ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫെെനൽ: ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 69 റൺ

അരികെ ആഫ്രിക്ക

south africa

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ബവുമയുടെ ക്യാച്ച് ഓസീസ് താരം സ്--മിത്ത് (ചിത്രത്തിലില്ല) നഷ്ടപ്പെടുത്തിയപ്പോൾ ബൗളർ സ്റ്റാർക്കിന്റെ നിരാശ

avatar
Sports Desk

Published on Jun 14, 2025, 12:32 AM | 2 min read


ലണ്ടൻ

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ദക്ഷിണാഫ്രിക്ക ഇന്ന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ലോക ചാമ്പ്യൻമാരാകും. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിൽ രണ്ട്‌ ദിവസവും എട്ട്‌ വിക്കറ്റും ശേഷിക്കെ ആദ്യ ലോകകിരീടത്തിന്‌ 69 റൺ മതി. തകർപ്പൻ സെഞ്ചുറിയുമായി എയ്‌ദൻ മാർക്രവും (102) അർധസെഞ്ചുറിയുമായി ക്യാപ്‌റ്റൻ ടെംബ ബവുമയും (65) ക്രീസിലുണ്ട്‌. ജയിക്കാൻ 282 റൺ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 213 റണ്ണെടുത്തു.


സ്‌കോർ: ഓസീസ്‌ 212, 207 ദക്ഷിണാഫ്രിക്ക 138, 213/2


ആദ്യ രണ്ട്‌ ദിവസത്തിൽനിന്ന് വ്യത്യസ്‌തമായി ലോർഡ്‌സിലെ പിച്ച്‌ ബാറ്റർമാർക്ക്‌ അനുകൂലമായതോടെയാണ്‌ കളി മാറിമറിഞ്ഞത്‌. റ്യാൻ റിക്കിൽട്ടൺ (6), വിയാൻ മുൾഡർ (27) എന്നിവരുടെ വിക്കറ്റാണ്‌ നഷ്‌ടമായത്‌. മിച്ചെൽ സ്റ്റാർക്കിനാണ് രണ്ട് വിക്കറ്റും. 18–ാം ഓവറിൽ 70/2 എന്ന സ്കോറിൽനിന്നാണ് മാർക്രവും ബവുമയും പൊരുതികയറിയത്. 38.2 ഓവറിൽ നേടിയ 143 റൺ വിജയത്തിലേക്കുള്ള യാത്രയിൽ ഊർജമായി. രണ്ട്‌ റണ്ണിൽ നിൽക്കുമ്പോൾ സ്‌റ്റീവ്‌ സ്‌മിത്ത്‌ ബവുമയെ വിട്ടുകളഞ്ഞതിന്‌ ഓസീസ്‌ വലിയ വിലകൊടുക്കേണ്ടിവന്നു.


മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ അവസാന വിക്കറ്റിൽ ഓസ്‌ടേലിയൻ പേസ്‌ ബൗളർമാരായ മിച്ചെൽ സ്‌റ്റാർക്കും ജോഷ്‌ ഹാസെൽവുഡും ബാറ്റുകൊണ്ട്‌ പ്രതിരോധക്കോട്ട കെട്ടിയതാണ്‌ കളി നീട്ടിയത്‌. 22.2 ഓവർ ചെറുത്ത്‌ ഇരുവരും ചേർന്നെടുത്ത 59 റൺ ഓസീസിന്റെ രണ്ടാം ഇന്നിങ്സ്‌ സ്‌കോർ 200 കടത്തി. ഇരുപത്തഞ്ചാം ഓവറിൽ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 73 റണ്ണിലേക്ക്‌ തകർന്നടിഞ്ഞ ഓസീസിനെ വിക്കറ്റ്‌കീപ്പർ അലക്‌സ്‌ കാരി 50 പന്തിൽ നേടിയ 43 റണ്ണാണ്‌ രക്ഷപ്പെടുത്തിയത്‌. 136 പന്ത്‌ നേരിട്ട സ്‌റ്റാർക്ക്‌ 58 റണ്ണുമായി പുറത്താവാതെനിന്നു. ഹാസിൽവുഡ്‌ 53 പന്തിൽ 17 റണ്ണെടുത്തു. എട്ടിന്‌ 144 എന്ന സ്‌കോറിൽ ബാറ്റിങ് തുടങ്ങിയ ഓസീസ്‌ 63 റണ്ണുകൂടി ചേർത്തു. അതോടെ ആകെ ലീഡ്‌ 281 റൺ. ഓസീസിന്‌ ഒന്നാം ഇന്നിങ്സിൽ 74 റൺ ലീഡുണ്ടായിരുന്നു.


ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ കഗീസോ റബാദ ഫോം തുടർന്നു. രണ്ടാം ഇന്നിങ്സിലെ നാലെണ്ണമടക്കം വലംകൈയൻ പേസർക്ക്‌ ഒമ്പത്‌ വിക്കറ്റായി. ലുങ്കി എൻഗിഡി മൂന്ന്‌ വിക്കറ്റെടുത്തു.


ദക്ഷിണാഫ്രിക്ക ജയിച്ചാൽ അവരുടെ രണ്ടാം ഐസിസി കിരീടമാകും. 1998ൽ ചാമ്പ്യൻസ്‌ട്രോഫി നേടിയശേഷം ഒറ്റ കിരീടവുമില്ല. കഴിഞ്ഞവർഷം ട്വന്റി 20 ലോകകപ്പ്‌ ഫൈനലിൽ ഇന്ത്യയോട്‌ തോറ്റു.



deshabhimani section

Related News

View More
0 comments
Sort by

Home