാണ് കളിയിലെ താരമായ മാർക്രം പുറത്തായത്. 207 പന്തിൽ 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് വലംകൈയന്റെ 136 റൺ. ഡേവിഡ് ബെഡിങ്‌ഹാമും (21) കൈൽ വെറെയ്‌നും (4) പുറത്തായില്ല.
27 വർഷത്തിനുശേഷം ഐസിസി ട്രോഫി
കാത്തിരുന്ന് ദക്ഷിണാഫ്രിക്ക ഇനി കണ്ണീർ പൊഴിക്കേണ്ട. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് നേട്ടത്തോടെ അവസാനിപ്പിച്ചത് നീണ്ട 27 വർഷത്തെ കാത്തിരിപ്പ്. 1998ൽ ചാമ്പ്യൻസ് ട്രോഫിയാണ് ആദ്യമായും അവസാനമായും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഉയർത്തിയ ഏക ഐസിസി കിരീടം. ഇന്റർനാഷണൽ കപ്പെന്നും ഐസിസി നോക്കൗട്ട് ട്രോഫി എന്നുമായിരുന്നു ടൂർണമെന്റ് അന്നറിയപ്പെട്ടത്. പിന്നീട് ലോകകപ്പിലും ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം നിരാശയായിരുന്നു. മികച്ച സംഘവുമായി എത്തി നിരാശയോടെ മടങ്ങുന്നത് പതിവാക്കി. വനിതാ ടീമിനും ഇതേ അവസ്ഥയായിരുന്നു.
ചാമ്പ്യൻസ് ട്രോഫിയിൽ 1998നുശേഷം അഞ്ച് തവണ സെമിയിൽ എത്തിയെങ്കിലും മുന്നേറാനായില്ല. ഏകദിന ലോകകപ്പിലും ഇത്രതന്നെ തവണ അവസാന നാലിൽ ഉൾപ്പെട്ടു. ട്വന്റി 20യിൽ കഴിഞ്ഞ തവണ ഇന്ത്യയോട് ഫൈനലിൽ തോറ്റു. രണ്ട് വട്ടം സെമിയും കളിച്ചു. 2014ൽ അണ്ടർ 19 ലോകകപ്പ് നേടിയിരുന്നു. എയ്ദെൻ മാർക്രമായിരുന്നു അന്ന് ക്യാപ്റ്റൻ.








0 comments